കെട്ടിടങ്ങളുടെ വിസ്തീർണവിവരം മറച്ചുവെച്ചാൽ നികുതിക്കൊപ്പം വലിയ പിഴയും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: ക്രമവിരുദ്ധമായി വിസ്തീർണം കൂട്ടിയ കെട്ടിടങ്ങൾക്കുള്ള പിഴത്തുക ഉയർത്തും. ഇതിനായി കേരള കെട്ടിടനികുതി നിയമ (ഭേദഗതി) ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

ഒറ്റത്തവണ കെട്ടിടനികുതി അടയ്ക്കുമ്പോൾ കൊടുക്കുന്ന സത്യവാങ്മൂലത്തിൽ തെറ്റായ വിവരം നൽകിയാൽ ഒറ്റത്തവണ കെട്ടിടനികുതിയുടെ 50 ശതമാനം തുക പിഴയീടാക്കും. നിലവിൽ തെറ്റായ വിവരം നൽകുന്നവർക്ക് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ആറുമാസം തടവോ ആയിരംരൂപ പിഴയോ രണ്ടുകൂടിയോ ആണ് ശിക്ഷ.

3000 ചതുരശ്രയടിക്കു മുകളിൽ വിസ്തീർണമുള്ള ഗാർഹിക കെട്ടിടങ്ങൾക്കും ബഹുനിലമന്ദിരങ്ങൾക്കും ഈടാക്കുന്ന ആഡംബരനികുതി (ലക്ഷ്വറി ടാക്സ്) കേന്ദ്രത്തിലേക്കു പോകുന്നത് തടയാനുള്ള വ്യവസ്ഥകളും ഓർഡിനൻസിൽ ഉൾപ്പെടുത്തി. ഇത് സംസ്ഥാനത്തിനോ തദ്ദേശസ്ഥാപനങ്ങൾക്കോ ലഭിക്കാനായി ആഡംബരനികുതിയുടെ പേര് ‘അഡീഷണൽ നികുതി’യെന്നാക്കും.

കെട്ടിടനികുതി നിർണയ അപ്പീലുകളിൽ സ്ഥലപരിശോധന നടത്തി തീരുമാനമെടുക്കാൻ കളക്ടർമാർക്ക് മൂന്നുമാസത്തെ സാവകാശം നൽകിയിരുന്നു. ഈ സമയപരിധി ഒരുവർഷമായി ഉയർത്താനുള്ള ഭേദഗതികളും ഓർഡിനൻസിൽ ഉൾപ്പെടുത്തി.

1973 ഏപ്രിൽ ഒന്നിനാണ് കേരള കെട്ടിടനികുതിനിയമം നിലവിൽവന്നത്. തറവിസ്തീർണം അടിസ്ഥാനമാക്കിയാണ് ഒറ്റത്തവണ കെട്ടിടനികുതിയും ആഡംബരനികുതിയും ഈടാക്കുന്നത്. ഈ രണ്ടു നികുതികളും ചുമത്തുന്നതും പിരിച്ചെടുക്കുന്നതും റവന്യൂവകുപ്പാണ്.

ഫ്ലാറ്റിന് തഹസിൽദാറുടെ പരിശോധനയില്ല

നിലവിൽ ഫ്ളാറ്റുകൾ നിർമിക്കാൻ തദ്ദേശസ്ഥാപനങ്ങൾ അംഗീകരിച്ചുനൽകുന്ന പ്ലാൻപ്രകാരം തഹസിൽദാർമാർ സ്ഥലം സന്ദർശിച്ച് പുനഃപരിശോധന നടത്തിയാണ് അനുമതി നൽകുന്നത്. ഇനിമുതൽ തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന രേഖകളിൽ തഹസിൽദാറുടെ നേരിട്ടുള്ള പരിശോധന ഉണ്ടാവില്ല. ആ രേഖകൾ അംഗീകരിച്ചുനൽകൽമാത്രമാകും റവന്യൂവകുപ്പ് ചെയ്യുക.

ഒരേ കെട്ടിടത്തിൽ വ്യത്യസ്ത വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വ്യത്യസ്ത ഫ്ളാറ്റുകളും അപ്പാർട്ട്‌മെന്റുകളും ഉണ്ടെങ്കിൽ ഓരോന്നിനെയും പ്രത്യേക കെട്ടിടമായി കണക്കാക്കും.

ഒരു വ്യക്തി ഒന്നിലധികം ഫ്ളാറ്റ്, അപ്പാർട്ട്‌മെന്റ് വാങ്ങുന്ന സാഹചര്യത്തിൽ അവ ഒന്നായി ബന്ധപ്പെട്ടുകിടക്കുകയാണെങ്കിൽ അതിനെ ഒറ്റയൂണിറ്റായി കണക്കാക്കും. അതുപ്രകാരമാവും കെട്ടിടനികുതിയും അഡീഷണൽ നികുതിയും ഈടാക്കുക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha