ചിറ്റാരിപ്പറമ്പ് : കേരളത്തെ നടുക്കിയ കണ്ണവം സ്കൂൾ ദുരന്തം നടന്നിട്ട് ഇന്ന് 54 വർഷം. കണ്ണവത്ത് കണ്ണവം യു.പി സ്കൂളിനായി നിർമിച്ച കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ 14 കുരുന്നു ജീവനുകളാണ് പൊലിഞ്ഞത്. ഓല ഷെഡിൽ നിന്ന് ഓട് പാകിയ പുതിയ ക്ലാസ് റൂമിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു 160 കുട്ടികൾ. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ വാർത്ത പത്രത്തിൽ വായിച്ചതിന്റെ ആഹ്ലാദം പങ്കിട്ട് കൊണ്ടിരിക്കെയാണ് കനത്ത മഴയ്ക്കൊപ്പം എത്തിയ ചുഴലിക്കാറ്റ് നിമിഷ നേരം കൊണ്ട് എല്ലാം തകർത്തെറിഞ്ഞത്. പുതുതായി നിർമിച്ച നാല് ക്ലാസ് റൂം അടങ്ങിയ കെട്ടിടം പൂർണമായും നിലംപൊത്തി. കുട്ടികൾ ചെങ്കല്ലും മൺകട്ടയും മരത്തടികളും ഓടും അടങ്ങിയ കൂമ്പാരത്തിനടിയിലായി. 1969 ജൂലൈ 22ന് മൂന്നോടെയാണ് ദുരന്തമുണ്ടായത്. മുഴുവൻ കുട്ടികൾക്കും സാരമായി പരുക്കേറ്റു. അന്നത്തെ പ്യൂൺ കെ.പി. രാഘവൻ നിലവിളിച്ച് കണ്ണവം ബസാറിലെത്തി അറിയിച്ചപ്പോഴാണ് ദുരന്തം പുറംലോകം അറിയുന്നത്.
അക്കാലത്ത് കണ്ണവം ഉൾപ്പെടുന്ന വനമേഖലയിലെ ഏക വിദ്യാലയമായിരുന്നു കണ്ണവം യുപി.സ്കൂൾ. ആദിവാസി വിഭാഗത്തിൽനിന്നുൾപ്പെടെയുള്ള കുട്ടികളുടെ പ്രധാന പഠനകേന്ദ്രവും ഈ സ്കൂളായിരുന്നു. മഴക്കാലമായാൽ ആശങ്കയോടെയാണ് കുട്ടികൾ സ്കൂളിൽ എത്തിക്കൊണ്ടിരുന്നത്. പുതിയ കെട്ടിടമായതിനാൽ മുഴുവൻ കുട്ടികളും അന്ന് എത്തിയെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ ഇന്നും ഓർക്കുന്നു. ഇന്നത്തെ കമ്മിറ്റിയംഗങ്ങളായ എ.ടി.അലി ഹാജി, സി.കെ.യൂസഫ് ഹാജി എന്നിവർ ഉൾപ്പെടെയുള്ള നിരവധി വിദ്യാർഥികൾ ഒന്നര മാസത്തോളമാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞത്. മാരകമായി പരിക്കേറ്റ പലരും വർഷങ്ങളോളം കിടപ്പിലായിരുന്നു.
അപകടം നടക്കുമ്പോൾ പ്രധാനാധ്യാപകനായിരുന്ന സി.ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യയായിരുന്നു സ്കൂൾ മാനേജർ. പിന്നീട് കണ്ണവം അൻവറുൾ ഇസ്‌ലാം മദ്രസ്സ കമ്മിറ്റി സ്കൂൾ ഏറ്റെടുത്തു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സ്കൂൾ ദുരന്തങ്ങളിലൊന്നായാണ് കണ്ണവം സ്കൂൾ ദുരന്തം ഇന്നും അറിയപ്പെടുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലയിൽ പല പരിഷ്കാരങ്ങളും പിന്നീടുണ്ടായി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു