ഓണക്കാലത്ത് കണ്ണുകള്‍ക്ക് കുളിരു പകര്‍ന്നിരുന്ന നാട്ടുപൂക്കള്‍ നാടുനീങ്ങുന്നു. അത്തം പിറന്നാല്‍ ഓണപ്പൂക്കള്‍ തേടി നടന്നിരുന്ന പഴയ തലമുറയുടെ ഓര്‍മ്മകളിലെ നീലവസന്തം മാഞ്ഞുമായുകയാണ്.
കാക്കപ്പൂക്കളും കൃഷ്ണപ്പൂക്കളും വിരിഞ്ഞുനിന്ന പാറപ്പുറങ്ങള്‍ ചെങ്കല്‍പണകള്‍ക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു.
കണ്ണൂര്‍ -കാസര്‍കോട് ജില്ലകളിലെ ഇടനാടൻ ചെങ്കല്‍ പാറപ്പരപ്പുകളില്‍ സമൃദ്ധമായിരുന്നു കാക്കപ്പൂക്കളും കൃഷ്ണപൂക്കളും. നീലപ്പട്ടു വിരിച്ചതുപോലുള്ള വര്‍ണ്ണക്കാഴ്ച്ച. കാക്കപ്പൂവുകള്‍ വിരിയുന്ന പ്രധാന ചെങ്കല്‍ കുന്നുകളായിരുന്നു മാടായിപ്പാറ. കഴിഞ്ഞ മൂന്ന് വര്‍ഷമായി മാടായിപ്പാറയില്‍ വളരെ കുറച്ചു പൂവുകള്‍ മാത്രമാണ് വിരിയുന്നത്. കാക്കപ്പൂവുകള്‍ വിരിയുന്ന ജില്ലയിലെ മറ്റു പ്രധാന പ്രദേശങ്ങള്‍ പരിയാരം പഞ്ചായത്തിലെ കാരകുണ്ട്, കടന്നപ്പള്ളി പഞ്ചായത്തിലെ അവുങ്ങുംപൊയില്‍, ഏഴുംവയല്‍, ഞണ്ടുമ്ബലം, ചപ്പാരപ്പടവ് പഞ്ചായത്തിലെ നാടുകാണിപ്പാറ, കുറുമാത്തൂര്‍ പഞ്ചായത്തിലെ കൂനം, കുളത്തൂര്‍, ചെങ്ങളായി പഞ്ചായത്തിലെ മാവിലുംപാറ, എരമം കുറ്റൂര്‍ പഞ്ചായത്തിലെ വെള്ളോറ, പെരിങ്ങോംപാറ, കാസര്‍കോട് ജില്ലയിലെ ചീമേനിയിലെ അരിയിട്ടപ്പാറ എന്നീ പ്രദേശങ്ങളാണ്.
കാലാവസ്ഥാ വ്യതിയാനവും കഴിഞ്ഞ മൂന്നു വര്‍ഷമായി കാക്കപ്പൂ വിരിയുന്നതില്‍ കുറവ് വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളവയാണ് കണ്ണൂര്‍ കാസര്‍കോട് ജില്ലയിലെ മിക്കവാറും ചെങ്കല്‍പ്പാറ പ്രദേശങ്ങള്‍. ഇവിടെയെല്ലാം മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമിയെല്ലാം ഭവനരഹിതര്‍ക്കു പതിച്ചു നല്‍കുകയും മറ്റു നിര്‍മ്മാണ പദ്ധതികള്‍ക്കായി അനുവദിക്കുകയും ചെയ്തു. സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ളവയില്‍ ചെങ്കല്‍ ഖനനം വ്യാപകമാണ്.
കണ്ണൂര്‍ ജില്ലയിലെ ഇടനാടൻ ചെങ്കല്‍ പാറകള്‍ പ്രധാന ജലസംഭരണ കേന്ദ്രങ്ങളാണ്. കാലവര്‍ഷസമയത്ത് ചെങ്കല്‍പ്പാറകളും, പാറക്കുളങ്ങളും സംഭരിക്കുന്ന മഴവെള്ളമാണ് നമ്മുടെ പുഴകളുടെയും തോടുകളുടെയും ജലസ്രോതസ്സുകള്‍. പുതിയ നിര്‍മ്മാണങ്ങളും, ചെങ്കല്‍ ഖനനവും ഇവയെ ഇല്ലാതാക്കുന്നതോടെ വരള്‍ച്ച വ്യാപകമാവും. ചപ്പാരപ്പടവിനടുത്ത് കടന്നപ്പള്ളി പഞ്ചായത്തിലെ ഞണ്ടമ്ബലത്തിലെ പാറക്കുളത്തിനു സമീപം റോഡ് ടാറിംഗിനായി ഏക്കര്‍ കണക്കിന് സ്ഥലത്ത് അതിനായുള്ള സാധന സാമഗ്രികള്‍ കൂട്ടിയിട്ടിരിക്കുന്നു. ഈ പാറക്കുളം ഇനി എത്രനാളുണ്ടാവുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. അടുത്ത തലമുറക്ക് വേണ്ടി ഈ പൂക്കള്‍ സംരക്ഷിക്കണമെന്ന് മലബാര്‍ അസോസിയേഷൻ ഫോര്‍ നേച്ചര്‍ ചെയര്‍മാൻ ഡോ. എം.വി. ദുരൈ പറഞ്ഞു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു