ഇരിട്ടി: പേരാവൂർ മണ്ഡലത്തിലെ പട്ടികജാതി, പട്ടികവർഗ കോളനികളിലെ പട്ടയ പ്രശ്നം ഉൾപ്പെടെ ഭൂമി സംബന്ധമായ എല്ലാ പ്രശ്നങ്ങളും ഡിസംബറിനുള്ളിൽ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ സി.വി. പ്രകാശന്റെ ഉറപ്പ്. റവന്യു വകുപ്പിന്റെ സഹകരണത്തോടെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പേരാവൂർ നിയോജകമണ്ഡലം തല പ്രഥമ പട്ടയ അസംബ്ലിയിലാണ് തഹസിൽദാർ ഇക്കാര്യം അറിയിച്ചത്.
പട്ടയം ഉൾപ്പെടെ ഭൂമി സംബന്ധമായ പ്രശ്നങ്ങളിൽ ഉയർന്ന ക്രീയാത്മ നിർദ്ദേശങ്ങളും പരാതികളും പരിഹാര മാർഗങ്ങളും പ്രതീക്ഷ ഉണർത്തി. സണ്ണിജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന അസംബ്ലിയിൽ നിയോജക മണ്ഡലത്തിലെ ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തല ജനപ്രതിനിധികളും തഹസിൽദാറും ഉദ്യോഗസ്ഥരും പങ്കെടുത്തു.
നിയോജക മണ്ഡലത്തിലെ പട്ടികജാതി, പട്ടികവർഗ്ഗ കോളനികളിലെ പട്ടയ പ്രശ്നം ഉൾപ്പെടെ ഭൂമി സംബന്ധമായ എല്ലാ പ്രശ്നങ്ങളും ഡിസംബറിനുള്ളിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ സി.വി പ്രകാശൻ യോഗത്തിന് ഉറപ്പുനൽകി.
ആദിവാസി മേഖലയിൽ നിന്നും 513 പരാതികളാണ് ലഭിച്ചത്. ഊര് മൂപ്പന്റെ പേരിൽ പട്ടയം ലഭിച്ച കോളനികളിലെ കുടുംബങ്ങൾക്ക് ഭൂമി അളന്ന് തിട്ടപെടുത്തി ഉടൻ പട്ടയം നൽകുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കും. പട്ടയം ഇല്ലാത്ത കോളനികളിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഓരോ കുടുംബത്തിന്റേയും ഭൂമി അളന്ന് അതിരുകൾ നിശ്ചയിച്ച് അതാത് കുടുംബങ്ങളെ ഏൽപിക്കും.
അതിനുമുന്പ് ഒരോ കുടുംബത്തിനും ലഭിച്ച ഭൂമിയുടെ അളവ് അവരെ ബോധ്യപ്പെടുത്തും. ഓണത്തിന് മുമ്പ് ഭൂമി അളന്നു തിട്ടപ്പെടുത്താനാണ് തീരുമാനം. പുതുവത്സര സമ്മാനമായി അവർക്ക് പട്ടയവും നൽകാൻ കഴിയണമെന്ന തഹസിൽദാരുടെ ക്രിയാത്മകമായ നിർദ്ദേശം യോഗത്തിൽ ജനപ്രതിനിധികൾ കയ്യടികളോടെയാണ് സ്വീകരിച്ചത്.
ഇരിട്ടി നഗരസഭയിൽ മാത്രം സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത 71 കുടുംങ്ങൾ ഉണ്ടെന്ന് ചെയർപേഴ്സൺ കെ. ശ്രീലത യോഗത്തെ അറിയിച്ചു.
കോളനികളിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം കണ്ടെത്തി ഭൂമി ഇല്ലാത്തവർക്ക് നൽകാൻ കഴിയണമെന്ന് അവർ പറഞ്ഞു. വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ അതാത് പഞ്ചായത്ത് പ്രസിഡന്റുമാർ ഉന്നയിച്ചു.
പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം ഉണ്ടാക്കാൻ ആറുമാസത്തിന് പകരം മൂന്ന് മാസത്തിലൊ രിക്കലെങ്കിലും പട്ടയ അസംബ്ലി കൂടാനുള്ള നടപടി ഉണ്ടാക്കാണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സണ്ണി ജോസഫ് എംഎൽഎ നിർദ്ദേശിച്ചു.
യോഗത്തിൽ എംഎൽഎയ്ക്ക് പുറമെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സുധാകൻ, കെ.വേലായുധൻ, ജില്ലാപഞ്ചായത്തംഗം ലിസി ജോസഫ്, ഗ്രാമപഞ്ചായത്ത് ഭാരവാഹികളായ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, കെ.പി. രാജേഷ്, ടി. ബിന്ദു, റോയി നമ്പുടാങ്കം, ആന്റണി സെബാസ്റ്റ്യൻ, മിനി വിശ്വനാഥൻ, വേണുഗോപാലൻ, പി. രജനി, ബീന റോജസ്, ബിജോയി പ്ലാത്തോട്ടം, ജോസ് എ.വൺ, ഐസക് ജോസഫ്, താലൂക്ക് ഭൂരേഖാ വിഭാഗം തഹസിൽദാർ എം. ലക്ഷ്മണൻ എന്നിവരും സംബന്ധിച്ചു.
മട്ടന്നൂർ നിയോജക മണ്ഡലം തല അസംബ്ലി 24ന് കെ.കെ. ശൈലജ എംഎൽഎയുടെ അധ്യക്ഷതയിൽ മട്ടന്നൂർ നഗരസഭാ ഹാളിൽ നടക്കും.
Advertisement
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു