കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ റിസർവേഷൻ കൗണ്ടർ തുറന്നു. അവധിയാത്രാത്തിരക്കിൽ ടിക്കറ്റ് റിസർവ് ചെയ്യാനെത്തുന്നവർക്ക് ഇത് ഗുണമാകും. രാവിലെ 10 മുതൽ അഞ്ചുവരെയാണ് പ്രവർത്തനസമയം.
നിലവിൽ കിഴക്കെ കവാടത്തിൽ രണ്ട് റിസർവേഷൻ കൗണ്ടറാണുള്ളത്. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് സമയം. ഓണ സീസണിൽ ഉൾപ്പെടെ യാത്രക്കാർക്ക് ഈ കൗണ്ടർ ഉപകാരമാകുമെന്ന് സ്റ്റേഷൻ മാനേജർ സി. സജിത്‌കുമാർ പറഞ്ഞു.
അൺ റിസർവ്ഡ് ടിക്കറ്റ് എടുക്കാൻ ഒന്നാം പ്ലാറ്റ്‌ഫോമിലും കിഴക്കെ കവാടത്തിലും മൂന്ന് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുണ്ട്. ടിക്കറ്റ് നൽകാൻ നടത്തിപ്പുകാരും. എല്ലാ സമയവും ഇവരുടെ സേവനം ലഭ്യമാക്കും. ഇതിന് റെയിൽവേ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ചില സമയങ്ങളിൽ നടത്തിപ്പുകാർ മെഷീൻ പൂട്ടിപ്പോകുന്നത് പരാതിക്കിടയാക്കായിരുന്നു.
യാത്രക്കാർക്ക് യു.ടി.എസ്. ഓൺ മൊബൈൽ ആപ്പും ഉപയോഗിക്കാം. സ്റ്റേഷനിലെത്തിയാണ് ടിക്കറ്റെടുക്കുന്നതെങ്കിൽ അവിടെ പതിച്ച ക്യു.ആർ. കോഡ് ആപ്പിലൂടെ സ്കാൻ ചെയ്ത് ടിക്കറ്റ് എടുക്കാം. സ്റ്റേഷനിൽ ക്യു.ആർ. കോഡ് സ്കാനിങ് സംവിധാനമുണ്ട്. ദിവസടിക്കറ്റ്, സീസൺ ടിക്കറ്റ് ഉൾപ്പെടെയും എടുക്കാം.
*ക്ലോക്ക് റൂം തുറന്നു*
തീവണ്ടിയാത്രക്കാരുടെ ബാഗ് ഉൾപ്പെടെ സൂക്ഷിക്കാനുള്ള ക്ലോക്ക്‌റൂം കണ്ണൂരിൽ തുറന്നു. ഒന്നാം പ്ലാറ്റ്‌ഫോമിലാണ് ക്ലോക്ക് റൂം പ്രവർത്തിക്കുന്നത്. ഏജൻസിയാണ് കൈകാര്യം ചെയ്യുന്നത്. ഇവിടെ യാത്രക്കാരുടെ സാധനങ്ങൾ സുരക്ഷിതമായി ഏൽപ്പിക്കാം. പാഴ്‌സൽ വിഭാഗമാണ് മേൽനോട്ടം. പൂട്ടിയ (ലോക്ക്) ബാഗുകൾ മാത്രമാണ് ഇവിടെ സൂക്ഷിക്കുക. ക്ലോക്ക് റൂമിന് ഒരു ബാഗിന് (പാക്കേജിന്) നിശ്ചിത സേവനനിരക്ക് നൽകണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു