കൂത്തുപറമ്പ് : കൂത്തുപറമ്പിലേയും പൂക്കോട്ടേയും അനധികൃത ബസ് ‘സ്റ്റോപ്പുകൾ’ ഗതാഗതക്കുരുക്ക് കൂട്ടുന്നു. കൂത്തുപറമ്പ് സ്റ്റാൻഡിൽനിന്നിറങ്ങി വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസ് തോന്നിയിടത്ത് നിർത്തി യാത്രക്കാരെ കയറ്റുന്നതാണ് പ്രശ്നമാകുന്നത്. തലശ്ശേരിഭാഗത്തേക്ക് പോകുന്ന ബസുകൾ സ്റ്റാൻഡിൽ നിന്നിറങ്ങി കൂത്തുപറമ്പ് ജി.എച്ച്.എസ്.എസിലേക്ക് പോകുന്ന വഴിയിൽ നിർത്തി യാത്രക്കാരെ കയറ്റുന്നത് വലിയ കുരുക്കുണ്ടാക്കുന്നുണ്ട്.
താലൂക്കാസ്പത്രിക്ക് മുന്നിൽ നരവൂർ റോഡിന്റെ മുന്നിലും പിന്നിലുമായി നിർത്തിയിട്ടാണ് യാത്രക്കാരെ കയറ്റുന്നത്. ഇത് പലപ്പോഴും ബസ് ജീവനക്കാരും മറ്റ് വാഹനയാത്രക്കാരുമായി വാക്‌തർക്കത്തിനും ഇടയാക്കുന്നു. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾക്ക് കവലയ്ക്ക് തൊട്ടുമുന്നിലായി നിർത്തിയിട്ട് യാത്രക്കാരെ കയറ്റാനാണ് അനുമതിയുള്ളതെങ്കിലും പലപ്പോഴും പല സ്ഥലങ്ങളിലായി നിർത്തി യാത്രക്കാരെ കയറ്റുന്നുണ്ട്.
മട്ടന്നൂർ റോഡിൽ കൂത്തുപറമ്പിലേക്ക് വരുന്ന ബസുകൾ മൂര്യാട് റോഡിന് പിന്നിലായി നിർത്തി യാത്രക്കാരെ കയറ്റണണമെന്നാണ് നിർദേശം. ഇവിടെയും റോഡിന് മുന്നിലായി നിർത്തുന്നു. പൂക്കോട് ജങ്ഷനിൽ കൂത്തുപറമ്പ് ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്നതും മറ്റ് വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. 100 മീറ്ററോളം മാറി ബസ് സ്റ്റോപ്പുണ്ടെങ്കിലും ഇവിടെ ബസ് നിർത്താറില്ലെന്ന് യാത്രക്കാർ പറയുന്നു.
കെ.എസ്.ടി.പി. റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിൽ ഡിവൈഡർ നിർമിച്ചിരുന്നു. ഇതോടെ ബസ് സ്റ്റോപ്പ് കുറച്ചുകൂടി മുന്നോട്ടുമാറ്റി. എന്നാൽ, ഇപ്പോഴും ഡിവൈഡർ തുടങ്ങുന്ന ഭാഗത്ത് തന്നെയാണ് ബസ് നിർത്തുന്നത്. ഇവിടെ ബസ് നിർത്തുന്നതോടെ പിറകിൽ വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാകും. അതോടെ പാനൂർ ഭാഗത്തുനിന്ന് കടന്നുവരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാകും.
ഇവിടെ ബസ് നിർത്തുന്നതിനാൽ കാത്തിരിപ്പുകേന്ദ്രത്തിൽ നിൽക്കുന്നവർക്ക് ബസ് കിട്ടാറില്ല. അതിനാൽ, യാത്രക്കാർ ബസ് നിർത്തുന്നിടത്താണ് നിൽക്കുന്നത്. കാത്തിരിപ്പുകേന്ദ്രത്തിനു സമീപം ബസ് നിർത്താനുള്ള നടപടി സ്വീകരിച്ചാൽ ഇവിടെയുള്ള പ്രശ്നം പരിഹരിക്കാമെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, പാനൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം കുറച്ചുകൂടെ മുന്നോട്ട് മാറ്റിയതിനാൽ ഇവിടെ ഗതാഗതക്കുരുക്കിന് ശമനമുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു