കാടിനെ അടുത്തറിയാൻ ആറളം വന്യജീവി സങ്കേതം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആറുകളുടെ ആലയമായതിനാലാണ് ആറളത്തിന് ആ പേര് ലഭിച്ചത്. പേര് പോലെ തന്നെ കണ്ണീര്‍ചാലുകളാല്‍ സമ്പുഷ്ടമാണ് ആറളം എന്ന വന്യജീവി സങ്കേതം. കാടിനെ അടുത്തറിഞ്ഞ് സഹ്യന്റെ മടക്കുകളിലൂടെ ഒരു കാടന്‍ യാത്ര നടത്താന്‍ ഇതിലും സുന്ദരമായൊരു ഇടം കേരളത്തില്‍ ഉണ്ടാകില്ല. കണ്ണൂര്‍ ജില്ലയിലെ ഏക വന്യജീവി സങ്കേതമാണ് ആറളം. കണ്ണൂർ നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഈ ഇക്കോടൂറിസം കേന്ദ്രം സ്ഥിതി ചെയ്യുന്നത്. തെക്കുഭാഗത്ത് ചീങ്കണ്ണിപ്പുഴയും കിഴക്ക് കര്‍ണാടകത്തിലെ ബ്രഹ്മഗിരി മലനിരകളും പടിഞ്ഞാറ് ആറളം ഫാമും വടക്ക് കണ്ണൂര്‍ ഡിവിഷന്റെ ഭാഗമായ വനങ്ങളും അതിരിടുന്ന ആറളം പ്രകൃതിയെ സ്‌നേഹിക്കുന്ന ഏതൊരു സഞ്ചാരിയും ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ടയിടം തന്നെയാണ്. പശ്ചിമ ഘട്ടത്തില്‍ മാത്രം കാണുന്ന അപൂര്‍വ്വമായ ജൈവവൈവിധ്യത്തിന്റെ കലവറയാണ് ആറളം.

 കോഴിക്കോട് നിന്ന് തലശ്ശേരി-കൂത്തുപറമ്പ് വഴി ആറളത്ത് എത്തിച്ചേരാം. ഇരുപത്തിയഞ്ചിലധികം ഇനം പൂമ്പാറ്റകളും ഇരുന്നൂറിലധികം ഇനം പക്ഷികളും രാജവെമ്പാലയും മൂര്‍ഖനും ആനയും കടുവയും കുരങ്ങും എല്ലാമുള്‍പ്പെടെ സമ്പന്നമാണ് ആറളത്തിന്റെ ആര്‍ദ്ര-ഇലപൊഴിയും കാട്.

  വളപട്ടണം പുഴയുടെ പ്രധാന നീര്‍ച്ചാലായ ചീങ്കണ്ണിപ്പുഴയുള്‍പ്പെടെ ചെറുതും വലുതുമായ നിരവധി അരുവികളും തോടുകളും ഈ വന്യജീവി സങ്കേതത്തിനുള്ളിലൂടെയും അതിരിട്ടും ഒഴുകുന്നുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും ശുദ്ധമായ വെള്ളം ലഭിക്കുന്ന ജലാശയങ്ങളില്‍ ഒന്നായ ചീങ്കണ്ണിപ്പുഴ ആറളത്തിന്റെ ഹൃദയത്തിലൂടെ ഒഴുകുന്നു. 

പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്

പ്രവേശന കവാടത്തില്‍ നമ്പര്‍ രേഖപ്പെടുത്തി പാസ് വാങ്ങിവേണം വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും കാടകത്തേക്ക് പ്രവേശിക്കാന്‍. കുരുമുളകു കുപ്പായമിട്ട കായ്നിറഞ്ഞ തെങ്ങിന്‍തോപ്പുകള്‍ ഇവിടത്തിനു കൂടുതൽ മനോഹാരിത നൽകുന്നു.കശുമാവും കാപ്പിയും പേരത്തോട്ടങ്ങളും പടർന്നു പന്തലിച്ച വഴികൾ.. നേരിയ കുളിരുമായി മുട്ടിയുരുമ്മുന്ന തണുത്തകാറ്റ്..


55 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് ആറളം വന്യജീവിസങ്കേതം വ്യാപിച്ചുകിടക്കുന്നത്. പശ്ചിമഘട്ടത്തില്‍ സ്ഥിതിചെയ്യുന്ന ഈ വനമേഖലയുടെ അതിരുകള്‍ ആറളം, കൊട്ടിയൂര്‍, കേളകം എന്നീ ഗ്രാമങ്ങളാണ്. ആറളം വന്യജീവിസങ്കേതത്തിലൂടെയുള്ള യാത്രയില്‍ ആന, കാട്ടുപോത്ത്, മാന്‍, കാട്ടുപന്നി, പുള്ളിപ്പുലി, കാട്ടുപൂച്ച തുടങ്ങിയ നിരവധി മൃഗങ്ങളെ കാണാന്‍ കഴിയും. പക്ഷേ അല്‍പം ഭാഗ്യംകൂടി വേണമെന്നു മാത്രം. 

 ഉൾക്കാടുകളിലേക്ക് ഉള്ള യാത്രയിൽ യാഗകള്‍ (ആദിവാസികള്‍ കുടിലിനെ യാഗയെന്നാണ് വിളിക്കുന്നത്) കാണാൻ സാധിക്കും.ദൂരം ചെല്ലുംതോറും അതുവരെ സഞ്ചരിച്ച ഇടത്ത് നിന്നും മറ്റൊരു ഭൂമിയിൽ എത്തുന്ന പ്രതീതിയാണ് ഇവിടുത്തെ വനപാലകർ നൽകുന്നത്, പ്ലാസ്റ്റിക് രഹിത ഭൂമി എന്ന വാക്ക് അക്ഷരാർത്ഥത്തിൽ നടപ്പിലാകുകയാണവർ.

ചിത്രശലഭങ്ങളുടെ ഇഷ്ടഭൂമി

വിവിധയിനം ചിത്രശലഭങ്ങളുടെ ഒരു സംഗമ ഭൂമി കൂടിയാണ് ഈ വന്യജീവി സങ്കേതം. ശൈത്യകാലത്ത് ഇവിടെ കുടിയേറുന്ന ചിത്രശലഭങ്ങള്‍ പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ പ്രജനനം നടത്തുകയും മണ്‍സൂണിന് മുമ്പ് ശലഭങ്ങളായി മാറുകയും ചെയ്യുന്നു.

ചിത്രശലഭങ്ങളെക്കുറിച്ച് പഠിക്കാനും അടുത്തറിയാനും ഈ സമയം നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. ഗരുഡശലഭം, രത്നനീലി തുടങ്ങി ഇരുന്നൂറിലധികം ചിത്രശലഭങ്ങളെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

വന്യജീവി സങ്കേതത്തിന്റെ കവാടം മുതല്‍ മീന്‍മുട്ടി വെള്ളച്ചാട്ടം വരെ നീളുന്ന 15 കിലോമീറ്റര്‍ ജീപ്പ് യാത്രയാണ് ഏറ്റവും ആകര്‍ഷകം. ചീങ്കണ്ണിപ്പുഴയോരംപറ്റി ഇരുവശത്തേയും മരക്കൂട്ടങ്ങള്‍ക്കും വള്ളിപ്പടര്‍പ്പുകള്‍ക്കുമിടയിലൂടെയുള്ള യാത്ര ആരുടേയും മനം കവരും. മുളങ്കാടും കാട്ടരുവികളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൃക്ഷത്തലപ്പുകളും അതിലെ കിളിക്കൂടുകളും കണ്ടുള്ള യാത്ര. കണ്ണൂരിന്റെ ജീവ രേഖയായ ആറളത്തിലെ മറ്റൊരു പ്രത്യേകതയാണ് അമ്പലപ്പാറ. 1576 മീറ്റര്‍ ഉയരത്തിലുള്ള അമ്പലപ്പാറയാണ് സങ്കേതത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥലം. വെള്ളച്ചാട്ടത്തിന് അടുത്തായി സ്ഥിചെയ്യുന്ന വാച്ച് ടവറില്‍ കയറിനിന്ന് നോക്കിയാല്‍ ഏതാണ്ട് ആറളത്തിന്റെ സൗന്ദര്യം മുഴുവന്‍ നിങ്ങള്‍ക്ക് ആസ്വദിക്കാം. പശ്ചിമഘട്ടമലനിരകളുടെ വന്യതയിലേയ്ക്ക് കണ്ണയയ്ക്കാം.

ഡോര്‍മെട്രിയും ഇൻസ്‌പെക്ഷൻ ബ്ലംഗ്ലാവും ഉള്ളതിനാല്‍ അത്യാവശ്യ താമസസൗകര്യം ലഭിക്കും. ഇത് നേരത്തെ ബുക്ക് ചെയ്‌തേണ്ടതാണ്. അതല്ലെങ്കില്‍ ഏറ്റവും അടുത്ത സ്ഥലമായ ഇരിട്ടിയല്‍ താമസിച്ച് രാവിലെ ഇവിടേക്ക് എത്തിച്ചേരാം. രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെയാണ് പ്രവേശന സമയം. 

എത്തിച്ചേരാം :

 തലശ്ശേരിയില്‍ നിന്ന് കൂത്തുപറമ്പ് ഇരിട്ടി വഴി ആറളം ഫാമിലെത്താം. അവിടെ നിന്ന് 
 7 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് വന്യജീവി സങ്കേതത്തിലെത്താം.

ബുക്കിംഗിനും മറ്റ് വിവരങ്ങള്‍ക്കുമായി ബന്ധപ്പെടാം:

വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
ആറളം വൈല്‍ഡ് ലൈഫ് ഡിവിഷന്‍ 
𝟎𝟒𝟗𝟎 𝟐𝟒𝟗𝟑𝟏𝟔𝟎
𝟎𝟒𝟗𝟎 𝟐𝟒𝟏𝟑𝟏𝟔𝟎

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha