കണ്ണൂർ : താണയിലെ സിഗ്നൽ വിളക്കുകൾ ഏതാനും മാസത്തിനകം വീണ്ടും തകരാറിലായി. മൂന്നുദിവസം മുൻപാണ് സിഗ്നൽ സംവിധാനത്തിന്റെ പ്രവർത്തനം നിലച്ചത്.
വിളക്കുകൾ തെളിയാത്തതിനാൽ ഡ്രൈവർമാർ ആശയക്കുഴപ്പത്തിലാകുന്നു. അപകടകരമായ വിധത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ട്രാഫിക് പോലീസ് കൈകൊണ്ട് ആംഗ്യംകാണിച്ചാണ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്.
നാലുഭാഗത്തുനിന്നും വാഹനങ്ങൾ വന്നുകൊണ്ടിരിക്കുന്ന തിരക്കുള്ള സ്ഥലമായതിനാൽ പോലീസുകാർക്ക് ഏറെ ബുദ്ധിമുട്ടാണ്.
കെൽട്രോണാണ് സിഗ്നൽസംവിധാനം ഒരുക്കിയത്. അറ്റകുറ്റപ്പണിയും അവരുടെ ചുമതലയാണ്. മുൻപ് ആംബുലൻസ് വാഹനമിടിച്ച് ഇവിടെ സിഗ്നൽസംവിധാനം മുഴുവനായി തകരാറിലായിരുന്നു. ആനയിടുക്കിലേക്ക് പോകുന്ന റോഡിന്റെ ഭാഗത്ത് സ്ഥാപിച്ച സിഗ്നൽ വിളക്കിന്റെ തൂണിൽ ഏതാനും മാസം മുൻപ് ലോറിയിടിച്ച് കേടായിരുന്നു. അപ്പോഴെല്ലാം ഏറെ ദിവസത്തിനുശേഷമാണ് അറ്റകുറ്റപ്പണി നടത്തി ശരിയാക്കിയത്.
കണ്ണൂർ നഗരത്തിലെ പ്രധാന കവലയാണ് താണ. കാലങ്ങളായി സിഗ്നൽ വഴിയാണ് ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നത്. കാൽടെക്സ് ഗാന്ധി സർക്കിളിലാണ് മറ്റൊരു ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർക്കുന്നത്. മേലെചൊവ്വയിൽ സ്ഥാപിച്ചുവെങ്കിലും പ്രവർത്തിക്കുന്നില്ല.
റോഡ് മുറിച്ചുകടക്കാൻ പെടാപ്പാട്
താണ കവലയിൽ റോഡിലെ സീബ്രാലൈനുകളും മാഞ്ഞുപോയനിലയിലാണ്. അതുകൊണ്ട് കുട്ടികളും വയോധികരുമടക്കമുള്ള കാൽനടക്കാർ റോഡ് മുറിച്ചുകടക്കാൻ പാടുപെടുന്നു. ആനയിടുക്ക്, കക്കാട് റോഡരികിലും ദേശീയപാതയിലും വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും ഗതാഗതസ്തംഭനത്തിന് കാരണമാകുന്നു.
ഡിവൈഡറുകളിലെ വൈദ്യുതത്തൂണുകളിൽ രാഷ്ട്രീയപ്പാർട്ടികളുടെയും മറ്റും പോസ്റ്ററുകളും കൊടിതോരണങ്ങളും കെട്ടുന്നതും പതിവാണ്. ഇത് ഡ്രൈവർമാർക്കും റോഡ് മുറിച്ചുകടക്കുന്നവരുടെയും കാഴ്ച മറയ്ക്കുകയും അപകടങ്ങൾക്ക് കാരണവുമാവുകയും ചെയ്യുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു