ലളിതസുന്ദരമായ ഈണങ്ങളിലൂടെ മലയാളികളുടെ സംഗീതബോധത്തില്‍ ചിരപ്രതിഷ്ഠ നേടിയ കെ.രാഘവന്‍മാസ്റ്ററുടെ പേരില്‍, സംഗീത രംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്കി വരുന്ന 2023 ലെ പുരസ്‌കാരത്തിന് പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ പി.ആര്‍.കുമാരകേരളവര്‍മ്മയെ തെരഞ്ഞെടുത്തു.50,000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് കെ.രാഘവന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ സംഗീത കലാപഠന ഗവേഷണ കേന്ദ്രം നല്കുന്ന പുരസ്‌കാരം.
ശ്രീകുമാരന്‍ തമ്പി, വിദ്യാധരന്‍മാസ്‌റര്‍,പി.ജയചന്ദ്രന്‍ എന്നിവര്‍ക്കായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം. പാറശ്ശാല രവി,ഡോ. വി.കെ.അനുരാധ, ആനയടി പ്രസാദ് എന്നിവരടങ്ങുന്ന സമിതിയാണ് ഈ വര്‍ഷത്തെ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
പതിമൂന്നാമത്തെ വയസ്സില്‍ ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആദ്യ കച്ചേരി നടത്തിയ കുമാരവര്‍മ്മയുടെ ഗുരുനാഥന്‍മാര്‍ വെച്ചുര്‍ ഹരിഹര സുബ്രമണ്യയ്യര്‍, മാവേലിക്കര പ്രഭാകരവര്‍മ്മ എന്നിവരാണ്. സ്വാതി തിരുന്നാള്‍ സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം, സംഗീത വിദ്വാന്‍, ഗാനപ്രവീണ പാസ്സായി. ഡോ.ശെമ്മങ്കുടി ശ്രീനിവാസ അയ്യരില്‍നിന്ന് ഉപരിപഠനംനടത്തി.സ്വാതി തിരുന്നാള്‍ സംഗീത കോളേജില്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹം പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജില്‍ നിന്ന് പ്രിന്‍സിപ്പാളായി റിട്ട യര്‍ ചെയ്തു.
1993 ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡും 2017 ല്‍ അക്കാഡമി ഫെലോഷിപ്പും ലഭിച്ചു.
1962 ല്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കള്‍ച്ചറല്‍ സ്‌കോളര്‍ഷിപ്പിന് അഖിലേന്ത്യാതലത്തില്‍ കേരളത്തില്‍ നിന്ന് തെരഞ്ഞെടുത്തു.ഇന്ത്യയില്‍ വിവിധ സര്‍വ്വകലാശാലകളില്‍ കര്‍ണ്ണാടക സംഗീത പരീക്ഷാവിഭാഗത്തില്‍ സേവനമനുഷ്ഠിച്ചു. മുത്തുസ്വാമിദീക്ഷിതര്‍, ത്യാഗരാജ സ്വാമികള്‍, ശ്യാമാശാസ്ത്രികള്‍ എന്നിവരുടെ കൃതികള്‍ ചിട്ടപ്പെടുത്തി ഭാഷാ ഇന്‍സ്റ്റ്യൂട്ട് പ്രസിദ്ധീകരിച്ചു. സംഗീത സംബന്ധമായ നിരവധി ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍എഴുതി.
രാഘവന്‍മാസ്റ്ററുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ 2019 ല്‍ കെ.പി.എ.സി യാണ് ഫൗണ്ടേഷന് രൂപം നല്കുന്നത്. കോഴിക്കോടാണ് ഫൗണ്ടേഷന്റെ ആസ്ഥാനം. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ പ്രസിഡണ്ട് വി.ടി.മുരളി, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ആനയടിപ്രസാദ്, വെലായുധന്‍ ഇടച്ചേരിയന്‍ എന്നിവര്‍ പങ്കെടുത്തു. രാഘവന്‍ മാസ്റ്ററുടെ ഓര്‍മ്മദിനമായ ഒക്ടോബര്‍ 19 ന് അദ്ദേഹത്തിന്റെ ജന്മനാടായ തലശ്ശേരിയില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം, സംഗീതവിരുന്ന് തുടങ്ങിയ പരിപാടികള്‍ ജനകീയ പങ്കാളിത്വത്തോടെ ഫൗണ്ടേഷന്‍ ഒരുക്കുന്നുണ്ട്. നവമ്പര്‍ മദ്ധ്യവാരം തിരുവനന്തപുരത്തുവെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു