കണ്ണൂര്‍ കോര്‍പറേഷന്റെ പടന്നപ്പാലം മലിനജല സംസ്‌കരണ പ്ലാന്റ് സെപ്റ്റംബര്‍ ആദ്യവാരം ഉദ്ഘാടനം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പടന്നപ്പാലത്തെ പ്ലാന്റ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു ദലശലക്ഷം ലിറ്റര്‍ മലിനജലം പ്രതിദിനം സംസ്‌കരിക്കാന്‍ കഴിയുന്ന പ്ലാന്റിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. അവസാനവട്ട ജോലികള്‍ മാത്രമാണ് ബാക്കിയുള്ളത്. മാലിന്യ സംസ്‌കരണ രംഗത്തെ വലിയ ചുവടുവെപ്പായി ഈ പ്ലാന്റ് മാറുമെന്ന് മന്ത്രി പറഞ്ഞു.
മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള ആളുകളുടെ ആശങ്കകള്‍, തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ഇതുപോലുള്ള പദ്ധതികള്‍ സഹായിക്കും. ഇത് ഒരു പൊതുഇടമായി വികസിപ്പിക്കാന്‍ കോര്‍പറേഷനോട് നിര്‍ദേശിച്ചതായി മന്ത്രി പറഞ്ഞു. ആളുകള്‍ക്ക് ധൈര്യമായി, സ്വതന്ത്രമായി വരാന്‍ കഴിയുന്ന ഇടങ്ങളാണ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ എന്ന ബോധ്യം ഉണ്ടാക്കാന്‍ കഴിയണം. മാലിന്യ സംസ്‌കരണ പ്ലാന്റ് അടുക്കാന്‍ പറ്റാത്ത സ്ഥലമാണെന്നത് പഴയ സങ്കല്‍പമാണ്. ഇവിടെ ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയോടൊപ്പം കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, മുന്‍ എം.എല്‍.എ എം.വി. ജയരാജന്‍, ഡെപ്യൂട്ടി മേയര്‍ കെ. ഷബീന ടീച്ചര്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം.പി. രാജേഷ്, അമൃത് മിഷന്‍ കേരള എം.ഡി. അലക്സ് വര്‍ഗീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ടി.ജെ. അരുണ്‍ എന്നിവര്‍ ഉണ്ടായിരുന്നു. കണ്ണൂര്‍ കോര്‍പറേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി.പി. വത്സന്‍, പദ്ധതിയുടെ കരാറുകാരായ തൃശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്ടിംഗ് കോ ഓപറേറ്റീവ് സൊസൈറ്റി പ്രൊജക്ട് മാനേജര്‍ കെ.പി. അരുണ്‍, ആര്‍.സി.എം ബിനീഷ് റോബിന്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു.
കോര്‍പറേഷനിലെ താളിക്കാവ്, കാനത്തൂര്‍ ഡിവിഷനുകളിലെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമുള്ള മലിനജലം പൈപ്പുകള്‍ വഴി ശേഖരിച്ച് പമ്പ് ചെയ്താണ് പ്ലാന്റില്‍ എത്തിക്കുന്നത്. ഇവിടെ എട്ട് ഘട്ടങ്ങളായാണ് മലിനജലം അത്യാധുനിക സാങ്കേതിക വിദ്യയില്‍ സംസ്‌കരിക്കുന്നത്. ഈ ജലം ജലസേചനം, കെട്ടിടനിര്‍മ്മാണം പോലുള്ളവയ്ക്ക് ഉപയോഗിക്കാന്‍ കഴിയും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു