കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് നിരന്തരം ബോധവത്കരണം നടത്തിയിട്ടും ഇരയാകുന്നവർ പെരുകുന്നു. കുറച്ച് മാസങ്ങളായി പണം നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ്. പണം നഷ്ടപ്പെട്ടെന്ന് തിരിച്ചറിയുമ്പോൾ ആത്മഹത്യ ചെയ്യുന്നവരാണ് അധികവും. കഴിഞ്ഞ മാസം 16 ന് കണ്ണൂരിൽ യുവതി ആത്മഹത്യ ചെയ്തത് ഇത്തരം തട്ടിപ്പിന് ഇരയായിട്ടാണ്. മൂന്ന് ദിവസം കൊണ്ട് യുവതിക്ക് നഷ്ടമായത് എട്ട് ലക്ഷം രൂപയാണ്.
തൊഴിൽ വാഗ്ദാനം ചെയ്തും ലിങ്കുകൾ വഴിയും മെസേജ് വഴിയും പണം തട്ടുന്ന രീതിയാണ് ഇപ്പോൾ കൂടുതലായും നടക്കുന്നത്.
ഓൺലൈൻ പാർട് ടൈം ജോബ്
വാട്സ് ആപ്പിൽ ഓൺലൈൻ പാർട്ട് ടൈം ജോബ് വാഗ്ദാനം ചെയ്ത് പണം തട്ടുന്നതാണ് പുതിയ രീതി. വാട്സ് ആപ്പിൽ ജോബുമായി ബന്ധപ്പെട്ട സന്ദേശം അയക്കും. ഇതിൽ മറുപടി അയയ്ക്കുന്ന നിമിഷം കുറച്ച് യൂട്യൂബ് ലിങ്കുകൾ അയയ്ക്കുകയും ചെയ്യും. ഈ വീഡിയോ കണ്ട് ലൈക്ക് ചെയ്ത് സ്ക്രീൻ ഷോട്ട് അയച്ചാൽ നിങ്ങൾക്ക് 50 രൂപ നൽകുമെന്ന് പറയും. ഒന്നും ചെയ്യാതെ പണം ലഭിക്കുമല്ലോയെന്ന് വിചരിച്ച് അവർ പറഞ്ഞത് പോലെ ചെയ്യും. പണം അയച്ച് നൽകുകയും കുറച്ച് ലിങ്കുകൾ കൂടി അയച്ച് നൽകി വിശ്വാസം പിടിച്ചു പറ്റും.
പിന്നീട് അത് ഒരു ടാസ്ക് രീതിയിലാക്കി അഞ്ചോ ആറോ ചാനലുകള്‍ ലൈക്ക് ചെയ്യുമ്പോള്‍ 800 രൂപ വരെ ലഭിക്കും.
പിന്നീട് നിങ്ങള്‍ പ്രീമിയം കാറ്റഗറിയില്‍ എത്തിയെന്ന് പറഞ്ഞ് ഒരു ടെലഗ്രാം ലിങ്ക് അയച്ചുതരും. അതില്‍ നിങ്ങളെ ആഡ് ചെയ്യും. ശേഷം പതിനായിരം രൂപ ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിച്ചാല്‍ 20,000 രൂപ വരെയാക്കി തിരിച്ചുതരുമെന്ന് പറയും.
നിക്ഷേപിക്കുന്ന ഈ തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുകയും ചെയ്യുകയും. പിന്നീട് അമ്പതിനായിരം, ഒരു ലക്ഷം എന്നിങ്ങനെ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ പറയും. ശേഷം നിങ്ങളുടെ അക്കൗണ്ടില്‍ ഇത്ര രൂപ ക്രെഡിറ്റായി എന്നുപറഞ്ഞു ഫെയ്ക്ക് മെസേജ് ഉണ്ടാക്കി അയയ്ക്കും.
എന്നാല്‍, ആ തുക പിന്‍വലിക്കാന്‍ സാധിക്കില്ല. നിങ്ങളെ അടുത്ത കാറ്റഗറിയില്‍ ആഡ് ആക്കിയിരിക്കുന്നു എന്ന് പറഞ്ഞ് ഒരു മൂന്നുലക്ഷം നിക്ഷേപിച്ച ശേഷം ആ തുക എടുക്കാമെന്ന് പറയും. വലിയ തുക പിന്‍വലിക്കാമെന്ന പ്രതീക്ഷയില്‍ എങ്ങനെയെങ്കിലും തുക അയച്ച് നൽകും. വീണ്ടും പല കാരണങ്ങള്‍ പറഞ്ഞു പണം അടപ്പിച്ചുകൊണ്ടേയിരിക്കും. തട്ടിപ്പിന് ഇരയായി എന്ന് അറിയുമ്പോഴേക്ക് പണം മഴുവന്‍ നഷ്ടമായിരിക്കും. ഈ തട്ടിപ്പിലൂടെ 25 ലക്ഷം രൂപ വരെ നഷ്ടമായവരുണ്ട്.
ഒഎല്‍എക്സ് ആര്‍മി തട്ടിപ്പ്
ഒഎൽഎക്സിൽ സ്ഥലം വിൽക്കാനും സാധനങ്ങൾ വാങ്ങാനുമുണ്ടെന്ന് പറഞ്ഞാണ് അടുത്ത തട്ടിപ്പ്. ആര്‍മി ഉദ്യോഗസ്ഥന് എന്ന പേരില്‍ വീട്, ഫര്‍ണിച്ചര്‍ എന്നിവയുടെ വാങ്ങലും, വിൽക്കലും അടുത്ത തട്ടിപ്പ്. വാടക ഉറപ്പിച്ച് തുക അഡ്വാന്‍സായി നല്‍കാമെന്ന് പറയുകയും ഗൂഗിൾ പേ വഴി പണം നൽകാൻ റിക്വസ്റ്റ് അയയ്ക്കുകയും ചെയ്യും. ഈ റിക്വസ്റ്റ് നമ്മുടെ ഫോണിൽ ഓപ്പൺ ചെയ്യുന്നതോടെ അവർ ആവശ്യപ്പെട്ട തുക അക്കൗണ്ടിൽ നിന്ന് നഷ്ടമാകും. ഇത്തരത്തിൽ എട്ടുലക്ഷം വരെ നഷ്ടമായവരുണ്ട്. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു.
വാട്സ് ആപ്പിൽ "ഹായ് ''
വാട്സ് ആപ് വഴി സുന്ദരിയായ പെൺകുട്ടിയുടെ ഹായ് വരുന്നു. സുന്ദരിയുടെ പ്രൊഫൈൽ പിക്ചർ കണ്ട പലരും ഇതിന് മറുപടിയായി ഒരു ഹായ് അയയ്ക്കുന്നു. ഈ മറുപടി എത്തികഴിഞ്ഞ ഉടനെ ഒരു വീഡിയോ കോൾ വരും. പൂർണ നഗ്നയായ ഒരു യുവതിയായിരിക്കും വീഡിയോ കോളിൽ ഉണ്ടാകുക. യുവാവിനോടും നഗ്നനാകാൻ ആവശ്യപ്പെടും.
സ്ക്രീൻ റെക്കോർഡർ ഓൺ ആക്കി വീഡിയോ ആക്കിയ ശേഷം യുവതി ഫോൺ കട്ട് ചെയ്യുകയും പിന്നീട് ഭീഷണിപ്പെടുത്തിയും മറ്റും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നു. നാണക്കേട് ഭയന്ന് കടം വാങ്ങിയും മറ്റും ആവശ്യപ്പെടുന്ന പണം യുവാക്കൾ നൽകും. സംസ്ഥാനത്ത് ഇത്തരം തട്ടിപ്പുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഗൂഗിള്‍ കസ്റ്റമര്‍കെയര്‍ നമ്പര്‍ തട്ടിപ്പ്
ഗൂഗിളില്‍ സര്‍വീസ് നമ്പറുകള്‍ തിരുത്തുകയും ഒറിജിനലിനെ വെല്ലുന്ന വെബ്സൈറ്റുകൾ ഉണ്ടാക്കുകയും ചെയ്യും. സെര്‍ച്ച് എന്ജിന് ഒപ്റ്റിമൈസേഷന്‍ സാധ്യത പ്രയോജനപ്പെടുത്തി ഗൂഗിളില്‍ ഫോണ്‍ നമ്പറുകള്‍ തിരയുമ്പോള്‍ ഇവരുടെ നമ്പര്‍ ആദ്യം വരുന്ന രീതിയിലാക്കും. ഇത് യഥാർഥ വെബ്സൈറ്റും നമ്പറുമാണെന്ന് കരുതി പലരും തങ്ങളുടെ ആവശ്യങ്ങള്‍ ചെയ്യുന്നു. പണം നഷ്ടമാകുന്നു. ഇത്തരത്തില്‍ പത്തുലക്ഷം രൂപ വരെ പലര്‍ക്കും നഷ്ടമായിട്ടുണ്ട്.
റോഷിതയുടെ മരണം: ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടെന്ന് എസിപി❗️
കണ്ണൂർ: പയ്യാമ്പലം ബേബി ബീച്ചിൽ യുവതി കടലിൽ ചാടി ആത്മഹത്യ ചെയ്യാനിടയായത് ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടെന്ന് കണ്ണൂർ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ടി.കെ. രത്നകുമാർ. പള്ളിക്കുന്ന് മുത്തപ്പൻ കാവിന് സമീപത്തെ പ്രമിത്തിന്റെ ഭാര്യ വി.കെ. റോഷിത (32) യാണ് കഴിഞ്ഞ മാസം 16ന് മരിച്ചത്. ജ്വല്ലറിയിൽ ജോലി ചെയ്തിരുന്ന റോഷിത ഫോണിൽ വന്ന ഒരു മെസേജ് വഴിയാണ് തട്ടിപ്പിന് ഇരയായത്. യൂട്യൂബ് ലിങ്ക് അയച്ച് തരാമെന്നും അത് ലൈക്ക് ചെയ്താൽ 150 രൂപ ലഭിക്കുമെന്നുമാണ് ആദ്യം റോഷിതയുടെ ഫോണിലേക്ക് വന്ന മെസേജ്.
150 രൂപ ലഭിക്കുമല്ലോയെന്ന് കരുതി യുവതി ലിങ്കിൽ കയറി ലൈക്ക് ചെയ്തു. തുടർന്ന് വലിയ തുക ലഭിക്കാൻ പണം ആവശ്യപ്പെടുകയും റോഷിത അത് അയച്ച് നൽകുകയും ചെയ്തു. മൂന്ന് ദിവസം കൊണ്ട് റോഷിതയ്ക്ക് എട്ട് ലക്ഷത്തോളം രൂപ നഷ്ടമായെന്നും ഇതിൽ മനം നൊന്താണ് റോഷിത ജീവനൊടുക്കിയതെന്നും എസിപി പറഞ്ഞു.
കണ്ണൂർ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിന് ഇരയായി മരിക്കുന്ന ആദ്യയാളാണ് റോഷിത. ദിനംപ്രതി സൈബർ സ്റ്റേഷനിൽ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനഞ്ചോളം പരാതികൾ വരുന്നുണ്ടെന്ന് സൈബർ പോലീസ് ഇൻസ്പെക്ടർ സനൽകുമാർ പറഞ്ഞു.
വിളിക്കൂ... 1930
പണം നഷ്ടപ്പെട്ടാൽ പലരും ബാങ്കുകളെയാണ് ആശ്രയിക്കുക. എന്നാൽ അങ്ങനെ ചെയ്യാൻ പാടില്ലെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. പണം നഷ്ടപ്പെട്ട ഉടനെ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന്റെ ഹെല്പ് ലൈന്‍ നമ്പറായ 1930ലേക്ക് വിളിച്ച് കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാം. അതിലൂടെ നിങ്ങളുടെ പരാതി രജിസ്റ്റര്‍ ചെയ്യപ്പെടും.
പരാതികള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. രാജ്യത്തെ എവിടെ താമസിക്കുന്ന ആളുകള്‍ക്കും സൈബര്‍ കുറ്റകൃത്യത്തിന് ഇരയായല്‍ 1930ല്‍ വിളിച്ച് പരാതി നല്‍കാം. പരാതിയിലെ വിവരങ്ങള്‍ അനുസരിച്ച് നടപടിയുണ്ടാകും. www.cybercrime.org എന്ന് വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
Advertisements
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു