കയറില്‍ തൂങ്ങി പുഴയ്ക്ക് മുകളില്‍ കെഎസ്‌ഇബി ജീവനക്കാരുടെ റസ്‌ക്യൂ ഓപ്പറേഷന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചിറ്റാരിക്കാല്‍: ആര്‍ത്തലച്ചുപെയ്യുന്ന മഴയും റെഡ് അലര്‍ട്ടുമായി കാസര്‍ഗോഡ് ജില്ലയില്‍ മിക്കവരും വീട്ടിലിരുന്ന ദിവസമായിരുന്നു വ്യാഴാഴ്ച.

ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ചിറ്റാരിക്കാല്‍ നല്ലോംപുഴ കെഎസ്‌ഇബി സെക്ഷനിലേക്ക് ഒരു അടിയന്തര വിവരം കിട്ടുന്നത്. പെരുമ്ബട്ട എന്ന സ്ഥലത്ത് തേജസ്വിനി പുഴയ്ക്ക് കുറുകേ കടന്നുപോകുന്ന ഹൈടെന്‍ഷന്‍ ലൈനിനു മുകളിലേക്ക് ഒരു മരം വീണിരിക്കുന്നു. ലൈന്‍ പുഴയിലേക്ക് താഴ്ന്ന് അപകടകരമായ അവസ്ഥയിലാണ്. അത് ഓഫ് ചെയ്യുകയെന്ന പ്രാഥമിക കാര്യം ആദ്യംതന്നെ ചെയ്തു. പക്ഷേ കൂടുതല്‍ വലിയ പ്രശ്‌നം അതിനുശേഷമായിരുന്നു. 

കൂലംകുത്തിയൊഴുകുന്ന പുഴയില്‍ ജലനിരപ്പ് അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച്‌ മരവും ലൈനും താഴ്ന്നാല്‍ കഷ്ടിച്ച്‌ ഒരു മണിക്കൂറിനകം തൊട്ടടുത്ത ട്രാന്‍സ്‌ഫോര്‍മറുള്‍പ്പെടെ മറിഞ്ഞുവീഴും. 

പിന്നെ ഒരു പ്രദേശമാകെ ദിവസങ്ങളോളം ഇരുട്ടിലാകുന്ന അവസ്ഥയാകും. അതിനുമുമ്ബ് മരക്കൊമ്ബ് അടിയന്തരമായി മുറിച്ചുനീക്കിയേ തീരൂ. എങ്ങനെയെന്ന ചോദ്യത്തിന് കെഎസ്‌ഇബി ജീവനക്കാരുടെ മുന്നില്‍ പ്രസക്തിയുണ്ടായിരുന്നില്ല. കനത്ത മഴയെ അവഗണിച്ച്‌ നേരെ വാഹനമെടുത്ത് 12 കിലോമീറ്റര്‍ അകലെയുള്ള പെരുമ്ബട്ടയിലെത്തി. സ്ഥിതിഗതികള്‍ വിചാരിച്ചതിലും ഗുരുതരമാണെന്ന് പുഴയുടെ കുത്തൊഴുക്കും ലൈനിന്‍റെയും മരത്തിന്‍റെയും കിടപ്പും കണ്ടപ്പോള്‍ മനസിലായി. അടിയന്തര റസ്‌ക്യൂ ഓപ്പറേഷന്‍ ഉടന്‍തന്നെ ആരംഭിച്ചു.

വലിയ കയറില്‍ കല്ലുകെട്ടി എറിഞ്ഞ് പുഴയ്ക്കു നടുവിലെ മറ്റൊരു മരത്തില്‍ പിടിപ്പിച്ച്‌ വടംകെട്ടി. കരാര്‍ ജീവനക്കാരനായ സനല്‍ കോടൂര്‍ കയറില്‍ തൂങ്ങി പുഴയ്ക്കു നടുവിലെ മരത്തിനു മുകളിലെത്തി. ഓവര്‍സിയര്‍ എം.കെ.പ്രദീപ് തൊട്ടുപിന്നാലെ കയറില്‍ തൂങ്ങിയിറങ്ങി സനലിന് കത്തികെട്ടിയ തോട്ടി എത്തിച്ചുകൊടുത്തു. അരമണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവില്‍ സനല്‍ ലൈനിന് മുകളില്‍ വീണ മരക്കൊമ്ബ് മുറിച്ചുമാറ്റി. പിന്നെ വീണ്ടും കയറില്‍ തൂങ്ങി തിരികെയെത്തി. അപ്പോഴും ഇടതടവില്ലാതെ മഴ പെയ്യുകയും തൊട്ടുതാഴെ തേജസ്വിനിപ്പുഴ കൂലംകുത്തിയൊഴുകുകയുമായിരുന്നു. 

പിന്നെ മറ്റിടങ്ങളിലും മരക്കൊമ്ബുകളും ലൈനും പൊട്ടിവീണുണ്ടായ തകരാറുകള്‍ പരിഹരിച്ച്‌ ഏറെ വൈകി നല്ലോംപുഴയിലെ സെക്ഷന്‍ ഓഫീസില്‍  തിരിച്ചെത്തിയപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രാദേശിക ചാനലുകളിലൂടെയും വ്യാപകമായി പ്രചരിച്ചു കഴിഞ്ഞിരുന്നു. 


വൈദ്യുതി മന്ത്രിയുടെ ഓഫീസില്‍ നിന്ന് കെഎസ്‌ഇബി ആസ്ഥാനത്തുനിന്നുമടക്കം അഭിനന്ദന ഫോണ്‍വിളികളെത്തിയപ്പോഴാണ് സനലും പ്രദീപുമടക്കമുള്ളവര്‍ തങ്ങള്‍ ചെയ്ത കാര്യത്തെക്കുറിച്ച്‌ ശരിക്കും ത്രില്ലടിച്ചുപോയത്. 

പത്തുവര്‍ഷമായി നല്ലോംപുഴ സെക്ഷനു കീഴില്‍ കരാര്‍ ജീവനക്കാരനായി ജോലിചെയ്യുകയാണ് ചിറ്റാരിക്കാല്‍ കമ്ബല്ലൂര്‍ സ്വദേശിയായ സനല്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha