ചാത്തമംഗലം മലനിരകള്‍ സഞ്ചാരികളുടെ ഇഷ്ടസങ്കേതം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചെറുപുഴ: മലനിരകള്‍ സമ്മാനിക്കുന്ന പശ്ചിമഘട്ടത്തിന്റെ മനോഹരകാഴ്ചകളിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പാലക്കയംതട്ടിനും വൈതല്‍മലക്കുമൊപ്പം വിനോദസഞ്ചാരികളുടെ ഇഷ്ടസങ്കേതമായി മാറുകയാണ് തിരുമേനിക്കടുത്ത ചാത്തമംഗലം മലനിരകള്‍.



ഇവിടെ വന്നുപോകുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും കണ്ട് നിരവധി പേരാണ് ഓരോ ദിവസവും ഇവിടെ സന്ദര്‍ശകരായെത്തുന്നത്. 

ചെറുപുഴ, ആലക്കോട്, ഉദയഗിരി പഞ്ചായത്തുകള്‍ അതിരിടുന്ന ഈ മലനിരകളില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന മൊട്ടക്കുന്നാണ് തെരുവമല. ചാത്തമംഗലം മലനിരകളിലെ ചുള്ളനാണ് തെരുവമലയെന്നു പറയാം. ചാത്തമംഗലം കുരിശുപള്ളിയുടെ സമീപത്തുനിന്നും ഒരു കിലോമീറ്റര്‍ കയറിയാല്‍ മലയുടെ ഏറ്റവും മുകളിലെത്താം. 

ഇരുനൂറിലധികം ഏക്കര്‍ വിസ്തൃതമായ പുല്‍മേടാണ് തെരുവമല. കുടിയേറ്റ കാലത്ത് മലയടിവാരത്ത് സമൃദ്ധമായ തെരുവപ്പുല്ല് വാറ്റിയെടുത്ത് പുല്‍ത്തൈലം നിര്‍മിക്കുന്നത് പതിവായിരുന്നു. അങ്ങനെയാണ് തെരുവമല എന്ന പേര് വന്നതെന്നു നാട്ടുകാര്‍ പറയുന്നു. മലമുകളില്‍ നിന്നു നോക്കിയാല്‍ വൈതല്‍ മലയും കുടകുമലനിരകളും വ്യക്തമായി കണ്ടാസ്വദിക്കാം. ഉയരത്തില്‍ കേമന്മാരായ തേവര്‍കുന്നും കൊട്ടത്തലച്ചിയും തൊട്ടടുത്തുതന്നെയുണ്ട്. 

സമീപ പ്രദേശങ്ങളായ തിരുമേനി, താബോര്‍, കോറാളി, പ്രാപ്പൊയില്‍, ചെറുപുഴ, ചൂരപ്പടവ്, കാര്‍ത്തികപുരം, പരപ്പ, നെടുവോട്, രയറോം, ആലക്കോട് തുടങ്ങിയ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും കാര്യങ്കോട്, രയറോം പുഴകളും സമ്മാനിക്കുന്ന ദൃശ്യഭംഗി ആസ്വദിക്കേണ്ടതുതന്നെയാണ്. മയില്‍, കേഴമാന്‍, കുരങ്ങുകള്‍ തുടങ്ങിയവയുടെ സാന്നിധ്യവും ഈ പ്രദേശത്തുണ്ട്. മലകയറിയെത്തുന്ന കോടമഞ്ഞിന്റെ തണുപ്പ് തെരുവമലയിലെത്തുന്നവരെ കുളിരണിയിക്കും. 

മഴപെയ്യുമ്ബോള്‍ ഏഴഴകാണ് ചാത്തമംഗലത്തിന്. മലഞ്ചരിവിലെ അതിവിശാലമായ പുല്‍മേടുകള്‍ പച്ചപുതച്ചു നില്‍ക്കുന്നത് തന്നെ കുളിരുപകരുന്ന കാഴ്ചയാണ്. തിരുമേനിയില്‍ നിന്നും ചാത്തമംഗലം വഴിയും ഉദയഗിരി പഞ്ചായത്തിലെ താബോറില്‍ നിന്നും തെരുവമലയുടെ അടിവാരം വരെ വാഹനത്തിലെത്താം. ഇതാണ് കൂടുതല്‍ പേരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. വിശ്രമസങ്കേതങ്ങളൊരുക്കാനും റോഡ് വികസനത്തിനും തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുത്താല്‍ ജില്ലയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമായി ചാത്തമംഗലം മലനിരകളെ മാറ്റാനാകും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha