മാട്ടൂൽ : ആരോഗ്യ പരിപാലന രംഗത്ത് ദേശീയ നിലവാരത്തിലുള്ള ചികിത്സ സൗകര്യങ്ങളുമായി മാട്ടൂൽ സി.എച്ച്.സി. 1971ൽ റൂറൽ ഡിസ്പെൻസറിയായി പ്രവർത്തനം ആരംഭിച്ച ആരോഗ്യ കേന്ദ്രം 1998ൽ പ്രാഥമികാരോഗ്യ കേന്ദ്രമാക്കി. സംസ്ഥാന സർക്കാർ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി 2020 മാർച്ചിൽ കുടുംബാരോഗ്യ കേന്ദ്രവുമായി.
നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്) അംഗീകാരം നേടിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന സ്കോറായ 95.8 മാർക്ക് കരസ്ഥമാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. ഒ.പി, ലബോറട്ടറി, ദേശീയ ആരോഗ്യ പരിപാടികൾ, ജനറൽ അഡ്മിനിസ്ട്രേഷൻ എന്നീ വിഭാഗങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ, അണുബാധാ നിയന്ത്രണം, ശുചിത്വം, ഗുണമേന്മ, രോഗീ സൗഹൃദം, അവശ്യമരുന്നുകളുടെ ലഭ്യത, ജീവനക്കാരുടെ കാര്യക്ഷമത, മാലിന്യ നിർമാർജനം, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ കൃത്യതയോടെ ചെയ്യുന്നു. കായകൽപ്പ, കാഷ്, ഹരിത കേരളം പുരസ്കാരങ്ങൾ എന്നിവ നേടിയിട്ടുണ്ട്.
കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയുടെ വികസനത്തിൽ സംസ്ഥാന സർക്കാർ, എം.എൽ.എ, - മറ്റിതര ഏജൻസികൾ,- ജനകീയകൂട്ടായ്മ എന്നീ ഇടപെടലുകൾ ശ്രദ്ധേയമാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം നേടിയ ഡോ. സി.ഒ. അനൂപാണ് മെഡിക്കൽ ഓഫീസർ.
എമർജൻസി അക്യുട്ട് കെയർ യൂണിറ്റ്
പ്രാഥമീകാരോഗ്യ കേന്ദ്രത്തിൽ സംസ്ഥാനത്ത് ആദ്യമായി എമർജൻസി ആൻഡ് അക്യുട്ട് കെയർ യൂണിറ്റ് സജ്ജമാക്കി. ഹൃദയസ്തംഭനമടക്കുള്ള അടിയന്തര സാഹചര്യങ്ങളിൽ പരിചരണം നൽകാൻ സാധിക്കുന്ന സംവിധാനമുണ്ട്. ഡിഫിബ്രിലേറ്റർ കാർഡിയാക് മോണിറ്ററുകൾ, ക്രാഷ് കാർട്ടുകൾ, എമർജൻസി മെഡിസിനുകൾ എന്നിവ ഉൾപ്പെടുന്ന റെസസിറ്റേഷൻ ബേ എന്നിവ ഉൾപ്പെടുന്നതാണ് എമർജൻസി മാനേജ്‌മെന്റ് സിസ്റ്റം. ശസ്ത്രക്രിയാ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ട്രോമ ബേയും, രണ്ട് ഒബ്സസർവേഷൻ വാർഡുകളുമുണ്ട്.
അത്യാധുനിക ലബോറട്ടറി
ഒരു രോഗിയിൽനിന്ന് ഒരു തവണ പരിശോധനാ സാമ്പിൾ ശേഖരിച്ചാൽ രണ്ട് മിനിറ്റിനകം 27 ടെസ്റ്റ് നടത്താൻ സാധിക്കുന്ന ലാബ് സൗകര്യമുണ്ട്. അതിനൂതന ഫുള്ളി ഓട്ടോമാറ്റഡ് ഹേമറ്റോളജി അനലൈസർ വഴി സമയം ഏറെ ലാഭിക്കാൻ സാധിക്കും.
അടിസ്ഥാന സൗകര്യം
മികച്ചത്
അടിസ്ഥാന സൗകര്യങ്ങൾ അതിവിപുലവും ആകർഷകവുമാണ്. ദന്തൽ യൂണിറ്റ്, ഫാർമസി, ശിശു സൗഹൃദ പ്രതിരോധ കുത്തിവയപ്പ് മുറി, രജിസ്ട്രേഷൻ കൗണ്ടർ, പ്രീ ചെക്കപ്പ് മുറി, ഗപ്പി ഹാച്ചറി, കുട്ടികൾക്കുള്ള ഇൻഡോർ ആൻഡ് ഔട്ട് ഡോർ കളിസ്ഥലം, പൂന്തോട്ടം തുടങ്ങിയവയുണ്ട്. ദന്തൽ സർജൻ ഉൾപ്പെടെ നാലു ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. തീരദേശ ജനതയുടെ ആശ്രയ കേന്ദ്രത്തിൽ ദിവസവും നാനൂറോളം പേർ ചികിത്സ തേടിയെത്തുന്നുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു