വേദനകളൊപ്പുന്നു ഈ പഴങ്ങളുടെ മധുരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

'ക്യാൻസർ, ഡയാലിസിസ് രോഗികൾക്ക് സൗജന്യം' : വേദനകളൊപ്പുന്നു ഈ പഴങ്ങളുടെ മധുരം 

അരവഞ്ചാൽ : സ്വാധീനക്കുറവുള്ള ഒരു കാലും മനംനിറയെ സ്നേഹവുമായി അരവഞ്ചാൽ സ്വദേശി അസൈനാർ യാത്ര തുടങ്ങിയിട്ട് പതിറ്റാണ്ടിലധികമായി. ക്യാൻസർ, ഡയാലിസിസ് രോഗികൾക്ക് സൗജന്യമായി പഴങ്ങൾ എത്തിച്ച് നൽകുകയാണ്‌ ഈ നാൽപത്തൊന്നുകാരൻ.
2009ൽ വാഹനാപകടത്തെ തുടർന്ന്‌ ചികിത്സയിലിരിക്കെ അസൈനാറിന്‌ ഉറുമാമ്പഴം കഴിക്കണമെന്ന് തോന്നി. എന്നാൽ ആശുപത്രിയിലായതിനാൽ വാങ്ങാൻ പണം കൈയിലുണ്ടായില്ല. ഇതോടെയാണ്‌ ഗുരുതര രോഗം ബാധിച്ച്‌ വിഷമിക്കുന്നവർക്ക്‌ സഹായവുമായിറങ്ങാൻ തീരുമാനിച്ചത്‌. 

പഴങ്ങൾ, പച്ചക്കറികൾ, കപ്പ എന്നിവ ശേഖരിച്ച്‌ സ്വന്തം വണ്ടിയിൽ റോഡരികിൽ വിൽപ്പന നടത്തി കിട്ടുന്ന ലാഭം രോഗങ്ങളാൽ കഷ്‌ടത അനുഭവിക്കുന്നവർക്കുകൂടി എത്തിക്കാൻ തീരുമാനിച്ചു. കച്ചവടം എന്നത് കേവലം ലാഭമുണ്ടാക്കാനുള്ള മാർഗമല്ല, ഇവയൊന്നും വാങ്ങാൻ പണം ഇല്ലാത്തവർക്കുകൂടി അവയുടെ മധുരം എത്തിക്കുന്നതാണെന്ന്‌ അസൈനാർ പറയുന്നു. വണ്ടിയുടെ പിന്നിൽ എഴുതിവച്ച ‘ക്യാൻസർ ,ഡയാലിസിസ് രോഗികൾക്ക് സൗജന്യം' എന്ന വാചകത്തിലൂടെ മനസിലാക്കാം അസൈനാറുടെ ജീവിതലക്ഷ്യം. ആവശ്യമായവർക്ക് സൗജന്യമായി പഴങ്ങൾ വാങ്ങി പോകാം. എന്നാൽ, ആരും ഇങ്ങോട്ടുവന്ന് വാങ്ങാതായതോടെ ക്യാൻസർ, ഡയാലിസിസ് രോഗികളെ തേടിപ്പിടിച്ച് ആഴ്ചതോറും അവരുടെ വീട്ടിലെത്തി സൗജന്യമായി പഴങ്ങൾ നൽകിത്തുടങ്ങി. ഇതിനോടകം നാല്‌ കാരുണ്യ യാത്ര നടത്തി അഞ്ച്‌ ലക്ഷത്തോളം രൂപ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക്‌ നൽകിക്കഴിഞ്ഞു. മാസംതോറും പതിനായിരത്തോളം രൂപയുടെ മരുന്നും മറ്റു സഹായങ്ങളും നൽകുന്നു. 

അപകടത്തെ തുടർന്ന്‌ ചികിത്സയിൽ കഴിഞ്ഞപ്പോഴാണ് രോഗികളുടെ കഷ്ടപ്പാടുകൾ മനസിലായത്. ഒരു രൂപ പോലും എടുക്കാനില്ലാത്തവർ അതിന്റെ പേരിൽ ദുരിതം അനുഭവിക്കരുതെന്ന് വാശിയുണ്ടായിരുന്നു അസൈനാർക്ക്‌. അപകടത്തിന്റെ വേദന ശരീരമാസകലം അനുഭവിക്കുമ്പോഴും മനസുനിറയെ സമാധാനവും സന്തോഷവുമാണെന്ന്‌ അസൈനാർ പറയുന്നു. വലംകൈയിൽ സ്ട്രക്‌ച്ചറും ഇടനെഞ്ചിൽ നിറയെ സ്നേഹവുമായി അസൈനാർ നടന്നുനീങ്ങുന്നു ഉറവ വറ്റാത്ത മനുഷ്യസ്‌നേഹത്തിന്റെ പ്രതീകമായി. ഭാര്യ സെറീനയും മകൻ മാഹിറും പിന്തുണയുമായുണ്ട്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha