കണ്ണൂർ : ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രതാ നടപടി കർശനമാക്കി ആരോഗ്യ വകുപ്പ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ജില്ലയിൽ 13 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. ഡെങ്കിപ്പനി ബാധിച്ച് ശനിയാഴ്‌ച ആലക്കോട് സ്വദേശിനി മരിച്ച സാഹചര്യത്തിൽ രോഗം തടയാൻ വീടുകളിലും പൊതുയിടങ്ങളിലും ഉറവിട നശീകരണ പ്രവർത്തനം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.
കരുവഞ്ചാൽ കോട്ടക്കടവ് വില്ലയ്‌ക്ക് സമീപത്തെ അഞ്ജു (36) ആണ് ശനിയാഴ്‌ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. പനി ബാധിച്ച് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയെങ്കിലും രോഗം സ്ഥിരീകരിച്ചതോടെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറി. പനി തലച്ചോറിനെ ബാധിച്ചതാണ് മരണ കാരണമെന്നാണ് വിലയിരുത്തൽ.
ഈ വർഷം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്ന ഡെങ്കി മരണമാണിത്. ഈ വർഷം 75 ഡെങ്കി കേസുകളാണ് സ്ഥിരീകരിച്ചത്. അതിൽ 30 എണ്ണം ഈ മാസം റിപ്പോർട്ട് ചെയ്‌തതാണ്. ഈ വർഷം ഡെങ്കിയെന്ന് സംശയിക്കുന്ന 359 കേസുകൾ റിപ്പോർട്ട് ചെയ്‌തു. അതിൽ 119 കേസുകൾ ഈ മാസം റിപ്പോർട്ട് ചെയ്‌തതാണ്.
ജില്ലയിൽ കഴിഞ്ഞയാഴ്‌ച ആരോഗ്യ വകുപ്പ് കണ്ടെത്തിയ ഹോട്ട് സ്‌പോട്ടുകൾ ഈ ആഴ്‌ചയും അതേപടി തുടരുന്നുണ്ട്. പാനൂർ, തലശേരി നഗരസഭകളും ഇരിവേരി, മുഴക്കുന്ന്, ചിറ്റാരിപ്പറമ്പ്, കുന്നോത്തുപറമ്പ്, പരിയാരം, ചെറുപുഴ, കേളകം, ആറളം, നടുവിൽ, ധർമടം, വേങ്ങാട് എന്നീ പഞ്ചായത്തുകളും ഹോട്‌സ്‌പോട്ടുകളാണ്.
ഈ പ്രദേശങ്ങളിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. ഫോഗിങ് ഉൾപ്പെടെയുള്ള കൊതുക് നശീകരണ പ്രവർത്തനങ്ങളും നടക്കുന്നു. ഡെങ്കി പ്രതിരോധത്തിനായി പ്രത്യേകം സ്‌ക്വാഡുകൾ തിരിച്ചാണ് ആരോഗ്യ വകുപ്പ് മുന്നോട്ടു പോകുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു