കണ്ണൂർ : ഓണത്തെ വരവേൽക്കാൻ എങ്ങും പൂക്കളുടെ ആരവം. വർണപ്പകിട്ടും സുഗന്ധവും പകരാൻ വിവിധ ഇനം പൂക്കൾ നാട്ടിലും നഗരങ്ങളിലും നിറഞ്ഞു. തെളിഞ്ഞ കാലാവസ്ഥ പൂവിപണിയെ സജീവമാക്കി.
ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയിൽ ജില്ലാ പഞ്ചായത്ത് വ്യാപകമായി കൃഷി നടത്തിയതിനാൽ തദ്ദേശീയ പൂക്കളും യഥേഷ്‌ടം വിപണയിലെത്തുന്നുണ്ട്. ഇതിനാൽ നിലവിൽ പൂവുകൾക്ക് പൊള്ളും വിലയില്ല.
പല നിറങ്ങളുള്ള പൂക്കൾ വിൽപ്പനയ്‌ക്കെത്തിയതോടെ ഓണത്തിന്റെ മുഴുവൻ ആഹ്ലാദവും പ്രതിഫലിക്കുന്നു. വീട്ടുമുറ്റങ്ങളിലെ പൂക്കളം അവസാന ദിവസങ്ങളിലേക്ക് മാറ്റിവച്ച് സ്ഥാപനങ്ങളും ഓഫീസുകളും കലാലയങ്ങളും പൂക്കളമൊരുക്കുന്ന തിരക്കിലാണ്. പൂക്കച്ചവടക്കാരും പ്രതീക്ഷയിലാണ്. എല്ലാ തരത്തിലുള്ള പൂക്കളും വിപണിയലിലെത്തിക്കാൻ മത്സരിക്കുകയാണ് അവർ. അത്തം മുതൽ തന്നെ ചെറുതും വലുതുമായ കച്ചവടക്കാർ വഴിയോര വിപണി കീഴടക്കി.
ഗുണ്ടൽപേട്ടിൽ നിന്നാണ് കൂടുതൽ പൂവുകൾ കണ്ണൂരിലെത്തുന്നത്. മൈസൂരു, ബംഗളൂരു, കുടക് എന്നിവിടങ്ങളിൽനിന്നും പൂക്കളെത്തുന്നു. ചെണ്ടുമല്ലി, ജമന്തി, അരളി, ഡാലിയ, റോസ്, സൂര്യകാന്തി തുടങ്ങിയവ വിപണിയിലുണ്ട്. ചെണ്ടുമല്ലി മഞ്ഞയ്‌ക്ക് ഒരു കിലോവിന് 160 രൂപയാണ് വില. വെള്ള ചെണ്ടുമല്ലിക്ക് 600 രൂപയുണ്ട്.
മറ്റു പൂവുകൾക്ക് ശരാശരി കിലോയ്‌ക്ക് 500 മുതൽ വിലയുണ്ട്. ബംഗളൂരുവിലും മറ്റും പൂജാ ആഘോഷം നടക്കുന്നതിനാൽ വില കൂടാനിടയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു