കണിച്ചാർ : പന്നിഫാമിന് എതിരെ കണിച്ചാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി നാട്ടുകാർ. പഞ്ചായത്തിലെ 13–ാം വാർഡായ ആറ്റാംചേരിയിൽ പ്രവർത്തിക്കുന്ന ഫാമിനെതിരെ ആണ് സമീപവാസികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് വന്നത്. ഫാം അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കണിച്ചാർ പഞ്ചായത്ത് ഓഫിസിലേക്ക് നാട്ടുകാർ മാർച്ചും തുടർന്ന് ധർണയും നടത്തി. ഷിബു കുന്നേൽ ഉദ്ഘാടനം ചെയ്തു. രാജേഷ് നടുവത്താനിയിൽ, ദേവസ്യ മഞ്ഞപ്പള്ളിൽ, എൽദോ വള്ളാട്ട്, ഷീന ഷിൻസി കണ്ണംപള്ളിൽ, ഷിൻസി ആശാരിക്കുടിയിൽ, ലിജി നടുവത്താനിയിൽ പ്രസംഗിച്ചു.
ആറ്റാംചേരിയിലെ മല മുകളിൽ സ്വകാര്യ വ്യക്തി പാട്ടത്തിന് എടുത്ത രണ്ടേക്കർ സ്ഥലത്താണ് ഫാം പ്രവർത്തിക്കുന്നത്. ഈ പ്രദേശത്ത് ഒരു കുരിശുപള്ളി പണിയുന്നതിന് വേണ്ടി സ്ഥലം വാങ്ങിയ ശേഷം നാട്ടുകാരുടെ സഹായത്തോടെ റോഡ് നിർമിക്കുകയും ചെയ്തിരുന്നു എന്നും പിന്നീട് ആരുമറിയാതെ ആ പ്രദേശത്ത് പന്നി ഫാം ആരംഭിക്കുകയാണ് ചെയ്തതെന്നും നാട്ടുകാർ ആരോപിച്ചു.
മഴക്കാലത്ത് ഈ ഫാമിലെ മാലിന്യങ്ങൾ ഒഴുകി സമതലത്തിലേക്ക് എത്തുകയും കുടിവെള്ളം മലിനമാക്കുകയും ചെയ്യുന്നു. കൃഷിയിടങ്ങളിലും ഫാമിലെ മാലിന്യം വന്നടിയുകയും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. രണ്ട് വർഷത്തിൽ അധികമായി ഫാം ഇവിടെ പ്രവർത്തിക്കുന്നു എന്നും നാട്ടുകാരുടെ തടസ്സവാദങ്ങളെ അവഗണിച്ചാണ് പ്രവർത്തിക്കുന്നതെന്നും പരാതിയുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു