ഒടുവള്ളിത്തട്ട്: മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയകേന്ദ്രമായി കാൽനൂറ്റാണ്ട് പിന്നിട്ട ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരില്ല. ആവശ്യമുള്ളത് എട്ട് ഡോക്ടർമാരെയാണ്. നിലവിൽ മൂന്നുപേർ മാത്രമാണ് ഉള്ളത്. നഴ്സുമാർ എട്ടുപേർ വേണ്ടിടത്ത് നാലുപേർ മാത്രം. ദിവസേന 500-ലധികം രോഗികൾ എത്തുന്ന ആസ്പത്രിയാണിത്.
താലൂക്ക് ആസ്പത്രിയായി ഉയർത്താവുന്ന അടിസ്ഥാന സൗകര്യങ്ങൾ എല്ലാമുണ്ടിവിടെ. ഉദയഗിരി, മണക്കടവ്, തേർത്തല്ലി, നടുവിൽ, ചെങ്ങളായി, ചപ്പാരപ്പടവ്, കുടിയാന്മല എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഒടുവള്ളിത്തട്ട് സി.എച്ച്.സി.ക്ക് കീഴിലാണ്.
താലൂക്ക് ആസ്പത്രിയാക്കണം
കിഴക്കൻ മലയോര ജനതയുടെ ചികിത്സാസൗകര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1981-ൽ ആരംഭിച്ച പ്രാഥമികാരോഗ്യകേന്ദ്രത്തെ 2008-ൽ ആണ് സി.എച്ച്.സി. ആയി ഉയർത്തിയത്.
നിലവിൽ ഒടുവള്ളിത്തട്ട് സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ആളുകൾ താലൂക്ക് ആശുപത്രിയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത് 30 കിലോമീറ്ററിലധികം യാത്രചെയ്ത് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിയാണ്. ആവശ്യമായ ജീവനക്കാർ ഇല്ലന്നതൊഴിച്ചാൽ ഒടുവള്ളിത്തട്ട് സി.എച്ച്.സി.യിൽ ഭൗതിക സൗകര്യങ്ങൾ എല്ലാമുണ്ട്.
പുതുതായി രണ്ട് കെട്ടിടങ്ങൾ കൂടി
ആസ്പത്രിയുടെ പ്രവർത്തനങ്ങൾക്കായി പുതുതായി നിർമിച്ച രണ്ട് കെട്ടിടങ്ങൾ ഉദ്ഘാടനം കാത്ത് കിടക്കുന്നു.
കോവിഡ് പോലെയുള്ള അടിയന്തര സാഹചര്യം നേരിടാനും മറ്റ് ആവശ്യങ്ങൾക്കുമായി നിർമിച്ച കെട്ടിടങ്ങളാണ് ഇവ.
കിഫ്ബി ഫണ്ട്, എം.എൽ.എ. ഫണ്ട് എന്നിവയിൽനിന്നും 1.79 കോടി ചെലവഴിച്ച് നിർമിച്ച ഐസൊലേഷൻ വാർഡ്, നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടിൽനിന്ന് 1.36 കോടി രൂപ ചെലവഴിച്ച് കിടത്തിച്ചികിത്സയ്ക്കായി നിർമിച്ച കെട്ടിടവുമാണിത്.
ഇതിന് പുറമെ വികസനപ്രവർത്തനങ്ങൾക്കായി നബാർഡ് രണ്ടരക്കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു