ആറന്മുള വള്ള സദ്യയുണ്ട് പഞ്ച പാണ്ഡവ ക്ഷേത്രങ്ങളിലും ദർശനം നടത്തുന്ന പഞ്ച പാണ്ഡവ ദർശന തീർത്ഥാടന യാത്രയുമായി കണ്ണൂർ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടന യാത്ര എന്ന ടാഗ് ലൈനിൽ ഈ യാത്ര സംഘടിപ്പിക്കുന്നത്.
തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപം. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരം ക്ഷേത്രങ്ങൾ ഇല്ല എന്നത് ഈ ക്ഷേത്രങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു.
ഇന്ത്യയിലെ നൂറ്റിയെട്ട് വൈഷ്ണവ മഹാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതാണ് പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ. ചെന്തമിഴ് സാഹിത്യത്തിലെ വൈഷ്ണവ ഭക്തകവികളുടെ ഗുരുവായി കരുതിവരുന്ന നമ്മാഴ് വാർ സ്തുതിച്ചിട്ടുള്ള മലൈനാട്ടിലെ 11 തിരുപ്പതികളിൽ ഉൾപ്പെട്ടതുമാണ് ഈ പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ.
ആറൻമുള പള്ളിയോട സേവാ സംഘത്തിന്റെ നേത്യത്വത്തിൽ ഒക്ടോബർ രണ്ട് വരെ നടത്തുന്ന ആറൻമുള വള്ള സദ്യയിലെ ചടങ്ങുകൾ കാണുന്നതിനും, കരക്കാർക്ക് മാത്രം നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിൽ പങ്കെടുക്കുന്നതിനും തീർത്ഥാടകർക്ക് അവസരം ലഭിക്കും.
ലോഹക്കൂട്ടുകളാൽ നിർമ്മിക്കുന്ന പ്രസിദ്ധമായ ആറന്മുള കണ്ണാടിയുടെ നിർമ്മാണം നേരിൽ കാണുന്നതിനും വാങ്ങുന്നതിനും സൗകര്യം തീർത്ഥാടകർക്ക് ലഭ്യമാക്കും.
സെപ്റ്റംബർ 9 ശനിയാഴ്ച രാവിലെ 5.30ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് വൈക്കം ക്ഷേത്രം, കടുത്തുരുത്തി ക്ഷേത്രം, ഏറ്റുമാനൂർ ക്ഷേത്രം, ചോറ്റാനിക്കര എന്നീ ക്ഷേത്രങ്ങൾ ദർശനം നടത്തി അന്ന് രാത്രി ചെങ്ങന്നൂരിൽ ഹോട്ടലിൽ താമസിക്കും. രണ്ടാമത്തെ ദിവസം പഞ്ച പാണ്ഡവ ക്ഷേത്ര ദർശനം നടത്തി പാർത്ഥസാരഥി ക്ഷേത്രത്തിൽ വള്ള സദ്യയിലും പങ്കെടുത്ത് വൈകുന്നേരം കണ്ണൂരിലേക്ക് തിരിക്കും. തിങ്കളാഴ്ച രാവിലെ 6 മണിക്ക് കണ്ണൂരിൽ തിരിച്ചെത്തും. കൂടാതെ സെപ്റ്റംബർ എട്ടിന് വൈകുന്നേരം വാഗമൺ, മൂന്നാർ, ഗവി ട്രിപ്പുകളും പുറപ്പെടുന്നതാണ്.
ബുക്കിങ്ങിന് വിളിക്കുക:
9496131288, 8089463675
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു