മട്ടാഞ്ചേരി: പ്രമുഖ താളവാദ്യകലാകാരനും സംഗീത സംവിധായകനുമായ ഐ.എം. ഷക്കീർ (62) അന്തരിച്ചു. പ്രമുഖ ചലച്ചിത്ര പിന്നണിഗായകൻ അഫ്‌സലിന്റെ ജ്യേഷ്ഠസഹോദരനാണ്. ഇളയ സഹോദരനായ അൻസാറും ചലച്ചിത്ര പിന്നണിഗായകനാണ്. ഭാര്യമാർ: റഹദ, സൗദ. മക്കൾ: ഹുസ്‌ന, ഫർസാന, സിത്താര, അസീമ, അബ്ദുൾ ഹക്കിം. മരുമകൻ: മുഹമ്മദ് ഷിറാസ്.
കൊച്ചിൻ കലാഭവൻ, കൊച്ചിൻ കോറസ്, കൊച്ചിൻ ആർട്സ് അക്കാദമി തുടങ്ങിയ ഗാനമേള ട്രൂപ്പുകളിൽ കോംഗോ ഡ്രമ്മർ എന്ന നിലയിൽ ശ്രദ്ധേയനായി. 1980 മുതൽ തുടർച്ചയായി 12 വർഷക്കാലം യേശുദാസിന്റെ ഗാനമേള ട്രൂപ്പിൽ അംഗമായിരുന്നു. ദക്ഷിണാമൂർത്തി സ്വാമി മുതൽ എം. ജയചന്ദ്രൻ വരെയുള്ള സംഗീത സംവിധായകരുടെ നൂറുകണക്കിന് ഗാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ ആദ്യകാല ഇലക്ട്രോണിക്ക് റിഥം പ്രോഗ്രാമേഴ്‌സിൽ പ്രധാനിയായിരുന്ന ഇദ്ദേഹം, കീബോർഡ് ആർട്ടിസ്റ്റ് ജാക്സൺ അരുജയോടോപ്പം ചേർന്ന് ഷക്കീർ ജാക്‌സൺ എന്നപേരിൽ ജഗതി ആൻഡ് ജഗദീഷ് ഇൻ ടൗൺ, ഹൗസ് ഓണർ, സ്വർണമെഡൽ എന്നീ ചലച്ചിത്രങ്ങൾക്ക് പാട്ടുകൾ ഒരുക്കി. വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട് എന്ന ചിത്രത്തിൽ സ്വതന്ത്ര സംഗീത സംവിധായകനായി. നിരവധി പ്രണയഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും മാപ്പിള പാട്ടുകൾക്കും സംഗീതം പകർന്നിട്ടുണ്ട്.കബറടക്കം വെള്ളിയാഴ്ച 10-ന് കപ്പലണ്ടിമുക്ക് പടിഞ്ഞാറെ പള്ളി കബർസ്ഥാനിൽ.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു