സ്വപ്നങ്ങൾക്ക് ചിറകുനൽകി കല്യാശ്ശേരി സിവിൽ സർവീസ് അക്കാദമി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : മലബാറിന്റെ പ്രൊഫഷനൽ സ്വപ്നങ്ങൾക്ക് കൂടുതൽ കരുത്തേകി കല്യാശ്ശേരി സിവിൽ സർവീസ് അക്കാദമി. പ്രിലിംസ് കം മെയിൻസ് റെഗുലർ കോഴ്‌സിന് പുറമെ പ്രൊഫഷണലുകൾക്കും കോളേജ് വിദ്യാർഥികൾക്കും അവധിദിന പരിശീലനത്തിനും അവസരമൊരുക്കുകയാണിവിടെ. ആധുനിക സൗകര്യങ്ങളുള്ള വെർച്വൽ ക്ലാസ് മുറിയാണ് അക്കാദമിയുടെ പ്രത്യേകത. വിദ്യാർഥികൾക്ക് ദൂരസ്ഥലങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുമായി സംവദിക്കാൻ ഇതു വഴി സാധിക്കും. വിശാലമായ സെമിനാർ ഹാൾ, വായനാമൂല, ഇരുപതോളം കമ്പ്യൂട്ടർ സിസ്റ്റങ്ങൾ ഉള്ള ഡിജിറ്റൽ ലൈബ്രറി തുടങ്ങിയവ വിദ്യാർഥികൾക്ക് അറിവ് ശേഖരണത്തിന്റെ അനന്ത സാധ്യതകളാണ് തുറക്കുന്നത്.

വിവിധ ജില്ലകളിൽ നിന്നായി 120 പേരാണ് ഇവിടെ നിന്നും പ്രതിവർഷം സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി പരിശീലനം നേടുന്നത്. ഇതിൽ 64 സീറ്റുകളുള്ള ഈ വർഷത്തെ റെഗുലർ ക്ലാസുകൾ ജൂൺ മാസം ആരംഭിച്ചു. 60 പേർ നിലവിൽ ഈ ബാച്ചിൽ പ്രവേശനം നേടി. തൽസമയ പ്രവേശനം ഇപ്പോഴും തുടരുന്നു. ഒരു വർഷത്തെ പ്രിലിംസ് കം മെയിൻസ് പരീക്ഷാ പരിശീലനമാണ് അവധി ദിനങ്ങളിൽ നൽകുന്നത്. പൊതു അവധി ദിനങ്ങളിലും രണ്ടാം ശനി, ഞായർ ദിവസങ്ങളിലുമാണ് ക്ലാസുകൾ നടക്കുക. ഇതോടെ സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്ക് തൊഴിൽ മേഖലയിൽ നിന്നുകൊണ്ടു തന്നെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താനുള്ള വഴി തുറക്കും. 

റെഗുലർ കോഴ്സ്, ജോലിക്കാർക്കും കോളേജ് വിദ്യാർഥികൾക്കും അവധി ദിനങ്ങളിൽ നൽകുന്ന ഒരു വർഷത്തെ കോഴ്സ്, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായുള്ള ടാലന്റ് ഡവലപ്മെന്റ് കോഴ്സ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് എന്നിവക്കുള്ള ഈ വർഷത്തെ പ്രവേശനവും നടക്കുന്നു. പ്രവേശന സംബന്ധമായ വിവരങ്ങൾ http://www.kscsa.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ജില്ലാ പഞ്ചായത്തിന്റെ കീഴിൽ കല്യാശ്ശേരിയിൽ പ്രവർത്തിച്ചുപോന്ന എക്സലന്റ് സെന്റർ 2017 -ൽ അന്നത്തെ എംഎൽഎ ആയിരുന്ന ടി.വി. രാജേഷിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് കേരള സർക്കാർ സിവിൽ സർവീസ് അക്കാദമി സ്ഥാപിക്കുകയായിരുന്നു. . ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷനാണ് അക്കാദമിയുടെ നടത്തിപ്പ്. തുടക്കത്തിൽ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർഥികൾക്കായുള്ള ടാലന്റ് ഡവലപ്മെന്റ് കോഴ്സും, സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സുമാണ് ഇവിടെ നൽകിയിരുന്നത്. 2019 ലാണ് പ്രിലിംസ് കം മെയിൻസ് റെഗുലർ ക്ലാസ് ആരംഭിച്ചത്. പ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. 51 ശതമാനം സീറ്റുകൾ എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം വിവിധ സ്‌കോളർഷിപ്പുകളും നൽകുന്നു.

സംസ്ഥാനത്തെ സിവിൽ സർവീസ് അക്കാദമികളിൽ 100 വിദ്യാർഥികൾക്ക് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പും നൽകുന്നു. വിദ്യാർഥികൾക്ക് മെന്റർമാരുടെ സേവനവും ലഭിക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി 33 പരീക്ഷകൾ നടത്തി വിദ്യാർഥികളെ നിരന്തരം മൂല്യനിർണയത്തിന് വിധേയമാക്കുന്നുണ്ട്. മൂന്നുപേരാണ് സ്ഥിരം അധ്യാപകരായി ഇവിടെ ഉള്ളത്. ഇതിന് പുറമെ സിവിൽ സർവീസ് പരീക്ഷ എഴുതുകയും ഈ മേഖലയിൽ പ്രാവീണ്യം തെളിയിക്കുകയും ചെയ്തിട്ടുള്ള പ്രഗൽഭരാണ് അധ്യാപകരായി എത്തുന്നത്. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ പരിശീലനകേന്ദ്രത്തിൽ നേരിട്ടെത്തി ക്ലാസുകൾ നൽകുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ് ) പരിശീലനവും ഇവിടെ നടക്കുന്നു. ചെറിയ കാലയളവിനുള്ളിൽ നിരവധി നേട്ടങ്ങളും അക്കാദമിയെ തേടിയെത്തി. 

2019ലെ കെ.എ.എസ് പ്രാഥമിക പരീക്ഷ, പി.എസ്.സി പരീക്ഷകൾ, വിവിധ മത്സര പരീക്ഷകൾ എന്നിവയിലും നിരവധി വിദ്യാർഥികൾക്ക് വിജയം കൈവരിക്കാൻ സാധിച്ചു. ആധുനിക സജ്ജീകരണങ്ങൾ ഒരുക്കി കേരളത്തിലെ തന്നെ മികച്ച പരിശീലന കേന്ദ്രമാകുകയാണ് കല്യാശ്ശേരി സിവിൽ സർവീസ് അക്കാദമി. കുറഞ്ഞ ചെലവിൽ മികച്ച പരിശീലനം നേടി വിജയം കൈവരിക്കാൻ സിവിൽ സർവീസ് അക്കാദമി വിദ്യാർഥികളെ പ്രാപ്തരാക്കുന്നുവെന്നും പ്രൊഫഷണലുകൾക്കടക്കം പരിശീലനം നൽകുന്നതോടെ കൂടുതൽ പേർക്ക് സിവിൽ സർവീസ് സാധ്യതകൾ തുറക്കുകയാണെന്നും കല്ല്യാശ്ശേരി പരിശീലന കേന്ദ്രം കോർഡിനേറ്റർ കെ. ശിവകുമാർ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha