കച്ചേരിക്കടവ്: അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയം, കച്ചേരിക്കടവ് ഭാഗങ്ങളിൽ കൃഷിയിടങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കർണാടക വനത്തിൽ നിന്ന് ആനയിറങ്ങി കൃഷി നശിപ്പിക്കുന്നത് ഇവിടങ്ങളിൽ വ്യാപകമാണ്.
ചാക്കോ നെല്ലിയാനി, ജയ്സൺ ചക്കാംകുന്നേൽ എന്നിവർ പാട്ടത്തിന് എടുത്ത കൃഷി ചെയ്ത മൂന്നേക്കർ സ്ഥലത്തെ 750 നേന്ത്രവാഴയിൽ 150 ഓളം വാഴകൾ ഞായറാഴ്ച രാത്രി ആന നശിപ്പിച്ചു.
ലോണെടുത്തും കടം വാങ്ങിയും കൃഷി ഇറക്കി വിളവെടുപ്പിന് പാകമായ നേന്ത്രവാഴക്കുലകളാണ് ആന നശിപ്പിച്ചത്. അവശേഷിക്കുന്ന നേന്ത്രവാഴകൾ ആനയിൽനിന്ന് എങ്ങനെ സംരക്ഷിക്കും എന്ന ചിന്തയിലാണ് ഇരുവരും.
ഫ്രാൻസിസ് ഇല്ലിക്കുന്നേൽ ,ജോജോ കൊല്ലംപറമ്പിൽ, സിജു കൊച്ചുപുര, ബിജോയ് തുടങ്ങിയ കർഷകരുടെ വാഴ, തെങ്ങ്, കമുക്, കശുമാവ് എന്നിവയും ആന നശിപ്പിച്ചു. ജനവാസ മേഖലയിൽ പലരുടെയും വീട്ടുമുറ്റത്ത് വരെ ആന എത്തിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട സർക്കാർ സംവിധാനങ്ങൾ വന്യമൃഗങ്ങൾക്കൊപ്പമാണെന്ന് കർഷകർ കുറ്റപ്പെടുത്തി. കർണാടക വനത്തിൽനിന്ന് പുഴ കടന്നെത്തിയ കാട്ടാനയാണ് കച്ചേരിക്കടവ് മുടിക്കയം ഭാഗത്തെ കൃഷിയിടങ്ങളിൽ വ്യാപക നാശം വിതച്ചത്.
കച്ചേരിക്കടവ് മുതൽ പാലത്തിൻകടവ് വരെയുള്ള ഭാഗങ്ങളിൽ വൈദ്യുത വേലികൾ ഇല്ലാത്തതാണ് കർണാടക വനത്തിൽ നിന്ന് പുഴ കടന്നെത്തുന്ന ആനകൾ യഥേഷ്ടം കൃഷിയിടങ്ങൾ പ്രവേശിച്ച് നാശനഷ്ടങ്ങൾ വരുത്തുന്നതിന് കാരണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു