തലശ്ശേരി: മയക്കുമരുന്ന് വിപണനത്തിൽ പ്രധാന കണ്ണിയായി പ്രവർത്തിക്കുന്ന യുവാവിനെ ബ്രൗൺ ഷുഗറുമായി എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തലശ്ശേരി എക്സൈസ് റേഞ്ച് സംഘം നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് തലശ്ശേരിയിൽനിന്ന് യുവാവ് പിടിയിലായത്. തലശ്ശേരി എം.എം. റോഡിലെ പൊൻമാണിച്ചി വളപ്പിൽ വീട്ടിൽ റപ്പു എന്നു വിളിക്കുന്ന പി.വി. റഫ്നാസാണ് (31) അറസ്റ്റിലായത്. 50 മില്ലിഗ്രാം ബ്രൗൺ ഷുഗർ ഇയാളിൽനിന്ന് കണ്ടെടുത്തു. തലശ്ശേരി റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സെന്തിൽ കുമാറും സംഘവും പിന്നാലെ ഓടിയാണ് യുവാവിനെ എം.എം റോഡിൽനിന്ന് പിടികൂടിയത്.
പ്രിവന്റിവ് ഓഫിസർ വി.കെ. ഷിബു, സുധീർ വാഴവളപ്പിൽ, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) ഷെനിത്ത് രാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ ലെനിൻ എഡ്വേർഡ്, വി.കെ. ഫൈസൽ, വനിത സിവിൽ എക്സൈസ് ഓഫിസർ ജസ്ന ജോസഫ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളിൽ നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയാണ് റഫ്നാസെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്ന് ലഹരി ഉൽപന്നങ്ങളായ ബ്രൗൺ ഷുഗർ, എം.ഡി.എം.എ തുടങ്ങിയവ ട്രെയിൻ മാർഗം വഴി എറണാകുളത്ത് എത്തിച്ച് അവിടെനിന്ന് ബസ് മാർഗം തലശ്ശേരിയിൽ കൊണ്ടുവന്ന് ആവശ്യക്കാർക്ക് വിൽപന നടത്താറുണ്ടെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട റഫ്നാസ് പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു