പനി ബാധിതര്‍ക്ക് മരുന്നുകളുമായി ആശാ വര്‍ക്കര്‍മാര്‍ വീടുകളിലേക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം : പനി ബാധിതര്‍ക്ക് ആദ്യ ഡോസ് മരുന്നു നല്‍കാന്‍ പത്ത് ഇനങ്ങളുള്ള ഡ്രഗ് കിറ്റുമായി ആശാ വര്‍ക്കര്‍മാര്‍ വീടുകളിൽ എത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന കിറ്റില്‍ പാരസെറ്റമോള്‍ ഗുളിക, പാരസെറ്റമോള്‍ സിറപ്പ്, ആല്‍ബെന്‍ഡസോള്‍, അയോണ്‍ ഫോളിക് ആസിഡ് ഗുളിക, ഒ ആര്‍ എസ് പാക്കറ്റ്, പൊവിഡോണ്‍ അയോഡീന്‍ ഓയിന്റ്മെന്റ്, പൊവിഡോണ്‍ അയോഡീന്‍ ലോഷന്‍, ബാന്‍ഡ് എയ്ഡ്, കോട്ടണ്‍ റോള്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ എന്നിവ ഉണ്ടായിരിക്കും. 

അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികള്‍ക്ക് മരുന്നിന്റെ ആദ്യ ഡോസ് നല്‍കിയ ശേഷം തൊട്ടടുത്ത ജനകീയ ആരോഗ്യ കേന്ദ്രത്തിലേക്കോ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കോ റഫര്‍ ചെയ്യണമെന്ന് ആശാ വര്‍ക്കര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണ് ഡ്രഗ് കിറ്റ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. കരുതല്‍ ഡ്രഗ് കിറ്റ് ഉപയോഗിക്കുന്നതിന് ഉള്ള മാര്‍ഗരേഖ പുറത്തിറക്കിയിട്ട് ഉണ്ടെന്നും മന്ത്രി അറിയിച്ചു. 

സംസ്ഥാനത്ത് കനത്ത മഴയുടെ സാഹചര്യത്തല്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായാണ് കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പരിലേക്കും പൊതു ജനങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ പാനലുള്‍പ്പെട്ട ദിശയിലെ നമ്പരിലേക്കും വിളിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംശയ നിവാരണത്തിനായി കണ്‍ട്രോള്‍ റൂമിലെ 9995220557, 9037277026 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്. പകര്‍ച്ചവ്യാധി പ്രതിരോധ ഏകോപനം, ഡേറ്റാ മാനേജ്മെന്റ്, ആശുപത്രി സേവനങ്ങള്‍, മരുന്ന് ലഭ്യത, പ്രോട്ടോകോളുകള്‍, സംശയ നിവാരണം എന്നിവയാണ് കണ്‍ട്രോള്‍ റൂമിലൂടെ നിര്‍വഹിക്കുന്നത്.

പൊതു ജനങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ എല്ലാ സംശയങ്ങളും ഡോക്ടര്‍മാരുടെ പാനലുള്ള ദിശ കോള്‍ സെന്റര്‍ വഴി ചോദിക്കാവുന്നതാണ്. 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്.

ഇ-സഞ്ജീവനി ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. മുന്‍കരുതലുകള്‍, കഴിക്കുന്ന മരുന്നിനെപ്പറ്റിയുള്ള സംശയം, ഏതൊക്കെ ഭക്ഷണം കഴിക്കാം, പരിശോധനാ ഫലത്തെപ്പറ്റിയുള്ള സംശയം, മാനസിക പിന്തുണ, രോഗപ്പകര്‍ച്ച തടയുക തുടങ്ങിയവയെല്ലാം സംസാരിക്കാവുന്നതാണ്. അതുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് ഫോണ്‍ കൈമാറുന്നതാണ്. ദിശയിലെ കൗണ്‍സിലര്‍മാര്‍, ഡോക്ടര്‍മാര്‍, ഇ-സഞ്ജീവനി ഡോക്ടര്‍മാര്‍ എന്നിവരെ കൂടാതെ ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha