ഭോപ്പാൽ: നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല. മലയാളി വിദ്യാർത്ഥികൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ക്യാമ്പസിലേക്ക് പ്രവേശിക്കണമെങ്കിൽ മലയാളി വിദ്യാർഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദ്ദേശം. ഇന്നും നാളെയുമായി സർവകലാശാലയിൽ നടക്കുന്ന യുജി, പിജി പ്രവേശനത്തിനുള്ള ഓപ്പൺ കൗൺസിലിങ് നടക്കുന്നുണ്ട്. ഇതിനായി കേരളത്തിൽ നിന്ന് എത്തിയ വിദ്യാർത്ഥികളോടാണ് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടത്. ഇതോടെ വിദ്യാർത്ഥികൾ ദുരിതത്തിലായി.
വിദ്യാർത്ഥികളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡോ വി ശിവദാസൻ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. നിപ പരിശോധനക്കുള്ള സംവിധാനങ്ങൾ പരിമിതമാണെന്ന രാജ്യത്തെ സാഹചര്യവും വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ ലഭിക്കുന്ന ഒന്നല്ല ഇതെന്നതും പരിഗണിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ഒഴിഞ്ഞുകിടക്കുന്ന യുജി, പിജി സീറ്റുകളിലേക്ക് പ്രവേശനത്തിനായാണ് ഓപ്പൺ കൗൺസിലിങ് നടത്തുന്നത്. നിരവധി മലയാളി വിദ്യാർത്ഥികൾ ഇവിടെ എത്തിയിട്ടുണ്ട്. ഇവർക്ക് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തത് കൊണ്ടുമാത്രം പ്രവേശനം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്നും എംപി വിമർശിക്കുന്നു. സർവകലാശാല ഉത്തരവ് പിൻവലിക്കണമെന്നും വിദ്യാർത്ഥികൾക്ക് നിപ പരിശോധന നടത്തുക പ്രായോഗികമല്ലെന്നത് മനസിലാക്കണമെന്നും എംപി ആവശ്യപ്പെട്ടിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു