അഴീക്കോട് : ചിങ്ങമെത്തുംമുമ്പ് ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങൾ പോലെ വീടിനോട് ചേർന്ന് മനോഹര തോട്ടമൊരുക്കി അഴീക്കോട് ചാലിലെ സിലേഷ്. മറുനാടൻ പൂക്കളില്ലാത്ത പൂക്കളമെന്ന സ്വപ്‌നത്തിനായാണ് ഈ കർഷകന്റെ കഠിനാധ്വാനം. ജില്ലാ പഞ്ചായത്തിന്റെ "ഓണത്തിന് ഒരുകൊട്ട പൂവ്’ പദ്ധതിയിലൂടെ തുടർച്ചയായ രണ്ടാംവർഷമാണ് സിലേഷ് പൂകൃഷിയിൽ നൂറുമേനി കൊയ്യുന്നത്.
സിലേഷും കുടുംബാംഗങ്ങളുമുള്ള നന്മ ഗ്രൂപ്പാണ് കൃഷി നടത്തിയത്. വീടിനോട് ചേർന്ന് 30 സെന്റിലാണ് വെള്ള, ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ചെണ്ടുമല്ലി (ചെട്ടി), വാടാർമല്ലി എന്നിവ കൃഷി ചെയ്തത്. 5000 ചെടികളാണ് നട്ടത്. ജില്ലാ പഞ്ചായത്ത് നൽകിയ ചെടികൾ കൂടാതെ ചാലോടുള്ള ജില്ലാ പഞ്ചായത്ത് ഫാമിൽനിന്ന് ചെടികൾ വാങ്ങിയും കൂടാതെ വിത്തിട്ട് മുളപ്പിച്ചുമാണ് കൃഷി തുടങ്ങിയത്. ഒരു ചെടിയിൽ 70 പൂക്കൾവരെയുണ്ടാകാറുണ്ടെന്നും കൃത്യമായി പരിപാലിച്ചാൽ പൂകൃഷി നടത്തി വിജയിപ്പിക്കാൻ സാധിക്കുമെന്നും സിലേഷ് പറഞ്ഞു. ഇത്തവണത്തെ വിളവെടുപ്പ് 13ന് വൈകിട്ട് നാലിന് കെ.വി. സുമേഷ് എം.എൽ.എ ഉദ്‌ഘാടനംചെയ്യും. വർക്ക് ഷോപ്പ് ജീവനക്കാരനായ സിലേഷ് വീടിന് സമീപത്തെ വയലുകളിലും പറമ്പുകളിലും നെല്ല്, പച്ചക്കറി എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൽപാദിപ്പിച്ച പൂക്കൾ കഴിഞ്ഞവർഷം ഗ്രാമങ്ങളിലെ വിപണിയിൽ വൻതോതിൽ വിറ്റഴിഞ്ഞിരുന്നു. ഇത്തവണ ജില്ലാപഞ്ചായത്തിനുകീഴിലെ നാല് ഫാമുകളിലായി രണ്ടുലക്ഷം തൈ ഉൽപാദിപ്പിച്ചു. 15 ലക്ഷം രൂപയാണ് പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു