ജി20 ഉച്ചകോടി മൂന്നാം സെഷനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണ്ണരൂപം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ജി20 ഉച്ചകോടി മൂന്നാം സെഷനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണ്ണരൂപം 

വിശിഷ്ടവ്യക്തികളേ,

ആദരണീയരേ,

ഇന്നലെ ‘ഒരു ഭൂമി’, ‘ഒരു കുടുംബം’ എന്നീ സെഷനുകളിൽ നാം വിപുലമായ ചർച്ചകൾ നടത്തി. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന കാഴ്ചപ്പാടിനെ സംബന്ധിച്ച പ്രത്യാശ നിറഞ്ഞ ശ്രമങ്ങളുടെ വേദിയായി ഇന്ന് ജി20 മാറിയതിൽ എനിക്കു സംതൃപ്തിയുണ്ട്.

‘ആഗോള ഗ്രാമം’ എന്ന ആശയവും മറികടന്ന് ആഗോള കുടുംബം യാഥാർഥ്യമാകുന്നതിന് സാക്ഷ്യം വഹിക്കുന്ന ഭാവിയെക്കുറിച്ചാണ് നാം ഇപ്പോൾ ചർച്ച ചെയ്യുന്നത്. രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ മാത്രമല്ല, ഹൃദയങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഭാവിയാണിത്.

സുഹൃത്തുക്കളേ,

ജിഡിപി കേന്ദ്രീകൃത സമീപനത്തിന് പകരം മാനവകേന്ദ്രീകൃത കാഴ്ചപ്പാടിലേക്ക് ഞാൻ തുടർച്ചയായി നിങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. ഇന്ന് ഇന്ത്യയെപ്പോലുള്ള പല രാജ്യങ്ങളിലും നാം ലോകവുമായി പങ്കിടുന്ന ധാരാളം കാര്യങ്ങൾ ഉണ്ട്.

മാനവികതയുടെ താൽപ്പര്യത്തിനായി ചന്ദ്രയാൻ ദൗത്യത്തിന്റെ വിവരങ്ങൾ ഏവരുമായും പങ്കിടുന്നതിനെക്കുറിച്ച് ഇന്ത്യ സംസാരിച്ചു. മനുഷ്യ കേന്ദ്രീകൃത വളർച്ചയോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവ് കൂടിയാണിത്.

ഏവരെയും ഉൾപ്പെടുത്തിയുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിനും അവസാന മൈൽ വരെ വിതരണം സുഗമമാക്കുന്നതിനും ഇന്ത്യ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ഏറ്റവും വിദൂരമായ ഗ്രാമങ്ങളിൽ പോലും, ചെറുകിട വ്യാപാരികൾ ഡിജിറ്റൽ പണമിടപാടു സംവിധാനം ഉപയോഗിക്കുന്നു.

ഇന്ത്യയുടെ അധ്യക്ഷതയിൽ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യത്തിനായി കരുത്തുറ്റ ചട്ടക്കൂട് അംഗീകരിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. അതുപോലെ, ‘വികസനത്തിനായി വിവരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ജി20 തത്വങ്ങളും’ അംഗീകരിക്കപ്പെട്ടു.

ഗ്ലോബൽ സൗത്ത് മേഖലയുടെ വികസനത്തിനായി ‘ഡാറ്റ ഫോർ ഡെവലപ്‌മെന്റ് കപ്പാസിറ്റി ബിൽഡിങ് ഇനിഷ്യേറ്റീവ്’ ആരംഭിക്കാനും തീരുമാനിച്ചു. ഇന്ത്യയുടെ അധ്യക്ഷ കാലയളവിൽ സ്റ്റാർട്ടപ്പ് 20 ഇടപഴകൽ സമിതിക്കു രൂപം നൽകിയതും വലിയ ചുവടുവയ്പാണ്.

സുഹൃത്തുക്കളേ,

ഇന്ന്, പുതുതലമുറ സാങ്കേതികവിദ്യകളിൽ, അഭൂതപൂർവമായ തോതിനും വേഗതയ്ക്കും നാം സാക്ഷ്യം വഹിക്കുന്നു. നിർമിത ബുദ്ധി അത്തരത്തിൽ നമുക്കു മുന്നിലുള്ള ഉദാഹരണമാണ്. 2019ൽ നാം ‘നിർമ‌ിത ബുദ്ധിയെക്കുറിച്ചുള്ള തത്വങ്ങൾ’ സ്വീകരിച്ചു. ഇന്നു നാം ഒരു പടി കൂടി മുന്നോട്ട് പോകേണ്ടതുണ്ട്.

ഉത്തരവാദിത്വമുള്ള മനുഷ്യകേന്ദ്രീകൃത നിർമ‌ിത ബുദ്ധി പരിപാലനത്തിനായി നാം ചട്ടക്കൂട് സ്ഥാപിക്കണമെന്ന് ഞാൻ നിർദേശിക്കുന്നു. ഇന്ത്യയും ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകും. സാമൂഹിക-സാമ്പത്തിക വികസനം, ആഗോള തൊഴിൽശക്തി, ഗവേഷണവും വികസനവും തുടങ്ങിയ മേഖലകളിൽ നിർമിത ബുദ്ധിയുടെ നേട്ടങ്ങൾ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കുന്നതിനാണു ഞങ്ങളുടെ പരിശ്രമം.

സുഹൃത്തുക്കളേ,

ഇന്ന്, നമ്മുടെ ലോകം നമ്മുടെ എല്ലാ രാജ്യങ്ങളുടെയും വർത്തമാനകാലത്തെയും ഭാവിയെയും ബാധിക്കുന്ന മറ്റ് ചില തീക്ഷ്ണമായ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നു. സൈബർ സുരക്ഷയുടെയും ക്രിപ്‌റ്റോ കറൻസിയുടെയും വെല്ലുവിളികൾ നമുക്ക് പരിചിതമാണ്. ക്രിപ്‌റ്റോ-കറൻസി മേഖല ഏവർക്കും പുതിയ വിഷയമായി ഉയർന്നുവന്നു; അതായത് സാമൂഹിക ക്രമത്തിലും ആസ്തിയിലും സാമ്പത്തിക സ്ഥിരതയിലും. അതിനാൽ, ക്രിപ്‌റ്റോ-കറൻസികളെ നിയന്ത്രിക്കുന്നതിന് ആഗോള മാനദണ്ഡങ്ങൾ നാം വികസിപ്പിക്കേണ്ടതുണ്ട്. ബാങ്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ബേസൽ മാനദണ്ഡങ്ങൾ മാതൃകയായി നമുക്കു മുന്നിലുണ്ട്.

ഈ ദിശയിൽ എത്രയും വേഗം ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടത് അത്യന്താപേക്ഷിതമാണ്. അതുപോലെ, ആഗോള സഹകരണവും സൈബർ സുരക്ഷയ്ക്കുള്ള ചട്ടക്കൂടും അത്യാവശ്യമാണ്. ഭീകരവാദം സൈബർ ലോകത്തെ പുതിയ മേഖലകളും ധനസഹായ രീതികളും ഉപയോഗപ്പെടുത്തുന്നത്, ‌ഓരോ രാജ്യത്തിന്റെയും സുരക്ഷയ്ക്കും സമൃദ്ധിക്കും നിർണായക പ്രശ്നമായി മാറുന്നു.

ഓരോ രാജ്യത്തിന്റെയും സുരക്ഷയും ഓരോ രാജ്യത്തിന്റെയും സംവേദനക്ഷമതയും നാം ശ്രദ്ധിക്കുമ്പോൾ മാത്രമേ ‘ഒരു ഭാവി’ എന്ന വികാരം ശക്തിപ്പെടൂ.

സുഹൃത്തുക്കളേ,

ലോകത്തെ മികച്ച ഭാവിയിലേക്ക് കൊണ്ടുപോകുന്നതിന്, ആഗോള സംവിധാനങ്ങൾ വർത്തമാനകാല യാഥാർഥ്യങ്ങൾക്ക് അനുസൃതമായിരിക്കേണ്ടത് ആവശ്യമാണ്. ഇന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയും ഇതിന് ഉദാഹരണമാണ്. യുഎൻ സ്ഥാപിതമായപ്പോൾ, അന്നത്തെ ലോകം ഇന്നത്തേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അന്ന് യുഎന്നിൽ 51 സ്ഥാപക അംഗങ്ങളാണുണ്ടായിരുന്നത്. ഇന്ന് യുഎന്നിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളുടെ എണ്ണം ഏകദേശം 200 ആണ്.

ഇതൊക്കെയാണെങ്കിലും, യുഎൻ സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ ഇപ്പോഴും പഴയതുപോലെയാണ്. അന്നുമുതൽ ഇന്നുവരെ ലോകം എല്ലാ കാര്യങ്ങളിലും ഒരുപാട് മാറിയിരിക്കുന്നു. ഗതാഗതം, ആശയവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ എല്ലാ മേഖലകളിലും മാറ്റം വന്നിട്ടുണ്ട്. ഈ പുതിയ യാഥാർഥ്യങ്ങൾ നമ്മുടെ പുതിയ ആഗോള ഘടനയിൽ പ്രതിഫലിക്കണം.

മാറുന്ന കാലത്തിനോട് പൊരുത്തപ്പെടുന്നതിൽ പരാജയപ്പെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും അവയുടെ പ്രസക്തി നഷ്ടപ്പെടുന്നു എന്നതു പ്രകൃതിയുടെ നിയമമാണ്. കഴിഞ്ഞ വർഷങ്ങളിൽ നിരവധി പ്രാദേശിക വേദികൾ നിലവിൽ വന്നതിനും അവ ഫലപ്രദമാണെന്നു തെളിയിക്കുന്നതിനും കാരണം എന്താണെന്നു തുറന്ന മനസോടെ നാം ചിന്തിക്കണം.

സുഹൃത്തുക്കളേ,

ഇന്ന്, ഓരോ ആഗോള സംഘടനയും അതിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നതിന് പരിഷ്കരിക്കേണ്ടത് അനിവാര്യമാണ്. ഇത് കണക്കിലെടുത്ത്, ആഫ്രിക്കൻ യൂണിയനെ ജി-20യിൽ സ്ഥിരാംഗമാക്കാനുള്ള ചരിത്രപരമായ മുൻകൈ ഞങ്ങൾ ഇന്നലെ സ്വീകരിച്ചു. അതുപോലെ, ബഹുമുഖ വികസന ബാങ്കുകളുടെ ചുമതല വിപുലീകരിക്കേണ്ടതുണ്ട്. ഈ ദിശയിലുള്ള നമ്മുടെ തീരുമാനങ്ങൾ വേഗത്തിലുള്ളതും ഫലപ്രദവുമായിരിക്കണം.

സുഹൃത്തുക്കളേ,

ദ്രുതഗതിയിലുള്ള മാറ്റങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട ലോകത്ത്, നമുക്ക് പരിവർത്തനം മാത്രമല്ല, സുസ്ഥിരതയും സ്ഥിരതയും ആവശ്യമാണ്. വരൂ! ഹരിത വികസന ഉടമ്പടി, സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള കർമപദ്ധതി, അഴിമതിവിരുദ്ധ ഉന്നതതല തത്വങ്ങൾ, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ, എം‌ഡി‌ബി പരിഷ്‌കാരങ്ങൾ എന്നി ദൃഢനിശ്ചയങ്ങൾ ഫലപ്രാപ്തിയിലെത്തിക്കുമെന്നു നമുക്കു പ്രതിജ്ഞയെടുക്കാം.

വിശിഷ്ടവ്യക്തികളേ,

ആദരണീയരേ,

ഇപ്പോൾ നിങ്ങളുടെ ചിന്തകൾക്കായി കാതോർക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

Advertisements

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha