ചെന്നൈ: നിരവധി കൊലപാതക കേസുകളിലും ഗുണ്ടാ അക്രമങ്ങളിലും പ്രതികളായവരെ വെടിവച്ച് കൊലപ്പെടുത്തി തമിഴ്‌നാട് പോലീസ്. ചെന്നൈ സ്വദേശികളായ വിനോദ്, രമേശ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30-നായിരുന്നു സംഭവം.
ചെന്നൈ നഗരത്തിനടുത്തുള്ള ഗുഡുവഞ്ചേരി എന്ന പ്രദേശത്ത് പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ സബ് ഇൻസ്പെക്ടർ ശിവഗുരുനാഥനെ ഇടിച്ച് വീഴ്ത്താൻ ശ്രമിച്ചതോടെയാണ് പ്രശ്നം വഷളാകുന്നത്. തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെട്ടെങ്കിലും പ്രതികളുടെ കാർ പോലീസ് വാഹനത്തിൽ ചെന്ന് ഇടിച്ചു. ഇതോടെ വാഹനത്തിൽ നിന്നും ഇറങ്ങിയ നാല് പേർ പോലീസിനെ അക്രമിക്കുകയായിരുന്നു.
തുടർന്ന് സ്വയംരക്ഷയ്ക്കായി ഉദ്യോഗസ്ഥർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് നിലവിൽ പോലീസ് നൽകുന്ന വിവരം. ഇവര്‍ പോലീസിന് നേരെ ബോംബെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. വെടിയേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച രണ്ട് പേർക്ക് പുറമെ വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
16 കൊലപാതകക്കേസുകൾ ഉൾപ്പെടെ 50-ലധികം കേസുകളിൽ പ്രതിയാണ് ഛോട്ടാ വിനോദ് എന്ന് അറയിപ്പെടുന്ന വിനോദ്. അതേസമയം, ആറ് കൊലപാതകങ്ങളുൾപ്പെടെ ഇരുപതോളം കേസുകളിൽ പ്രതിയാണ് രമേശ്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് തമിഴ്‌നാട് ഡി.ജി.പി ഉത്തരവിട്ടിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു