തിരുവനന്തപുരം : മലയാള സിനിമയുടെ കാരണവരെന്ന് വിളിക്കാൻ നൂറുശതമാനം അർഹതയുള്ള, ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളെ സമ്മാനിച്ച മഹാപ്രതിഭയാണ് മധുവെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ശനിയാഴ്‌ച നവതി ആഘോഷിക്കുന്ന മധുവിന് സംസ്ഥാന സർക്കാരിനുവേണ്ടി ആശംസ അറിയിക്കാനും സാംസ്‌കാരിക വകുപ്പ് നൽകുന്ന ഒരുലക്ഷം രൂപയും ഉപഹാരവും കൈമാറാനും തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ മധുവിന്റെ വീട്ടിലെത്തിയതായിരുന്നു മന്ത്രി.
മലയാള സിനിമയ്‌ക്ക് സ്വന്തമായ വിലാസമുണ്ടാക്കിയ മഹാരഥൻമാരിൽ ഏറ്റവും മുൻനിരയിലാണ് നടൻ മധു. സിനിമയിലെ സമസ്‌ത മേഖലയിലും കഴിവ് തെളിയിച്ച് വിലമതിക്കാനാകാത്ത സംഭാവന അദ്ദേഹം നൽകി. തെണ്ണൂറാം വയസ്സിലും മലയാളസിനിമയ്‌ക്ക് ശക്തിപകരുന്ന മഹാഗോപുരമായി സഞ്ചരിക്കുന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
മധുവിന്റെ കഥാപാത്രങ്ങളെ ആവിഷ്‌കരിച്ചുള്ള പ്രത്യേക പരിപാടി സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ലൂമിയർ ബ്രദേഴ്‌സ് 1895ൽ രൂപകൽപ്പന ചെയ്‌ത ആദ്യകാല ചലച്ചിത്ര കാമറയുടെ മാതൃകയാണ് സാംസ്‌കാരിക വകുപ്പ് ഉപഹാരമായി കൈമാറിയത്.
കെഎസ്‌എഫ്‌ഡിസി ചെയർമാൻ ഷാജി എൻ കരുൺ, മാനേജിങ് ഡയറക്‌ടർ കെ വി അബ്ദുൽ മാലിക്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, സാംസ്‌കാരിക വകുപ്പ് പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കൽ എന്നിവരും മന്ത്രിയോടൊപ്പം മധുവിന്റെ വീട്ടിലെത്തി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു