മാഹി മലയാള കലാഗ്രാമം സ്ഥാപകന്‍ എ.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ചെന്നൈ: മാഹി മലയാള കലാഗ്രാമം സ്ഥാപകനും വ്യവസായിയുമായിരുന്ന എ.പി. കുഞ്ഞിക്കണ്ണൻ (94) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടോടെ ചെന്നൈയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. 

ഗാന്ധിയനും സോഷ്യലിസ്റ്റുമായിരുന്ന എ.പി.കുഞ്ഞിക്കണ്ണൻ കണ്ണൂർ ചൊക്ലി മേനപ്ര ആക്കൂൽ വീട്ടിൽ പരേതരായ കൃഷ്ണന്റെയും ചിരുതയുടെയും മകനായി 1928 ഡിസംബർ ഒമ്പതിനാണ് ജനിച്ചത്. ദരിദ്രമായ ചുറ്റുപാടിൽ നിന്ന് പതിനെട്ടാം വയസിൽ തൊഴിൽ തേടി മദിരാശിയിലേക്ക് വണ്ടികയറി. സെൻട്രൽ സ്റ്റേഷനടുത്ത ഹോട്ടലിലെ ജീവനക്കാരനായി തുടക്കം. എം.പി. ദാമോദരനെ പരിചയപ്പെട്ടത് ജീവിതത്തിൽ വഴിത്തിരിവായി. പുസ്തകങ്ങളുമായി കൂട്ടുകൂടിയതോടെ വായന ലഹരിയായി. മദ്രാസ് ഹാർബർ, റെയ്സ്കോഴ്സ്, ആർമി ക്യാമ്പ് എന്നിവിടങ്ങളിൽ കാന്റീൻ ആരംഭിച്ച് പതുക്കെ വ്യാപാരമേഖലയിലേക്കു ചുവടുവെച്ചു. പിന്നീട് വെസ്റ്റേൺ ഏജൻസീസ് എന്ന സ്ഥാപനം ആരംഭിച്ചു. 

എ.പിയുടെ മദ്രാസിലെ കാശ്മീർ ലോഡ്ജ് മലയാളികളായ എഴുത്തുകാരുടെയും രാഷ്ട്രീയ നേതാക്കളുടെയും താവളമായിരുന്നു. എം.ഗോവിന്ദനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കെ.എ.കൊടുങ്ങല്ലൂർ, എം.വി.ദേവൻ, ടി.പദ്മനാഭൻ തുടങ്ങി കലയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലും സൗഹൃദങ്ങളുടെ വലിയ നിര അദ്ദേഹത്തിനുണ്ടായിരുന്നു. സ്വന്തം നാട്ടിൽ ഒരു കലാസ്ഥാപനമെന്ന അദ്ദേഹത്തിൻറെ സ്വപ്നമാണ് മാഹിയിൽ മയ്യഴിപ്പുഴയുടെ തീരത്ത് മലയാള കലാഗ്രാമം യാഥാർഥ്യമാക്കിയത്. ക്ലാസിക് കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എ.പി.കുഞ്ഞിക്കണ്ണൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 1993-ലാണ് മലയാള കലാഗ്രാമം തുറന്നത്. മുപ്പത് വർഷത്തിനിടെ ഇവിടെ നിന്ന് നൂറുകണക്കിന് വിദ്യാർഥികൾ നൃത്തത്തിലും ചിത്രമെഴുത്തിലും സംഗീതത്തിലുമെല്ലാം പ്രാവീണ്യം നേടി. 

കള്ളിമുൾ ചെടികൾ നിറഞ്ഞ തരിശ് നിലമായിരുന്ന ചെന്നൈ നഗരത്തിനടുത്ത ഊത്തുകോട്ടയിലെ കൊടുംചൂടുള്ള പ്രദേശത്ത് മാവുകൾ നട്ടുപിടിപ്പിച്ച് ഹരിതസമൃദ്ധമാക്കി പരിസ്ഥിതി സ്നേഹി എന്ന നിലയിലും തന്റെ പേര് തമിഴ്നാട്ടിൽ അടയാളപ്പെടുത്തി. ചെന്നൈയിലെ കലാ സാംസ്കാരിക രംഗത്തും സക്രിയമായ നിശബ്ദസാന്നിധ്യമായിരുന്ന എ.പി. കുഞ്ഞിക്കണ്ണൻ അവിവാഹിതനായിരുന്നു. 

എ.പി. കുഞ്ഞിക്കണ്ണന്റെ ഭൗതികശരീരം തിങ്കളാഴ്ച രാവിലെ 11 മണി വരെ ചെന്നൈയിൽ കോടമ്പാക്കത്ത് അശോക് അവന്യുവിൽ 19|10 നമ്പർ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് റോഡ് മാർഗ്ഗം തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ തറവാട്ട് വീടിലേക്ക് കൊണ്ടുപോകും. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ന് ചൊക്ലിയിലെ ആക്കൂൽ വീട്ടുവളപ്പിൽ. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha