ഉത്തര്‍പ്രദേശില്‍ വീണ്ടും മതവികാരം വ്രണപ്പെടുത്തി അധ്യാപിക സഹപാഠിയെകൊണ്ട് വിദ്യാര്‍ത്ഥിയെ തല്ലിച്ചതായി പരാതി. ഹിന്ദു വിദ്യാര്‍ത്ഥിയെ മുസ്ലീം വിദ്യാര്‍ത്ഥിയെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പ് നടന്ന സമാന സംഭവത്തില്‍ വന്‍പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ചോദ്യത്തിന് ഉത്തരം നല്‍കാത്തതിന് ശിക്ഷയായി ഹിന്ദു സഹപാഠിയെ തല്ലാന്‍ മുസ്ലീം വിദ്യാര്‍ത്ഥിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
മതവികാരം വ്രണപ്പെടുത്തി എന്നതുള്‍പ്പടെ മര്‍ദനമേറ്റ കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ദുഗാവാര്‍ ഗ്രാമത്തിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപിക ഷൈസ്തയെയാണ് അസ്‌മോലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഐപിസി 153 എ (മതസ്പര്‍ദ്ധ വളര്‍ത്തല്‍) 323 (സ്വമേധയാ മുറിവേല്‍പ്പിക്കുക) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ മാസം മുസാഫര്‍നഗറിലെ ഖുബ്ബാപൂര്‍ ഗ്രാമത്തില്‍ നടന്ന സമാനമായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തൃപ്ത ത്യാഗി എന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപിക ഗൃഹപാഠം ചെയ്തില്ലെന്ന് ആരോപിച്ച് ഹിന്ദു സഹപാഠികളെ കൊണ്ട് ഒരു മുസ്ലീം ആണ്‍കുട്ടിയെ അടിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ യു പി സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വിവേചനരഹിത നിര്‍ബന്ധിത വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ് നടന്നത് എന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്. യുപിയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെയും സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു. ഇതിനിടെയാണ് സമാനമായ രണ്ടാമത്തെ സംഭവവും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു