ഇരിക്കൂർ നിയോജക മണ്ഡലത്തിന്റെ വികസനം ലക്ഷ്യമാക്കി സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികളുടെ ആസൂത്രണത്തിനായുള്ള ഇരിക്കൂർ ടൂറിസം ആൻഡ് ഇന്നൊവേഷന്റെ ഓഫീസ് ശ്രീകണ്ഠപുരത്ത് ആരംഭിച്ചു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ടൂറിസം മേഖലയിലെ ഉന്നമനത്തിനായി ഇരിക്കൂർ ടൂറിസം ആൻഡ് ഇന്നൊവേഷൻ കൗൺസിൽ ഇതിനോടകം ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു.
കഴിഞ്ഞ വർഷം പൈതൽമലയിൽ വച്ചു നടത്തിയ ഇൻവെസ്റ്റേഴ്സ് മീറ്റിൽ രാജ്യത്തിനകത്തും പുറത്തുള്ള ധാരാളം നിക്ഷേപകർ പങ്കെടുക്കുകയും പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചിലതെല്ലാം ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസമേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത ദിശാ ദർശൻ പദ്ധതിയിലൂടെ ഒട്ടനവധി ക്രിയാത്മക ഇടപെടൽ ഈ മേഖലയിൽ നടത്താൻ കഴിഞ്ഞതായും ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട് ഇരിക്കൂർ ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷനൽ സെന്ററിന്റെ പ്രവർത്തനം ആസൂത്രണം ചെയ്തു വരികയാണെന്നും സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.
ഐടിമേഖലയിലെ വിദ്യാസമ്പന്നർക്ക് ഇവിടെ തന്നെ സംരംഭങ്ങൾ തുടങ്ങുവാനുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം. നൂതന സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന പരിശീലനങ്ങളും നടക്കും. കൃഷി, പരിസ്ഥിതി സംരക്ഷണം. സ്പോട്സ് ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും അടുത്തഘട്ടത്തിൽ ആരംഭിക്കും.
ഇരിക്കൂർ ടൂറിസം കൗൺസിൽ പ്രസിഡന്റ് പി.ടി. മാത്യു ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി. ഫിലോമിന, കൗൺസിലർ കെ.വി. ഗീത, ഇ.വി. രാമകൃഷ്ണൻ കൊയ്യം ജനാർദ്ദനൻ ഹരിത മിഷൻ കോ-ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് നസീയത്ത്, കെ.പി. ഗംഗാധരൻ പി.പി. ചന്ദ്രാംഗദൻ ഐടി കോ-ഓർഡിനേറ്റർ കെ.സി. വിവേക്. ഡോ.ആഷിക് മാമു. കെ.പി. ഗോപിനാഥൻ, എം.ഒ. ചന്ദ്രശേഖരൻ, സലാവുദീൻ. ഡോ. മനു ജോസഫ് വാഴപ്പിള്ളി എന്നിവർപ്രസംഗിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു