വളർത്ത് പക്ഷികളെയും മൃഗങ്ങളെയും വാങ്ങുന്നത് ഈ കാലഘട്ടത്തിൽ കൂടിവരുന്നതായി കാണുന്നുണ്ട്. വലിയ പണം നൽകിയാണ് ഇവയെ പലരും വാങ്ങുന്നത്. തങ്ങളുടെ കുടുംബത്തോടൊപ്പം ചേർത്ത് ഓമനിച്ച് വളർത്തുന്ന ഇത്തരം വളർത്തു മൃഗങ്ങളുടെ പല വിഡിയോകളും സോഷ്യൽ മീഡിയകളിൽ കാണാൻ സാധിക്കും. അത്തരത്തിൽ കൂടുതൽ പണം കൊടുത്ത് വാങ്ങിയ ഒരു പക്ഷി പറന്നുപോവുകയും വീണ്ടും വിൽക്കപ്പെടുകയും ഒടുവിൽ മുൻ ഉടമയുടെ കയ്യിൽ തന്നെ തിരികെ എത്തുകയും ചെയ്ത ഒരു സംഭവമാണ് ഇപ്പോൾ വാർത്തയാവുന്നത്.
ഹൈദരാബാദ് നിന്നുള്ള ഒരാൾ 1.3 ലക്ഷം രൂപ കൊടുത്ത് ഓസ്ട്രേലിയയിൽ നിന്നും ഇറക്കുമതി ചെയ്ത ഓസ്‌ട്രേലിയൻ ഗാല കോക്കറ്റൂ എന്ന പക്ഷി ആണ് ഉടമയുടെ അടുത്ത് നിന്നും പറന്നു പോയത്. കോഫി ഷോപ്പ് നടത്തുന്ന ജൂബിലി ഹിൽസ് റോഡ് നമ്പർ -44 ലെ നരേന്ദ്ര ചാരി ഓസ്‌ട്രേലിയയിൽ നിന്നും ഇറക്കുമതി ചെയ്തതായിരുന്നു ഈ പക്ഷിയെ. എന്നാൽ,സപ്തംബർ 22 -ന് നരേന്ദ്ര ഭക്ഷണം കൊടുക്കവേ പക്ഷി കൂട്ടിൽ നിന്നും പറന്നുപോയി. ഒരു ദിവസം മൊത്തം പരിസരപ്രദേശങ്ങളിൽ പക്ഷിയെ അന്വേഷിച്ചിട്ടും കണ്ടെത്താൻ സാധിചില്ല. തുടർന്ന് നരേന്ദ്ര പൊലീസിൽ പരാതി നൽകി. പക്ഷിയുടെ ചിത്രത്തിനൊപ്പം തന്നെ അതിനെ ഇറക്കുമതി ചെയ്തതിന്റെ രേഖകളും , അതിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളും അദ്ദേഹം പൊലീസിന് കൊടുത്തിരുന്നു. എന്നാൽ വളരെ യാദൃച്ഛികമായി പക്ഷിസ്നേഹിയായ സയ്ദ് മുജാഹിദ് എന്നൊരാൾ തന്റെ വാട്ട്സാപ്പ് സ്റ്റോറിയായി ഇതേ പക്ഷിയുടെ ചിത്രം പങ്ക് വച്ചത് ഒരു പക്ഷി കച്ചവടക്കാരനിൽ നിന്നും പൊലീസിന് കിട്ടി.
അതേസമയം 70000 രൂപയ്ക്ക് പക്ഷിയെ വിൽപ്പനയ്ക്ക് വച്ചിരിക്കുകയായിരുന്നു സയ്ദ്. ചോദ്യം ചെയ്യലിൽ മറ്റൊരു പക്ഷികച്ചവടക്കാരനിൽ നിന്നും 50,000 രൂപയ്ക്ക് വാങ്ങിയതാണ് താൻ ഈ പക്ഷിയെ എന്നായിരുന്നു സയ്ദ് പറഞ്ഞത്. സയ്ദിന് പക്ഷിയെ വിറ്റ കച്ചവടക്കാരൻ അയാളോട് പറഞ്ഞതാവട്ടെ താനിത് 30,000 രൂപയ്ക്ക് മറ്റൊരു പക്ഷി കച്ചവടക്കാരനിൽ നിന്നും വാങ്ങിയതാണ് എന്നും. എന്തായാലും പൊലീസിൽ പരാതി നൽകി 24 മണിക്കൂറിനകം ഉടമയ്ക്ക് തന്റെ പക്ഷിയെ തിരികെ കിട്ടി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു