തുടക്കം പനിയും തലവേ​ദനയും, രോ​ഗനിർണയം വൈകിയാൽ മരണം; എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 
മെനിഞ്ചോ എൻസെഫലൈറ്റിസ് ( Amebic Meningoencephalitis) അഥവാ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ആലപ്പുഴയിൽ പതിനഞ്ചുകാരൻ മരിച്ച വാർത്ത ഇന്നു രാവിലെ(വെള്ളിയാഴ്ച്ച) പുറത്തുവന്നിരുന്നു. പാണാവള്ളിയിൽനിന്നുള്ള അനിൽ കുമാറിന്റെയും ശാലിനിയുടെയും മകനായ ​ഗുരുദത്ത് ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബ്രെയിൻ ഈറ്റർ എന്നറിയപ്പെടുന്ന നേഗ്ലെറിയ ഫൗലേറി ( Naegleria fowleri ) വിഭാ​ഗത്തിൽ പെടുന്ന അമീബ തലച്ചോറിൽ എത്തുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. അമീബിക് മസ്തിഷ്ക ജ്വരം എന്താണെന്നും അവ മരണകാരിയാകുന്നത് എങ്ങനെയാണെന്നും പരിശോധിക്കാം.

രോഗകാരിയായ അമീബ എങ്ങനെ ശരീരത്തിലെത്തുന്നു?​

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ, മൂക്കിനുള്ളിലേക്ക് വെള്ളം ആക്കുകയോ ഒക്കെ ചെയ്യുന്നതിലൂടെയാണ് ഈ അമീബ തലച്ചോറിലെത്തുന്നത്. രോ​ഗകാരിയായ അമീബ ഉള്ള മലിനജലം മൂക്കിനുള്ളിലേക്ക് കടക്കുന്നതു വഴി മാത്രമാണ് രോ​ഗബാധയുണ്ടാകുന്നത്. ഇത്തരം അമീബ ഉള്ള വെള്ളം കുടിക്കുന്നത് പ്രശ്നകരമല്ല എന്നു മാത്രമല്ല, ഇത് മനുഷ്യനിൽനിന്ന് മനുഷ്യരിലേക്ക് പകരുന്നവയുമല്ല. സാധാരണ ഇത്തരം അമീബകൾ ചൂടുള്ള കാലാവസ്ഥയിലാണ് കാണപ്പെടാറുള്ളത്. തണുപ്പുകാലത്ത് അവ പ്രകടമായതിനു പിന്നിലെ കാരണം കണ്ടെത്തുന്നതിനായി വിദ​ഗ്ധ പരിശോധന നടത്തേണ്ടിവരും.

സാധാരണയായി അമീബ കൊണ്ട് ഉണ്ടാകുന്ന രോ​ഗങ്ങൾ വയറിളക്കമോ കരളിന് പഴുപ്പോ ഒക്കെയാണ്. അണുബാധയുള്ള ഭക്ഷണങ്ങൾ ശരീരത്തിൽ എത്തുക വഴിയാണ് ഈ രോ​ഗങ്ങൾ ബാധിക്കുക. എന്നാൽ ഇവിടെ തലച്ചോറിലെ നീർക്കെട്ടിനു കാരണമാകുന്ന അമീബ ശരീരത്തിലെത്തുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്.

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം ?

അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്തിഷ്കത്തിലെ കോശങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുകയും നീർക്കെട്ട് വരികയുമാണ് ചെയ്യുന്നത്. ഇത് ഗുരുതരമാകുകയും ഒടുവിൽ മസ്തിഷ്ക മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്. ജപ്പാൻ ജ്വരം, നിപ്പ പോലുള്ള രോഗങ്ങള്‍ പിന്നീട് മസ്തിഷ്ക ജ്വരമാകുന്നവയാണ്. അത്തരത്തിൽ അമീബ മൂലം മസ്തിഷ്കജ്വരം വരുന്ന അവസ്ഥയാണിത്. വളരെ അപൂർവമായി മാത്രമേ അമീബ മനുഷ്യരിൽ രോ​ഗം ഉണ്ടാക്കാറുള്ളു. പല തരം അമീബകൾ രോ​ഗകാരികൾ ആവാമെങ്കിലും നേഗ്ലെറിയ ഫൗലേറി പോലുള്ളവയാണ് മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്നത്.

ലക്ഷണങ്ങളും രോ​ഗനിർണയവും

രണ്ടു ഘട്ടങ്ങളായാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടമാവുക. ആദ്യഘട്ടത്തിൽ പനി,തലവേദന, ഛർദി മുതലായവയാണ് കാണിക്കുക. പക്ഷേ പല പനിക്കും ഈ രോ​ഗലക്ഷണങ്ങൾ കാണുന്നതുകൊണ്ടുതന്നെ ആരും വിദ​ഗ്ധ പരിശോധനയ്ക്ക് വിധേയമാക്കില്ല. രണ്ടാംഘട്ടത്തിലേക്ക് പോകുമ്പോൾ അണുബാധ തലച്ചോറിനെ കൂടുതലായി ബാധിക്കുകയും അപസ്മാരം, ഓർമ നഷ്ടമാകൽ തുടങ്ങിയവ ഉണ്ടാവുകയും ചെയ്യും. ഈ ഘട്ടത്തിൽ മാത്രമാണ് തലച്ചോറിനെ അണുബാധ ബാധിച്ചതായി സംശയിക്കുകയും തുടർ പരിശോധനയിലൂടെ രോ​ഗനിർണയം നടത്തുകയും ചെയ്യുക.

നിപ്പ, വെസ്റ്റ്നൈൽ തുടങ്ങിയവയൊക്കെ പി.സി.ആർ. ടെസ്റ്റും മറ്റും ചെയ്തതിനുശേഷമാണ് രോ​ഗനിർണയം നടത്താനാവുക. എന്നാൽ, ഇവിടെ മൈക്രോസ്കോപ്പിക് പരിശോധനയിലൂടെ തന്നെ അമീബയുടെ സാന്നിധ്യം വ്യക്തമാകും. അതായത് അമീബയിൽ നിന്നുള്ള അണുബാധ സംശയിക്കുന്നയുടൻ തന്നെ നട്ടെല്ലിൽ നിന്ന് നീരുകുത്തിയെടുത്ത് പരിശോധിക്കണം. അത് പലപ്പോഴും നടക്കുന്നത് വളരെ വൈകിയതിനു ശേഷമായിരിക്കും എന്നതാണ് പ്രധാന പ്രശ്നം.

പ്രധാന വെല്ലുവിളികൾ

അണുബാധയേറ്റാൽ മരണസാധ്യത കൂടുതലാണ് എന്നതാണ് പ്രധാന വെല്ലുവിളി. ആ​ഗോളതലത്തിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകൾ പരിശോധിച്ചാൽ നൂറുശതമാനത്തിന് അടുത്താണ് മരണനിരക്ക്. അതായത് വെറും നാലോ അഞ്ചോ കുട്ടികൾ മാത്രമായിരിക്കും രോ​ഗത്തെ അതിജീവിച്ചിട്ടുണ്ടാവുക. അതിന് പ്രധാനമായും രണ്ട് കാരണങ്ങൾ ആണുള്ളത്. അതിലൊന്ന് രോ​ഗം വഷളാകുന്ന ഘട്ടത്തിലേക്ക് പോകുന്നതിന് മുമ്പേ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടാകും എന്നതാണ്. മറ്റൊന്ന് ഫം​ഗസ്-ബാക്റ്റീരിയൽ ട്രീറ്റ്മെന്റിന് കൊടുക്കുന്ന കോമ്പിനേഷൻ മരുന്നുകൾ തുടക്കത്തിൽ തന്നെ കൊടുക്കാനാവുന്നു എന്നതാണ്.

രോ​ഗം സ്ഥിരീകരിച്ചാൽ തന്നെ അതിനുതകുന്ന മരുന്ന് നല്‍കാന്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്. പക്ഷേ പലപ്പോഴും രോ​ഗനിർണയം വൈകുന്നതും സാധാരണമല്ലാത്ത രോ​ഗമായതിനാൽ കൊടുക്കേണ്ട മരുന്നുകളെക്കുറിച്ചുള്ള ആശയക്കുഴപ്പവും മരുന്നുകളുടെ ലഭ്യതയില്ലായ്മയുമൊക്കെ അപകടസാധ്യത വർധിപ്പിക്കും.

പലപ്പോഴും വൈറൽ പനിയാണ് എന്നു കരുതി സ്വയംചികിത്സ നടത്തി അപസ്മാരമൊക്കെ ആയതിനുശേഷമാകും ഡോക്ടർമാരുടെ അടുക്കലെത്തുക. അപ്പോഴേക്കും സമയം ഏറെ വൈകിയിട്ടുമുണ്ടാകും.

പ്രതിരോധം എപ്രകാരം?

കെട്ടിക്കിടക്കുന്ന വെള്ളം, വൃത്തിയില്ലാത്ത വെള്ളം, മൂക്കിലൂടെയും മറ്റും വെള്ളമൊഴിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇത്തരം അമീബ ശരീരത്തിലെത്തുക. അതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക, രോ​ഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശത്ത് കൂടുതൽ നിരീക്ഷണം നടത്തുക എന്നിവ പാലിക്കേണ്ടത് പ്രധാനമാണ്

നേരത്തേ റിപ്പോർട്ട് ചെയ്തത് അഞ്ചുപേർക്ക്

ഇതിന് മുമ്പ് സംസ്ഥാനത്ത് 5 പേര്‍ക്കാണ് ഈ രോഗം ബാധിച്ചത്. 2016-ല്‍ ആലപ്പുഴ ജില്ലയില്‍ തിരുമല വാര്‍ഡില്‍ ഒരു കുട്ടിയ്ക്ക് ഇതേ രോഗം മൂലം ബാധിച്ചിരുന്നു. 2019-ലും 2020-ലും മലപ്പുറത്തും 2020-ല്‍ കോഴിക്കോടും 2022-ല്‍ തൃശൂരിലും ഈരോഗം ബാധിച്ചിരുന്നു.

ഇരുപത്തിയൊമ്പതാം തീയതിയാണ് ആലപ്പുഴയിൽ മരണപ്പെട്ട ​ഗുരുദത്തിന് പനി ആരംഭിച്ചത്. തുടർന്ന് തലവേദന, കാഴ്ച്ചമങ്ങൽ, തുടങ്ങിയവയൊക്കെ കണ്ടതോടെ ഒന്നാം തീയതിയാണ് തുറവൂർ താലൂക്ക് ആശുപത്രിയിൽ‌ പ്രവേശിപ്പിക്കുന്നത്. പരസ്പരബന്ധമില്ലാത്ത പെരുമാറ്റവും മറ്റ് അസ്വസ്ഥതകളും പ്രകടിപ്പിച്ചതോടെ മസ്തിഷ്കജ്വരം ആണെന്ന് സംശയിക്കുകയും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. രോഗം ബാധിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha