മെലിയോയിഡോസിസ്; പയ്യന്നൂരിൽ മൂന്നു പേർക്കുകൂടി ലക്ഷണങ്ങൾ കണ്ടെത്തി, അറിയാം അപൂർവ രോഗത്തെക്കുറിച്ച്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പയ്യന്നൂര്‍: മെലിയോയിഡോസിസ് സ്ഥിരീകരിച്ച പയ്യന്നൂർ നഗരസഭയിലെ കോറോത്ത് മൂന്നു പേർക്കുകൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരിൽ നിന്നുള്ള സാമ്പിൾ പരിശോധനയ്ക്ക്‌ അയച്ചിട്ടുണ്ട്. കോറോം വില്ലേജിലെ രണ്ടുപേർക്കാണ് നേരത്തെ അപൂർവ രോഗമായ മെലിയോയിഡോസിസ് സ്ഥിരീകരിച്ചത്. ഇതിന് പുറമേയാണ് മൂന്നുപേരിൽ പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.

ഇവർ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തി. പരിശോധനയ്ക്കാവശ്യമായ കിറ്റുകൾ എത്തിച്ചാണ് ഇവരുടെ സാമ്പിളുകൾ ശേഖരിച്ചത്. ഇത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ലാബിലേക്കാണ് അയച്ചത്. ഒരാഴ്ചയോളമെടുക്കും പരിശോധനാഫലമറിയാൻ. ബാക്ടീരിയ കാരണമുണ്ടാകുന്ന മെലിയോയിഡോസിസ് കോറോംഭാഗത്തെ 12 വയസ്സുകാരനിലാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് 42-കാരനിലും രോഗം കണ്ടെത്തി.

രോഗകാരിയായ ബാക്ടീരിയ രണ്ടുപേരിലും എത്തിയത് സമീപത്തുള്ള കുളത്തിൽ നിന്നാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇവർ രണ്ടുപേരും ഈ കുളത്തിൽ സ്ഥിരമായി കുളിക്കാറുണ്ടായിരുന്നു. ഈ കുളം ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കുളത്തിലെ വെള്ളവും പരിശോധനക്കയച്ചു.

ആരോഗ്യവകുപ്പ് പ്രദേശത്തെ ഇരുന്നൂറോളം വീടുകളിൽ വിവരശേഖരണം നടത്തി. പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് നടത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ മെഡിക്കൽ ക്യാമ്പ് നടത്തേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് നിലപാട്. മൂന്നുപേർക്കുകൂടി രോഗലക്ഷണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ശനിയാഴ്ച നഗരസഭയിൽ അടിയന്തര യോഗം ചേർന്നിരുന്നു.

രോഗാണു സാന്നിധ്യമുള്ള ജലത്തിലൂടെയും മണ്ണിലൂടെയുമാണ് രോഗം പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗപ്പകർച്ചയില്ല. ബർക്കോൾഡറിയ സ്യൂഡോമലെ എന്ന ബാക്ടീരിയയാണ് രോഗാണു. ചെളിയിലും മണ്ണിലും മലിനജലത്തിലും കാണുന്ന ബാക്ടീരിയയാണിത്. മൃഗങ്ങളിലും മനുഷ്യരിലും രോഗമുണ്ടാക്കാം. ഭക്ഷണത്തിലൂടെയോ വെള്ളത്തിൽനിന്നോ മണ്ണിൽനിന്നോ മുറിവിലൂടെയോ രോഗം ബാധിക്കാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണ്. മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്കും പകരില്ല.

ചിലരിൽ പതുക്കെയാണ് രോഗലക്ഷണങ്ങൾ കാണപ്പെടുക. മറ്റു ചിലരിൽ പെട്ടെന്നുതന്നെ തുടങ്ങിയേക്കാം. രോഗാണു ശരീരത്തിലെത്തി ഒന്നുമുതൽ നാല് ആഴ്ചയ്ക്കകം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. പനി, ചുമ, തലവേദന എന്നിവയിൽ തുടങ്ങി ശ്വാസംമുട്ടൽ, നെഞ്ചുവേദന, ന്യൂമോണിയ എന്നിവയിൽ എത്താം. ചർമത്തിൽ കുരുക്കൾ, വ്രണം, ലസികാഗ്രന്ഥിവീക്കം. പ്രതിരോധശക്തി കുറഞ്ഞവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലും തീവ്രമാകാൻ സാധ്യത കൂടുതലാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha