കണ്ണൂർ : മഴക്കാലമായതോടെ മോഷ്ടാക്കളുടെ എണ്ണം വർധിച്ചുവെന്ന് പോലീസ് കുറ്റാന്വേഷണ വിഭാഗം. മോഷണം നടന്നില്ലെങ്കിലും മോഷണ ശ്രമം കുറച്ചു ദിവസങ്ങളിൽ പലയിടത്തും നടന്നിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് നിന്ന് മോഷ്ടാക്കൾ എത്തിയേക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗവും പറയുന്നു. വീട്ടുകാരും ജാഗ്രത പുലർത്തണം.
ഒന്നര വർഷത്തിനിടെ ജില്ലയിൽ 493-ലധികം കവർച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ആസൂത്രിതമായി സംഘടിച്ച് നടന്ന കവർച്ചകളും ഉണ്ട്. ഭവന ഭേദനം, കടകൾ, ആരാധനാലയങ്ങൾ എന്നിവ കുത്തി തുറന്ന് മോഷണം എന്നിവയും നടന്നിട്ടുണ്ട്.
തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമങ്ങളിൽ നിന്നുള്ള കവർച്ചക്കാരും മഴക്കാലത്ത് എത്താറുണ്ട്. ചില സംശയങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂരിൽ പോലീസ് അതീവ ജാഗ്രത പുലർത്തുകയാണ്. തിരുട്ട് ഗ്രാമത്തിൽ നിന്നെത്തി നാലോ അഞ്ചോ സംഘമായി തിരിഞ്ഞ് വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ചെന്നിറങ്ങുകയാണ് പതിവ്.
തുടർന്ന് പല വേഷത്തിൽ പല ജോലികളുമായി പ്രത്യക്ഷപ്പെടും. രാത്രിയിൽ ബസ് സ്റ്റാൻഡുകളിലും പരിസരങ്ങളിലെ കട വരാന്തകളിലും കിടന്നുറങ്ങാൻ എത്തുന്ന ഇവർ അവിടെ നിന്ന് ഓപ്പറേഷൻ നിശ്ചയിക്കും. പകൽ കണ്ടുവെച്ച വീടുകളിലാണ് കവർച്ച. കവർച്ച നടത്തിയാൽ രക്ഷപ്പെടേണ്ട വഴികളും മനസ്സിലാക്കിയിരിക്കും.
അർധരാത്രി കഴിഞ്ഞാണ് കവർച്ചക്ക് പുറപ്പെടുക. ആയുധങ്ങളും കരുതും. പരിസരം വീക്ഷിക്കാനും പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കാനും സംഘത്തിലെ ഒരാളെ ചുമതലപ്പെടുത്തും. ശേഷം കവർച്ച നടത്താൻ ഉദ്ദേശിക്കുന്ന വീടിന്റെ അടുക്കള ഭാഗത്തെത്തും. മിക്ക വീടുകളുടെയും ദുർബലമായ വാതിൽ അടുക്കള ഭാഗത്ത് ആയിരിക്കുമെന്ന് അനുഭവമാണ് ഈ ഭാഗത്ത് എത്താൻ പ്രേരിപ്പിക്കുന്നത്.
വാതിലിന്റെ ലോക്ക് ഇളക്കി മാറ്റുകയോ അല്ലെങ്കിൽ മരത്തടിയിൽ തുണി ചുറ്റി വാതിലിൽ ശക്തമായി ഇടിക്കുകയോ ചെയ്യും. കനത്ത മഴ പെയ്യുന്ന ദിവസങ്ങളിൽ ശബ്ദം പുറത്തറിയില്ല. കണ്ണൂരിൽ ദമ്പതിമാരെ കെട്ടിയിട്ട് മർദിച്ച് കവർച്ച ചെയ്തത് ഈ രീതിയിലാണ്. പ്രതിരോധിക്കാൻ ശ്രമിക്കുന്നവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയും ചെയ്യും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു