മഴക്കാലമാണ്, ഇഴജന്തുക്കള്‍ ധാരാളമായി കാണുന്ന സമയം. മഴ കൂടുതല്‍ ശക്തിപ്പെട്ട് കഴിഞ്ഞാല്‍ മാളങ്ങള്‍ ഇല്ലാതാവുകയും പിന്നീട് പാമ്പുകള്‍ പുറത്തേക്കിറങ്ങുന്നതും പതിവ് കാഴ്ചയാണ്. മഴക്കാലത്ത് വീടിനും പരിസരത്തിനും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. മുറ്റത്ത് വെള്ളം കെട്ടിക്കിടക്കുന്നതും ചപ്പുചവറുകള്‍ നീക്കാതിരിക്കുന്നതുമൊക്കെ പാമ്പുകളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ചെറിയൊരു അശ്രദ്ധ കൊണ്ട് ജീവന്‍ വരെ അപകടത്തിലായേക്കാം. പാമ്പിനെ പേടിക്കാതെ മഴക്കാലം കഴിയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
വീടും പരിസരവും ശ്രദ്ധിക്കുക
പാമ്പുകള്‍ക്ക് അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ. പൊത്തുകള്‍, മാളങ്ങള്‍ എന്നിവ വീട്ട് പരിസരത്ത് ഉണ്ടായാല്‍ അവ അടയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കരിയില കൂടിക്കിടക്കുന്നതും തടിക്കഷ്ണം, ഓല, ഓട്, കല്ല് എന്നവ അടുക്കിവച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ പതിവ് വാസകേന്ദ്രങ്ങളാണ്. ഇവിടങ്ങളില്‍ പാമ്പിനെ പെട്ടെന്ന് കണ്ടെത്താന്‍ കഴിയില്ലെന്നത് അപകടസാധ്യത കൂട്ടുന്നു. അടുക്കള, ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. വീടിനുള്ളിലേക്കുള്ള ഓവുചാലുകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിശോധിക്കുകയും വേണം. ഇവ കൃത്യമായി അടച്ചുവയ്ക്കാനും ശ്രദ്ധിക്കുക.
ഷൂ ഇടുമ്പോള്‍ പ്രത്യേകം കരുതല്‍
പലരും ഓഫിസിലേക്കും സ്‌കൂളിലേക്കുമൊക്കെ പോകാനുള്ള തിരക്കില്‍ ഷൂ ഒന്ന് കുടഞ്ഞ് ഇടാന്‍ പോലും മടികാണിക്കുന്നവരാണ്. എന്നാല്‍ മഴക്കാലത്ത് ചൂട് തേടിയെത്തുന്ന പാമ്പുകളില്‍ പലതും ഷൂവിനുള്ളിലാണ് ഇടം തേടുന്നത്. ഷൂ കൈ കൊണ്ട് എടുക്കുന്നതിന് മുമ്പ് അവയുടെ അകം പരിശോധിച്ച് ശേഷം നന്നായി കുടഞ്ഞുമാത്രം ഇടാന്‍ ശീലിക്കുക.
കോഴിക്കൂടും വളര്‍ത്തു മൃഗങ്ങളും
വീട്ടില്‍ കോഴിക്കൂടോ വളര്‍ത്തുമൃഗങ്ങളോ ഉണ്ടെങ്കില്‍ അധിക ശ്രദ്ധ വേണം. കോഴിക്കൂട്ടില്‍ പാമ്പ് വരുന്നതൊരു സ്ഥിരം സംഭവമാണ്. വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന പാത്രത്തില്‍ മിച്ചമുള്ളത് കഴിക്കാന്‍ എലികള്‍ വരുമ്പോള്‍ ഇവയെ ലക്ഷ്യംവെച്ചും പാമ്പ് എത്തിയേക്കാം.
വാഹനങ്ങള്‍ എടുക്കും മുമ്പ്
പാമ്പുകള്‍ പതിയിരിക്കുന്ന സ്ഥലങ്ങളില്‍ മറ്റൊന്ന് വാഹനങ്ങളാണ്. സ്‌കൂട്ടറിലും കാറിലുമൊക്കെ കയറിയിരിക്കുന്ന പാമ്പുകളെ പലപ്പോഴും ആദ്യ കാഴ്ചയില്‍ കാണണമെന്നില്ല. തണുത്ത അന്തരീക്ഷത്തില്‍ ഇരിക്കുന്ന വാഹനം ധൃതിയില്‍ എടുത്ത് പായുംമുമ്പ് നന്നായി പരിശോധിച്ചതിന് ശേഷം മാത്രം കയറിയിരിക്കാം.
തഴച്ച് വളരുന്ന ചെടികള്‍
നീളത്തിൽ തഴച്ചു വളരുന്ന ചെടികൾ മുറിച്ച് മാറ്റുക, ചില ചെടികള്‍ പാമ്പിന് പതുങ്ങിയിരിക്കാന്‍ സൗകര്യമൊരുക്കുന്നതാണ്. പൊന്തക്കാടുകളും പുല്ലും വീട്ട് മുറത്തും അടുക്കള തോട്ടത്തിലും തഴച്ച് വളരാന്‍ അവസരമൊരുക്കരുത്. യഥാസമയം വെട്ടിയൊതുക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
ചവിട്ടി കുടയാന്‍ മറക്കരുത്
വീട്ടില്‍ ഇടുന്ന ചവിട്ടിയും ശ്രദ്ധിക്കാതെ പോകരുത്. ഇതിനടിയില്‍ പാമ്പ് ചുരുണ്ടുകിടക്കുന്ന സംഭവങ്ങള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാകാം. അതുകൊണ്ട് എന്നും ശ്രദ്ധയോടെ ചവിട്ടി കുടഞ്ഞിടണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു