മലയോരത്ത്‌ ആശ്വാസം പകർന്ന്‌ ഒടുവള്ളിത്തട്ട്‌ സി.എച്ച്.സി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആലക്കോട് : സ്വകാര്യ വൻകിട ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളൊടെ മലയോര ജനതക്ക് ആശ്വാസമാവുകയാണ്‌ ഒടുവള്ളിത്തട്ട് സാമൂഹ്യ ആരോഗ്യ കേന്ദ്രം. 1982 ജനുവരി ഒന്നിന് പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഒടുവള്ളിത്തട്ട് ബസ്‌സ്റ്റാൻഡിന് സമീപം താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. 1990ൽ ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലത്ത്‌ അഞ്ചേക്കർ സർക്കാർ സ്ഥലത്ത് താൽക്കാലിക കെട്ടിടത്തിലേക്ക് മാറി. 1996ൽ ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ഉൾപ്പെടുത്തി. ഇതോടെ വികസനക്കുതിപ്പിലേക്ക് നീങ്ങി. 

2000 ആഗസ്‌തിൽ എം.വി. ഗോവിന്ദൻ എം.എൽ.എ ഇടപെട്ട്‌ ഐ.പി വിഭാഗം പ്രവർത്തനം ആരംഭിച്ചു. 2007 ഫെബ്രുവരി ഒന്നിന് ആരോഗ്യ മന്ത്രിയായിരുന്ന പി.കെ. ശ്രീമതിയാണ് 30 കിടക്കകളുള്ള ആശുപത്രി ഉദ്‌ഘാടനംചെയ്‌തത്‌. 

2008 നവംബർ ആറിന് സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയർന്നു. ഇപ്പോൾ കുടിയാന്മല, നടുവിൽ, ചെങ്ങളായി, ചുഴലി, ചപ്പാരപ്പടവ്, തേർത്തല്ലി, ഉദയഗിരി, മണക്കടവ് പി.എച്ച്.സി.കൾ ഈ സി.എച്ച്‌.സി കേന്ദ്രത്തിന്‌ കീഴിൽ പ്രവർത്തിക്കുന്നു. പിന്നാക്കം നിൽക്കുന്ന ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ് ഈ സി.എച്ച്‌.സി. ചെങ്ങളായി, നടുവിൽ, ചപ്പാരപ്പടവ്, ആലക്കോട്, ഉദയഗിരി, പരിയാരം, കുറുമാത്തൂർ, ഏരുവേശി പഞ്ചായത്തുകളിലെ ജനങ്ങൾ ഈ ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നു.  

മെഡിക്കൽ ലാബ്, പാലിയേറ്റീവ് വാർഡ്, ഫിസിയോ തെറാപ്പി ബ്ലോക്ക്, ഡന്റൽ യൂണിറ്റ്, വയോജന ക്ലിനിക്ക്, കൗമാര ആരോഗ്യ ക്ലിനിക്ക്, 24 മണിക്കൂർ ഒ.പി, ഐ.പി ചികിത്സ, പ്രതിരോധ കുത്തിവയ്‌പ്‌, ജീവിതശൈലീരോഗ നിർണയ- ക്ലിനിക്ക്, കാഴ്ച പരിശോധനാ ലാബ്, കുട്ടികൾക്കായുള്ള മോബൈൽ ഇന്റർവെൻഷൻ യൂണിറ്റ്, മാനസികാരോഗ്യ ക്ലിനിക്ക്, ആംബുലൻസ് എന്നീ സേവനങ്ങൾ ഉണ്ട്‌.

നബാർഡ് ഫണ്ടിൽ രണ്ട് കോടി രൂപ മുടക്കി നിർമിച്ച പുതിയ ഒ.പി ബ്ലോക്കും ഒരു കോടി 79 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമിച്ച 224 ചതുരശ്ര അടി വിസ്തീർണമുള്ള ഐസൊലെഷൻ വാർഡും ഉടൻ തുറക്കും. ആതുരസേവന രംഗത്ത് മലയോര മേഖലയിൽ സുത്യർഹ സേവനം നൽകുന്ന ഈ സി.എച്ച്.സി.യിൽ ദിനംപ്രതി 350 മുതൽ 400 രോഗികൾ ചികിത്സയ്‌ക്ക്‌ എത്തുന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും ആരോഗ്യ വകുപ്പിന്റെയും കൂട്ടായ പ്രവർത്തനമാണ് ഒടുവള്ളിത്തട്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തെ വികസനക്കുതിപ്പിലേക്ക് എത്തിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha