ചപ്പാരപ്പടവ് : ചപ്പാരപ്പടവ് പഞ്ചായത്തിലെ കാട്ടാമ്പള്ളി, രാമപുരം, തേറണ്ടി, എളമ്പേരം, പടപ്പേങ്ങാട്, ആറാംവയൽ, മേഖലകളിൽ കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ശല്യം രൂക്ഷമായി.
കൃഷി ചെയ്താൽ ആദായമെടുക്കാൻ കഴിയാത്ത അവസ്ഥയിൽ കൃഷിവിളകൾ മുച്ചൂടും നശിപ്പിക്കുകയാണ് കാട്ടുപന്നിയും കുരങ്ങും. തെങ്ങിൽ നിന്നുള്ള കായ്ഫലം കിട്ടുന്നില്ലെന്നു മാത്രമല്ല മച്ചിങ്ങ (വെള്ളയ്ക്ക) ആകുമ്പോൾ തന്നെ പറിച്ചെറിയുകയാണ്.
വാഴകൾ മുഴുവൻ നശിപ്പിച്ചു. പച്ചക്കറികൾ ഒന്നും കിട്ടാത്ത അവസ്ഥയാണ്. തെങ്ങ്, കവുങ്ങ്, പ്ലാവ്, റംബൂട്ടാൻ തുടങ്ങിയവ കുരങ്ങൻ നശിപ്പിക്കുമ്പോൾ കപ്പ, ചേന, ചേമ്പ്, കാച്ചിൽ എന്നിവ പന്നികൾ നശിപ്പിക്കുകയാണ്. പലരും കൃഷി തന്നെ നിർത്തിയിരിക്കുകയാണ്.
കുട്ടികുരങ്ങൻമാരടക്കം രാവിലെ തന്നെ എത്തുന്ന സംഘം വൈകുന്നേരം വരെ തമ്പടിച്ചു നാശം വരുത്തിയ ശേഷമാണ് മടക്കം. കാർഷിക മേഖലയക്കു പുറമേ വീടുകളുടെ ഓടുകൾ പൊട്ടിക്കൽ, ബൾബുകൾ അടിച്ചുപൊട്ടിക്കൽ, വീട്ടുപകരണങ്ങൾക്ക് കേടുപാട് വരുത്തൽ എന്നിവയും കുരങ്ങുകളുടെ പതിവാണ്. വീട് തുറന്നിട്ടാൽ അകത്തുകയറി ഭക്ഷണ സാധനങ്ങൾ അടക്കം നശിപ്പിക്കുന്ന സംഭവവും ഉണ്ട്. ഓടിക്കാൻ ചെന്നാൽ അക്രമാസക്തമാവുകയും ചെയ്യും. ഭക്ഷണം തേടിയെത്തുന്ന വാനരൻമാർ കൂടുതൽ കാർഷിക, ജനവാസ മേഖലകളിലേക്കു കടക്കുകയാണ്. ഇത് കൃഷിമേഖലയ്ക്കു കനത്ത വെല്ലുവിളിയാണു നേരിടുന്നത്.
പ്രദേശവാസികൾ വന്യമൃഗങ്ങളെക്കൊണ്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പലതവണ വനം വകുപ്പ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയുണ്ട്. കുരങ്ങുകളെ കെണി വെച്ച് പിടിക്കാൻ ഉള്ള സൗകര്യമൊരുക്കാം എന്ന് പറഞ്ഞെങ്കിലും അതും നടന്നില്ല. ഇത്തരത്തിൽ കെണി വെച്ച് പിടിക്കുന്ന കുരങ്ങുകളെ വനംവകുപ്പ് വന്ന് കൊണ്ട് പോകുന്നത് വരെ നാശനഷ്ടം നേരിട്ട കർഷകൻ പഴവർഗങ്ങൾ കൊടുത്ത് സംരക്ഷിക്കേണ്ട അവസ്ഥയാണെന്ന് കർഷകർ പറയുന്നു.
Advertisement
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു