‘പണമടച്ചില്ലെങ്കിലും ഒന്നും ചെയ്യാനാവില്ല, മോർഫിങ് മാത്രമാണ് ആപ്പുകളുടെ വഴി; പൊലീസ് നിസ്സഹായർ’

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വായ്പാ ആപ്പുകളുടെ ഭീഷണിയിൽ നീറിപ്പുകയുന്ന ആയിരക്കണക്കിനു കുടുംബങ്ങൾ കേരളത്തിലുണ്ടെന്ന് പൊലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. എന്നാൽ, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിയിലാണ് പൊലീസും മറ്റ് ഏജൻസികളും. പരാതി വരുമ്പോൾ കേസെടുത്താലും ആപ്പുകൾക്കെതിരെ ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഓൺലൈൻ ഗെയിമുകളുടെ കാര്യത്തിൽ പലപ്പോഴും ആപ്പുകൾ നിരോധിക്കപ്പെടുന്നുണ്ടെങ്കിലും വായ്പാ ആപ്പുകൾ അങ്ങനെയല്ല. ഇതിനെതിരെ ബോധവൽക്കരണത്തിന് പൊലീസ് ലക്ഷ്യമിടുന്നുണ്ട്. ആയിരത്തോളം പൊലീസുദ്യോഗസ്ഥർക്ക് സൈബർ ഓപ്പറേഷൻസിൽ പരിശീലനം നൽകുന്നു. ഇതിൽ ആദ്യ 300 പേർ പരിശീലനം പൂർത്തിയാക്കി. 

 കേരള പൊലീസിലെ സൈബർ ഓപ്പറേഷന്റെയും ക്രൈംബ്രാഞ്ചിന്റെയും തലവൻ എഡിജിപി എച്ച്.വെങ്കടേഷ് പറയുന്നു

വായ്പാ ആപ്പുകളിൽ നിന്ന് പണമെടുത്തവർ ആത്മഹത്യയിലേക്ക് പോകുന്ന സാഹചര്യം വന്നിട്ടും പൊലീസിന് ഫലപ്രദമായി ഇടപെടാൻ കഴിയുന്നില്ലല്ലോ? 
ഇത് സാധാരണ ൈസബർ തട്ടിപ്പുകൾ പോലെയല്ല. ഈടൊന്നും വയ്ക്കാതെ അവരിൽ നിന്ന് പണം വായ്പയെടുക്കുന്നതാണ്. ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ മുതൽ ശ്രദ്ധിക്കാത്തതു കൊണ്ടാണ് ഗുരുതരമായ പ്രതിസന്ധിയിലെത്തുന്നത്.

ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്താണ്?

പണം വാഗ്ദാനം ചെയ്തുവരുന്ന ആപ്പുകൾ എല്ലാം ഡൗൺലോഡ് ചെയ്യുന്ന ഘട്ടത്തിൽ ഫോണിലെ കോൺടാക്ട് നമ്പറുകളും ഗാലറിയും വിഡിയോകളുമെല്ലാം ആക്സസ് ചെയ്യാനുള്ള അനുമതി തേടുന്നുണ്ട്. പണം കിട്ടാനുള്ള തിടുക്കത്തിൽ ഇതിനെല്ലാം അനുമതി നൽകും. ഇതാണ് ആദ്യ കുരുക്ക്. കോൺടാക്ട് ഉൾപ്പെടെ ആക്സസ് ചെയ്യാൻ അനുമതി നിഷേധിക്കണം. അതില്ലാതെ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ഉപേക്ഷിക്കുകയും വേണം. 

 വായ്പയെടുത്ത ശേഷം ഉണ്ടാകുന്ന ഭീഷണികളെ എങ്ങനെ നേരിടണം?

അപ്പോൾ തന്നെ പൊലീസിനെ സമീപിക്കണം. പണം തിരിച്ചടച്ചില്ലെങ്കിലും ഈ ആപ്പുകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പണം ഇൗടാക്കാൻ ആപ്പ് നിയന്ത്രിക്കുന്നവർക്ക് മാർഗമില്ല. അതുകൊണ്ടാണ് ഭീഷണിപ്പെടുത്തുന്നതും നിങ്ങളുടെ ചിത്രം പ്രൊഫൈലുകളിൽ നിന്നോ സമൂഹമാധ്യമത്തിൽ നിന്നോ എടുത്ത് മോർഫ് ചെയ്ത് ബന്ധുക്കൾക്ക് ഉൾപ്പെടെ അയച്ചു കൊടുക്കുന്നതും. ഭീഷണിയാകുമ്പോൾ തന്നെ പൊലീസിൽ പരാതി നൽകിയാൽ ഇതു തടയാൻ കഴിയും. ഭീഷണി സന്ദേശങ്ങൾ സേവ് ചെയ്യാനും വിളിക്കുന്ന ഫോൺ നമ്പർ കുറിച്ചു വയ്ക്കാനും മറക്കരുത്. 

എത്തുന്നത് ചൈനീസ് ആപ്പുകൾ : ഇന്റലിജൻസ് മേധാവി

ഏതാണ്ട് 180 ആപ്പുകളാണ് ഇത്തരം വായ്പാ ആപ്പുകളായി രംഗത്തുവന്നതെന്നും ഇതിൽ പലതും നിരോധിച്ചുവെന്നും ഇന്റലിജൻസ് മേധാവി എഡിജിപി മനോജ് ഏബ്രഹാം പറ‍ഞ്ഞു. ചൈനീസ് ആപ്പുകളാണ് വായ്പാ വാഗ്ദാനവുമായി രംഗത്തു വന്നത്. ചൈനീസ് ആപ്പുകളെ കേന്ദ്രസർക്കാർ നിരോധിച്ചപ്പോൾ സാമ്പത്തിക ഇടപാട് നടത്തുന്ന ചില ഇന്ത്യൻ സ്ഥാപനങ്ങളുമായി ചേർന്ന് കോൾ സെന്റർ തുടങ്ങി മുഖം മാറ്റി പ്രത്യക്ഷപ്പെടുന്നതാണ് പുതിയ രീതി. ഇതും നിരീക്ഷണത്തിലാണ്.

പേഴ്സണൽ ലോൺ : ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. 

പേഴ്സണൽ ലോണിൻെറ പേരിൽ സൈബർ തട്ടിപ്പുകാർ പണം തട്ടിയെടുക്കുന്നതായി പരാതി. വൻകിട സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ പേഴ്സണൽ ലോൺ പാസ്സായിട്ടുണ്ട് എന്ന വാഗ്ദാനത്തിലാണ് തട്ടിപ്പുകാർ ഇരകളെ സമീപിക്കുന്നത്. ലോൺ പാസ്സാക്കുന്നതിൻെറ സർവ്വീസ് ചാർജ്ജ്, ഇൻഷുറൻസ്, ടാക്സ് ഡെപ്പോസിറ്റ് തുടങ്ങി വിവിധ പേരുകൾ പറഞ്ഞ് പല തവണകളായി പണം വാങ്ങുന്ന രീതിയാണ് തട്ടിപ്പുകാരുടേത്. 

സൂക്ഷിക്കുക:
സർക്കാർ / സ്വകാര്യ ഫൈനാൻസ് സ്ഥാപനങ്ങളുടെ പേരിൽ നിങ്ങൾക്ക് ലഭിക്കുന്ന വാട്സ്ആപ്പ്, ടെലിഗ്രാം, ഇ-മെയിൽ സന്ദേശങ്ങളോട് സൂക്ഷ്മതയോടെ പ്രതികരിക്കുക.

നിങ്ങളുടെ ഇടപാടുകൾ യഥാർത്ഥ സ്ഥാപനങ്ങളുടെ വെബ്സൈറ്റ്, ഇ-മെയിൽ വിലാസങ്ങൾ എന്നിവയിലൂടെയാണെന്ന് ഉറപ്പുവരുത്തുക.  

അതിവേഗം ലോൺ എന്ന തട്ടിപ്പുകാരുടെ വാഗ്ദാനത്തിൽ വിശ്വസിക്കരുത്.

നിങ്ങളുടെ സെൽഫി ഫോട്ടോ, ആധാർ കാർഡ്, ഐഡന്റിറ്റി കാർഡുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവ അപരിചിതർക്ക് അയച്ചു നൽകരുത്. അവ ദുരുപയോഗം ചെയ്തേക്കാം. 

ന്യായമായ ഈടുകൾ നൽകാതെ ഒരു സാമ്പത്തിക സ്ഥാപനവും പൊതുജനങ്ങൾക്ക് ലോൺ നൽകുന്നില്ല എന്നകാര്യം അറിഞ്ഞിരിക്കുക.

ലോൺ തുക ഇങ്ങോട്ടു ലഭിക്കുന്നതിനുമുമ്പ് പലവിധ കാരണങ്ങൾ പറഞ്ഞ് ചെറിയ തുകകൾ അങ്ങോട്ട് വാങ്ങുന്നത് തട്ടിപ്പുകാരുടെ പ്രവർത്തനമാണ് എന്ന് മനസ്സിലാക്കുക.  

സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha