ആലുവ: ആലുവയിൽ തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി പെൺകുട്ടിയെ പ്രതി മറ്റൊരാൾക്ക് കൈമാറിയെന്ന് മൊഴി. സുഹൃത്തിന്‍റെ സഹായത്തോടെ മറ്റൊരാൾക്ക് കൈമാറി പണം വാങ്ങിയെന്ന് പ്രതി അസം സ്വദേശിയായ അഫ്സാഖ് ആലം മൊഴി നൽകിയെന്നാണ് വിവരം. കുട്ടിയെ തട്ടിക്കൊണ്ടുപോയ അഫ്സാഖ് ആലത്തിനെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാണ്.
സക്കീർ ഹുസൈൻ എന്നയാൾക്കാണ് കുട്ടിയെ കൈമാറിയതെന്നാണ് പ്രതി നൽകിയ മൊഴി. സുഹൃത്തായ തൊഴിലാളിയാണ് ഇടനിലക്കാരനായത്. സക്കീർ ഹുസൈനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ആലുവ ചൂർണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളായ ചാന്ദ്‌നിയെയാണ് ഇന്നലെ കാണാതായത്. തായിക്കാട്ടുകര യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.
കുട്ടിയെ കാണാതായ സമയം മാതാപിതാക്കൾ സ്ഥലത്തുണ്ടായിരുന്നില്ല. കുട്ടികൾ മാത്രമുള്ളപ്പോൾ വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. വൈകിട്ട് അഞ്ചരക്കാണ് കുട്ടിയെ കാണുന്നില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.
പ്രതി അഫ്സാഖ് ആലം കുട്ടിയെയും കൂട്ടി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാൾ രണ്ട് ദിവസം മുൻപാണ് ജോലി അന്വേഷിച്ച് ഇവിടെ എത്തിയത്. ഇയാളെ കുറിച്ച് ആർക്കും കൂടുതൽ വിവരമുണ്ടായിരുന്നില്ല.
പിതാവ് ആലുവ ഭാഗത്ത് ട്രസ് വർക്ക് ചെയ്യുന്നയാളാണ്. അമ്മ വീട്ടുജോലിക്കാരിയാണ്. നാലു മക്കളിൽ രണ്ടാമത്തെ കുട്ടിയാണ്. കുട്ടികൾ കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടിയുടെ കൈയ്യിൽ പിടിച്ച് കൊണ്ടു പോയത്.
തായിക്കാട്ടുകര റെയിൽവേ ഗേറ്റിന് സമീപത്തെ കോഴിക്കടയിൽ രണ്ട് ദിവസം മുമ്പ് പണിയന്വേഷിച്ചെത്തിയതാണ് അഫ്സാഖ് ആലം. ഇവിടത്തെ മറ്റൊരു അസം സ്വദേശിയുമായി ഇയാൾക്ക് പരിചയമുണ്ടായിരുന്നു. ഇതേതുടർന്ന് കോഴിക്കട ഉടമ കടയുടെ മുകളിൽ താമസിക്കാൻ സൗകര്യം നൽകി. സമീപം മുക്കത്ത് പ്ലാസയിൽ താമസിക്കുന്നതാണ് ബീഹാറി കുടുംബം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു