സ്വന്തമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള പദ്ധതിയിലാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസഷൻ (ഇസ്രോ). ഗഗൻയാൻ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി നിർമിച്ച ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബർ 21 ശനിയാഴ്ച നടക്കാനിരിക്കുകയാണ്. രാവിലെ ഏഴ് മണിക്കാണ് വിക്ഷേപണം, ടി.വി-ഡി1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തിൽ വിക്ഷേപണത്തിനിടെയുള്ള അടിയന്തിര ഘട്ടങ്ങളിൽ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള ക്രൂ എസ്കേപ്പ് സംവിധാനത്തിന്റെ ക്ഷമതയാണ് പരിശോധിക്കുക.
വിവിധ പ്ലാറ്റ്ഫോമുകളിൽ ഈ പരീക്ഷണ വിക്ഷേപണത്തിന്റെ തത്സമയ സ്ട്രീമിങ് നടത്തും. ഇസ്രോയുടെ ഫേസ്ബുക്ക്, യൂട്യൂബ്, വെബ്സൈറ്റ് എന്നിവിടങ്ങളിൽ തത്സമയ സ്ട്രീമിങ് ഉണ്ടാവും. ഡി.ഡി നാഷണൽ ചാനലിലും തത്സമയ സംപ്രേഷണം ഉണ്ടാവും.
ലിക്വിഡ് പ്രൊപ്പലന്ന് അധിഷ്ടിത റോക്കറ്റ് ഉപയോഗിച്ചുള്ള റോക്കറ്റിലാണ് ക്രൂ മോഡ്യള വിക്ഷേപിക്കുക. നിശ്ചിത ഉയരത്തിൽ നിന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന പേടകം ഇന്ത്യൻ നാവികസേനയുടെ പിന്തുണയോടെ തിരിച്ചെടുക്കും.
ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തിന് പിന്നാലെയാണ് ഇന്ത്യ മറ്റൊരു സുപ്രധാന ബഹിരാകാശ ദൗത്യത്തിനൊരുങ്ങുന്നത്. ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ 2035ൽ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040 ൽ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അതനുസരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും പ്രധാനമന്ത്രി ഇവയിൽ നിന്നും പ്രതിനിധികൾക്ക് നിർദേശം നൽകിയിരുന്നു.
ബഹിരാകാശ നിലയം സാധ്യമാകണമെങ്കിലും ചാന്ദ്രയാത്ര സാധ്യമാകണമെങ്കിലും ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള സാങ്കേതിക ശേഷി തങ്ങൾക്കുണ്ടെന്ന് ഇസ്രോ തെളിയിക്കേണ്ടതുണ്ട്. ഗഗൻയാൻ ദൗത്യത്തിന്റെ പ്രാധാന്യം അതാണ്. മൂന്ന് ദിവസത്തെ ദൗത്യത്തിനായി മനുഷ്യരെ 400 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിക്കാനും അവരെ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കാനുമാണ് ഗഗൻയാൻ ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
സഞ്ചാരികൾക്ക് യാത്ര ചെയ്യുന്നതിനായി തയ്യാറാക്കിയ ക്രൂ കാപ്സ്യൂളിൻ്റെയും മറ്റ് വിക്ഷേപണ സംവിധാനങ്ങളുടേയും ആദ്യ വിക്ഷേപണമാണ് ശനിയാഴ്ച നടക്കുന്നത്. ഒരു വികാസ് എഞ്ചിൻ മാത്രം ഉപയോഗിച്ചുള്ള ഒരു സിംഗിൾ സ്റ്റേജ് വിക്ഷേപണ വാഹനമാണ് ശനിയാഴ്ച ഉപയോഗിക്കുക. ചന്ദ്രയാൻ-3യ്ക്കായി ഉപയോഗിച്ച ലോഞ്ച് വെഹിക്കിൾ മാർക്ക്-3 ആണ് യഥാർത്ഥ ഗഗൻയാൻ ദൗത്യത്തിനും ഉപയോഗിക്കുക.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു