ഉദയഗിരി: കാട്ടാനശല്യം രൂക്ഷമായ ഉദയഗിരി പഞ്ചായത്തിന്റെ വനാതിർത്തി പ്രദേശങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ ഉദയഗിരി പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. കേരള, കർണാടക വനാതിർത്തി പ്രദേശങ്ങളോട് ചേർന്നു കിടക്കുന്നതാണ് ഉദയഗിരി പഞ്ചായത്തിലെ ജയഗിരി, മണ്ണാത്തിക്കുണ്ട്, മാന്പൊയിൽ, അപ്പർ ചീക്കാട്, ലോവർ ചീക്കാട് മേഖല. 13 കിലോമീറ്റർ വരുന്ന വനാതിർത്തിയിൽ 10 കിലോമീറ്റർ ഫെൻസിംഗ് നിലവിൽ ഉണ്ട്.
യഥാസമയം അറ്റകുറ്റപണികൾ നടത്താതെ ബാറ്ററിയും സിസ്റ്റവും തകരാറിലായിട്ട് നിരവധി മാസങ്ങളായി.അതുകൊണ്ട് തന്നെ ഈ പ്രദേശത്ത് കാട്ടാന, കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ് എന്നിവയുടെ ശല്യം അതിരൂക്ഷമാണ്. ജനവാസ മേഖലയിൽ കുട്ടിയാന അടക്കമുള്ള കാട്ടാനക്കൂട്ടം ഇറങ്ങി നിരവധി തവണ വീട്ടുമുറ്റം വരെ എത്തികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജൂൺ 25 മുതൽ ഈ പ്രദേശത്ത് കാട്ടാനകളുടെ വിളയാട്ടം തുടരുകയാണ്.
വനാതിർത്തി പ്രദേശങ്ങളിലുള്ള ജോസഫ് വട്ടമല, ബെന്നി കാഞ്ഞിരത്തിങ്കൽ, ബ്രിജേഷ്, പി.സി.ജോർജ്, ജോസഫ് പാലയ്ക്കൽ, ജോർജ് മനയാനി, സണ്ണി കരയാറ്റ്, ജോളി കരയാറ്റ്, ജോയി നെടുമ്പതാലിൽ, ബിനോ മുളങ്ങാശേരി തുടങ്ങിയവരുടെ 34 തെങ്ങ്, നൂറു കണക്കിന് കവുങ്ങ്, ഏഴായിരത്തോളം വാഴ എന്നിവ വ്യാപകമായി നശിപ്പിച്ചു.
തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും കണ്ണൂർ ഡിഎഫ്ഒ അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തുള്ള യോഗം പല പ്രാവശ്യം ചേർന്ന് ബാറ്ററിയും സിസ്റ്റവും മാറ്റിവയ്ക്കുന്നതിനും ഫെൻസിംഗിന് സമീപത്തെ കാട് തെളിക്കുക എന്നീ കാര്യങ്ങൾ ചെയ്യുന്നതിന് തീരുമാനിച്ചെങ്കിലും ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് കാര്യങ്ങൾ വൈകുകയായിരുന്നു.
ആനശല്യം രൂക്ഷമായതിനാൽ ഉദയഗിരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തരമായി ഫെൻസിംഗ് പ്രവർത്തിപ്പിക്കാനുള്ള ബാറ്ററി സിസ്റ്റം സ്ഥാപിച്ചു. കൂടാതെ, ഫെൻസിംഗിന് അറ്റകുറ്റ പണികൾ നടത്തുക, ഫെൻസിംഗ് പരിസരത്തെ കാട് തെളിക്കാൻ നടപടി സ്വീകരിക്കുക, അത്യാവശ്യഘട്ടങ്ങളിൽ അറ്റകുറ്റപണികൾക്കുള്ള ഫണ്ട്, കർഷകർക്ക് നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.
കർഷകസംഘം ജില്ലാ സെക്രട്ടറി എം.പ്രകാശൻ, പുല്ലായിക്കൊടി ചന്ദ്രൻ, കർഷകസംഘം ജില്ലാ കമ്മറ്റി അംഗം പി.വി.ബാബുരാജ്, ഏരിയ പ്രസിഡന്റ് എൻ.എം.രാജു, പി.രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ് ബിന്ദു ഷാജു ,കെ.എസ്.അബിഷ, ഷീജ വിനോദ്, ഇ.വി. ജോയി തുടങ്ങിയവർ കാട്ടാനകൂട്ടം കയറി നാശനഷ്ടം വരുത്തിയ സ്ഥലങ്ങൾ സന്ദർശിച്ചു.
Advertisement
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു