കനത്ത മഴയെ തുടർന്ന് തളിപ്പറമ്പ് താലൂക്കിലെ വെള്ളാട് കാപ്പിമല വൈതൽക്കുണ്ടിൽ ഉരുൾപൊട്ടി കൃഷിനാശം സംഭവിച്ചു. ആളപായമില്ല. വൈതൽക്കുണ്ടിൽ പറമ്പിൽ ബിനോയുടെ ആൾതാമസം ഇല്ലാത്ത സ്ഥലത്താണ് ഉരുൾപൊട്ടിയത്. 100 മീറ്ററോളം നീളത്തിൽ മണ്ണ് ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ഇവിടെ നാല് കിണറുകൾ നശിച്ചു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മുന്നൂറിലേറെ പേരെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി മാറ്റിപാർപ്പിച്ചു. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് മകളുടെ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനിടെ കോടിയേരി ആച്ചുകുളങ്ങര നീലേശ് നിവാസിൽ പി പി ദിവാകരൻ കുഴഞ്ഞുവീണു മരിച്ചു. പഴശ്ശി റിസർവോയറിന്റെ 16 ഷട്ടറുകളും തുറന്നു. രണ്ട് ഷട്ടറുകൾ പൂർണമായും ബാക്കിയുള്ളവ 35 സെ.മീ വീതവും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുകയാണ്.
മുഴപ്പിലങ്ങാട് ദേശീയപാത നിർമ്മാണ സ്ഥലത്ത് നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് വെള്ളക്കെട്ടുണ്ടായതിനാൽ നൂറിലേറെ പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. എ ഡി എം കെ കെ ദിവാകരൻ സ്ഥലം സന്ദർശിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ ദേശീയപാത അധികൃതർക്ക് നിർദേശം നൽകി. തുടർന്ന് ചാലുകീറി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തി നടക്കുന്നു. മുഴപ്പിലങ്ങാട് ജിഎച്ച്എസ്എസിൽ ദുരിതാശ്വാസ ക്യാമ്പ് സജ്ജമാണ്.
തളിപ്പറമ്പ് താലൂക്കിൽ വെള്ളാട് വില്ലേജിലെ വെട്ടിമാരുതിലെ കളപ്പുരക്കൽ കാന്തമണിയുടെ വീട് ചുഴലി കാറ്റിലും മഴയിലും പൂർണമായി തകർന്നു. ഒമ്പത് വീടുകൾ ഭാഗികമായി തകർന്നു. ആറ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. പരിയാരം പൊയിൽ-കുറ്റ്യേരിക്കടവ് റോഡിന് സമീപം ഇബ്രാഹിം മൗലവിയുടെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു.പയ്യന്നൂർ താലൂക്കിൽ പാണപ്പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ 40 വീടുകളിൽ വെള്ളം കയറി. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് സജ്ജമാണ്. വെള്ളൂർ പാലത്തരയിൽ പുഴ കരകവിഞ്ഞൊഴുകി എട്ട് വീടുകളിൽ വെള്ളം കയറി. താലൂക്കിൽ നാല് വീടുകൾ പൂർണ്ണമായും 73 വീടുകൾ ഭാഗികമായും തകർന്നു. വെള്ളോറ വില്ലേജിലെ കുപ്പാടകത്ത് ജനാർദ്ദനനും കുടുംബവും താമസിക്കുന്ന വീടിനു മുകളിൽ മരം പൊട്ടിവീണ് വീടിന് ഭാഗികമായ നഷ്ടം സംഭവിച്ചു. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് തിമിരി വില്ലേജ് കോട്ടക്കടവിൽ കപ്പുവളപ്പിൽ സദാനന്ദനെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാറ്റി. തിമിരി വില്ലേജ് ഓഫീസ് താൽക്കാലികമായി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് ഇവിടെയുള്ള രേഖകൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പയ്യന്നൂർ താലൂക്കിലെ കണിയേരി കെ പി കൃഷ്ണന്റെ വീടിനു മുകളിൽ കവുങ്ങ് വീണ് 30,000 രൂപയുടെ നാശനഷ്ടമുണ്ടായി.
കണ്ണൂർ താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മൂന്ന് ക്യാമ്പുകളിൽ 179 പേരുണ്ട്. അഴീക്കോട് പാലോട്ട് വയൽ ആർ കെ യു പി സ്‌കൂൾ, അഴീക്കോട് ഓലാടത്താഴെ ഹിദായത്തു സ്വിബിയാൻ ഹയർ സെക്കന്ററി മദ്രസ, ചിറക്കൽ രാജാസ് യു പി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സാഹസികമായായാണ് രക്ഷാപ്രവർത്തനം നടത്തിയത്. താഴെചൊവ്വ പുളുക്ക് പാലത്തിന് സമീപം വെള്ളം കയറിയതോടെ 10 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. വാരം കൊമ്പ്രപീടികക്ക് സമീപത്ത് വെള്ളം കയറി ചുറ്റുമതിൽ തകരുകയും വീടുകൾ തകർച്ച ഭീഷണി നേരിടുകയും ചെയ്യുന്നുണ്ട്.
തലശ്ശേരി താലൂക്കിൽ കോടിയേരി വില്ലേജ് പരിധിയിലെ പെട്ടിപ്പാലം കോളനിയിൽ രൂക്ഷമായ കടൽക്ഷോഭമുണ്ടായി. തലശ്ശേരി നഗരത്തിൽ വെള്ളക്കെട്ടുണ്ടായി. തലശ്ശേരി താലൂക്കിൽ തിരുവങ്ങാട്, കോടിയേരി എന്നീ വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ ദുരിതബാധിതരെ മാറ്റി പാർപ്പിക്കാൻ മുബാറക് സ്‌കൂളിൽ ക്യാമ്പ് തുടങ്ങിയെങ്കിലും വെള്ളം ഇറങ്ങിയതോടെ ആളുകൾ വീട്ടിലേക്ക് മടങ്ങി. ചൊക്ലിയിൽ അഞ്ച് കുടുബങ്ങളിലെ 20 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. ഒരു വീട് പൂർണമായും 17 വീടുകൾ ഭാഗികമായും തകർന്നു. ആറ് കിണറുകൾ താഴ്ന്നു.
ഇരിട്ടി താലൂക്കിൽ ഒരു വീട് ഭാഗികമായി തകർന്നു. ഒരു കിണർ താഴ്ന്നു. ഒരു കുടുംബത്തെ ബന്ധുവീടുകളിലേക്ക് മാറ്റി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു