കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നു.‘വർക് ഇൻ ഹെൽത്ത് ജർമനി' എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി ജർമൻ ഗവൺമെന്റ് ഓർഗനൈസേഷൻ–ഡി.ഇ.എഫ്.എ നേരിട്ടാണ് ഇന്റർവ്യൂ നടത്തുന്നതെന്ന് ഒഡെപെക് ചെയർമാൻ കെ.പി. അനിൽകുമാർ, ഡി.ഇ..എഫ്.എ എക്‌സിക്യൂട്ടീവ് ഡയറക്ടർ തോർസെൻ കെയ്‌ഫെർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2024 വരെ എല്ലാ മാസവും കേരളത്തിന്റെ വിവിധസ്ഥലങ്ങളിൽ ഇന്റർവ്യൂ ഉണ്ടാകും. നഴ്‌സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. ഇംഗ്ലീഷിൽ നല്ല ആശയവിനിമയ വൈദഗ്ധ്യം വേണം. പ്രവൃത്തിപരിചയം നിർബന്ധമല്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒഡെപെക് സൗജന്യമായി ജർമൻ ഭാഷാ പരിശീലനം നൽകും. കൂടാതെ നിബന്ധനകൾക്ക് വിധേയമായി 10,000 രൂപവരെ മാസം സ്‌റ്റൈപെൻഡും നൽകും.
ആദ്യതവണ ബിടു ലെവൽ പരീക്ഷ വിജയിക്കുന്നവർക്ക് 400 യൂറോ പാരിതോഷികമായി ലഭിക്കും. കൂടാതെ ജർമൻ ഭാഷ പരീക്ഷ, അറ്റസ്‌റ്റേഷൻ, വിസ, എയർ ടിക്കറ്റ് തുടങ്ങി എല്ലാ സേവനങ്ങളും സൗജന്യമായിരിക്കും.
പദ്ധതിയുടെ അടുത്ത ബാച്ചിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചതായും കെ പി അനിൽകുമാർ വ്യക്തമാക്കി. വിദ്യാർഥികൾക്കായി സ്റ്റഡി എബ്രോഡ് എന്ന പുതിയ പദ്ധതികൂടി ഒഡെപെക് ആവിഷ്‌കരിച്ചിട്ടുണ്ടെന്നും പറഞ്ഞു. വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. ഫോൺ: 0471 2329440.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു