96ാം വയസില്‍ പരീക്ഷയില്‍ ഒന്നാം റാങ്ക്; നാരീശക്തി പുരസ്‌കാര ജേതാവ് കാര്‍ത്യായനി അമ്മ വിടപറഞ്ഞു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നാരീശക്തി പുരസ്‌കാര ജേതാവ് കാര്‍ത്യായനി അമ്മ വിടപറഞ്ഞു. 101 വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് ഹരിപ്പാട് ചേപ്പാട് വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു കാര്‍ത്യായനി അമ്മ. 96-ാം വയസ്സില്‍ സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് കാര്‍ത്യായനി അമ്മ കേരളത്തിന്റെ അഭിമാനമായി മാറിയത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് കാര്‍ത്യായനി അമ്മയ്ക്ക് മെറിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 2017-ലെ അക്ഷര ലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്കോടെ പാസായതാണ് കാര്‍ത്ത്യായനിയമ്മയെ പ്രശസ്തയാക്കിയത്. കാര്‍ത്ത്യായനിയമ്മയെ തേടി 2018-ലെ നാരീശക്തി പുരസ്‌കാരവും എത്തി. സാക്ഷരതാമിഷന്റെ ഏഴാംക്ലാസ് തുല്യതാപരീക്ഷ എഴുതാന്‍ പഠിക്കുമ്പോഴാണ് പക്ഷാഘാതത്തെത്തുടര്‍ന്ന് കിടപ്പിലായത്.

ഏഴാം ക്ലാസിനുശേഷം പത്താംതരം തുല്യത എഴുതി ജയിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് കാര്‍ത്ത്യായനിയമ്മ വിടപറഞ്ഞത്. ചേപ്പാട് മുട്ടം സ്വദേശിയായ കാര്‍ത്ത്യായനിയമ്മ 96-ാം വയസ്സില്‍ അക്ഷരം പഠിച്ചുതുടങ്ങുന്നത്.

ആദ്യ പരീക്ഷയില്‍ത്തന്നെ നാല്‍പ്പതിനായിരത്തോളംപേരെ പിന്തള്ളി 98 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. അക്ഷരം പഠിച്ചതിനു പിന്നാലെ കംപ്യൂട്ടര്‍ പഠിക്കാനും ആഗ്രഹമുണ്ടെന്ന് പറഞ്ഞതിനു പിന്നാലെ അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഇടപെട്ട് ലാപ്‌ടോപ് സമ്മാനിച്ചിരുന്നു

കാർത്യായനിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

സാക്ഷരതാ മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് കാർത്യായനിയമ്മയായിരുന്നു.

നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്കാരം കാർത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോൾ പറഞ്ഞിരുന്നു. പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാർത്യായനിയമ്മ പറഞ്ഞിരുന്നത്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് ആ വാക്കുകളിൽ ഉണ്ടായിരുന്നത്. നാരീശക്തി പുരസ്കാരം വാങ്ങിയ ശേഷവും പുരസ്കാരവുമായി നേരിട്ട് കാണാൻ വന്നിരുന്നു.

കുട്ടിക്കാലം മുതൽ അധ്വാനിച്ച് കുടുംബം പോറ്റേണ്ടി വന്നതിനാൽ ഇത്രയും കാലമായിട്ടും പഠനത്തിന്റെ വഴിയിൽ വരാൻ പറ്റാതിരുന്ന അവർ, ഒരവസരം കിട്ടിയപ്പോൾ, പ്രായം വകവെയ്ക്കാതെ, അതിന് സന്നദ്ധയായത് നൂറുകണക്കിന് സ്ത്രീകൾക്കാണ് പ്രചോദനമായത്.

കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മ. ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha