ചെറുപുഴ: കോഴിച്ചാൽ ഐഎച്ച്ഡിപി കോളനിയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ചു. കർണാടക വനത്തിൽ നിന്നുമാണ് കാട്ടാനയിറങ്ങുന്നത്. മാവില വീട്ടിൽ ശാരദയുടെ കമുകുകളും മറ്റു കൃഷികളും ആന നശിപ്പിച്ചു.
കുറക്കുന്നേൽ കൃഷ്ണന്റെ തെങ്ങിന്റെ തോൽ പൊളിച്ചു തിന്നു. കർണാടക വനത്തിൽ നിന്നും മരം വീണ് വൈദ്യുതി വേലി നശിച്ചിടത്തു കൂടിയാണ് ആന കൃഷിയിടത്തിൽ പ്രവേശിക്കുന്നത്. ഇവിടെ 200 മീറ്റർ ഭാഗത്ത് വൈദ്യുത വേലി ഇല്ല. ഇടക്കോളനി ഭാഗത്തെ ശ്മശാനത്തിലും തറയിൽ തോമസിന്റെ കൃഷിയിടത്തിലും കാട്ടാനയിറങ്ങി നാശം ഉണ്ടാക്കിയിട്ടുണ്ട്.
വൈദ്യുതവേലി നശിച്ച ഭാഗത്ത് വേലി പുന:സ്ഥാപിക്കാൻ കരാർ നൽകിയിട്ട് മാസങ്ങളായിട്ടും നടപടിയില്ല. കമ്പിയും മറ്റു സാമഗ്രികളും കൊണ്ടിട്ടതല്ലാതെ വേലി നന്നാക്കാൻ കരാറുകാരൻ തയാറായിട്ടില്ല.
കരാർ കൊടുത്ത പഞ്ചായത്തധികൃതരും വേലി നിർമിക്കാൻ മുൻകൈയെടുത്തിട്ടില്ല. കഴിഞ്ഞ ഏപ്രിൽ 12ന് വാഴക്കുണ്ടം സ്വദേശിയായ കാട്ടാത്ത് എബിൻ സെബാസ്റ്റ്യനെ (21) തച്ചിലേടത്ത് ഡാർവിന്റെ കൃഷിയിടത്തിൽവച്ച് കാട്ടാന ചവുട്ടിക്കൊന്നിരുന്നു. വേലിയില്ലാത്ത ഈ ഭാഗത്തു കൂടിയാണ് അന്ന് പുഴ കടന്ന് കാട്ടാന എത്തിയത്.
വെള്ളം കുറഞ്ഞാൽ കാര്യങ്കോട് പുഴ കടന്ന് കൃഷിയിടത്തിലേക്ക് കാട്ടാന എത്തും. കേരള വനം വകുപ്പ് നൽകിയ പടക്കം എറിഞ്ഞാണ് കാട്ടാനകളെ തുരത്തുന്നത്. എന്നാൽ ഇതും ഇപ്പോൾ തീർന്നിരിക്കുകയാണ്. നല്ല പടക്കം വാങ്ങി നൽകാൻ പോലും അധികൃതർ തയ്യാറാകുന്നില്ലെന്ന് കോളനിക്കാർ പറയുന്നു.
Advertisements
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു