പയ്യന്നൂർ:(www.kannooraanvartha.in) പയ്യന്നൂർ കണ്ടോത്തെവർക്ക്ഷോപ്പ് കുത്തിതുറന്ന് കാറുമായി കടന്നുകളഞ്ഞ അന്തർ സംസ്ഥാന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. മലപ്പുറം പുളിക്കൽ കിഴക്കയിൽ വീട്ടിൽ അജിത് (23), തൃശൂർ ചാലക്കുടി എരയകുടി ചെമ്പാട്ടെ ആർ.സി. റിയാസ് (22) എന്നിവരെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ മെൽബിൻ ജോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഫൽ അഞ്ചില്ലത്ത് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ 18 ന് ശനിയാഴ്ച രാത്രിയിലാണ് കണ്ടോത്ത് പ്രവർത്തിക്കുന്ന ടി പി ഓട്ടോ ഗാരേജിൻ്റെ പൂട്ട് പൊളിച്ച് കവർച്ച സംഘം റിപ്പയറിംഗ് പണി പൂർത്തിയാക്കി സൂക്ഷിച്ച തൃക്കരിപ്പൂർ വലിയപറമ്പ് സ്വദേശി പി.കെ. ഇർഷാദിൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ.60.കെ.0957 നമ്പർ കാർ കടത്തികൊണ്ടുപോയത്. 19 ന് രാവിലെ ഉടമ വർക്ക്ഷോപ്പ് തുറന്നപ്പോഴാണ് കാർ മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് വിവരം പോലീസിന് കൈമാറി. കാറിനകത്ത് സൂക്ഷിച്ചിരുന്ന ഉടമയുടെ മൊബൈൽ ഫോൺ കേസന്വേഷണത്തിൽ നിർണ്ണായക വഴിതിരിവായി. തുടർന്ന് പോലീസ് സംഘം മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് മാറാട് വെച്ച് കാർ കണ്ടെത്തി മോഷ്ടാക്കളെ പിടികൂടി പയ്യന്നൂരിലെത്തിക്കുകയായിരുന്നു. നിരവധി കവർച്ച കേസുകളിൽ പ്രതികളായ ഇവർ കർണ്ണാടകയിലെ മോഷണ കേസിൽ മംഗലാപുരത്തെ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് പയ്യന്നൂരിലെ വർക്ക്ഷോപ്പിൽ നിന്ന് കാറുമായി കടന്നു കളഞ്ഞത്.കൂട്ടുപ്രതിയായ മൂന്നാമന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു