നടുവിൽ: മലയോര മേഖലയിലെ പ്രധാന സഹകരണ ബാങ്കായ നടുവിൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് 30ന് നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പതിറ്റാണ്ടുകളായി യുഡിഎഫ് ആണ് നടുവിൽ ബാങ്ക് ഭരണം നടത്തുന്നത്.
എന്നാൽ ഇത്തവണ യുഡിഎഫിൽ ഇതുവരെ സീറ്റ് ധാരണ ആയിട്ടില്ല. ഇന്നാണ് നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. നാളെ സൂക്ഷ്മ പരിശോധന നടക്കും.
പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം 15 ആണ്. നിലവിലുള്ള ഭരണസമിതിയിൽ കോൺഗ്രസ് ഒൻപത്, മുസ്ലിം ലീഗ് മൂന്ന്, കേരള കോൺഗ്രസ്-എം ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
കേരള കോൺഗ്രസ്-എം എൽഡിഎഫിലേക്ക് മാറിയ സാഹചര്യത്തിൽ ഈ സീറ്റ് കൂടി വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞതവണയും ലീഗ് ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം സജീവ് ജോസഫ് എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കാൾ സീറ്റ് വിഷയത്തിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.
കോൺഗ്രസിൽ നേരത്തെ എ ഗ്രൂപ്പിന് ഏഴ് സീറ്റും ഐ ഗ്രൂപ്പിന് രണ്ടു സീറ്റുമാണ് ഉണ്ടായിരുന്നത്. എന്നാൽ മാറിയ സാഹചര്യത്തിൽ സജീവ് ജോസഫ് വിഭാഗം നാല് സീറ്റ് ആവശ്യപ്പെടുന്നുണ്ട്.
മലയോര മേഖലയിലെ പ്രധാനപ്പെട്ട രണ്ട് എ വിഭാഗം നേതാക്കൾ സജീവ് ജോസഫ് വിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ എ ഗ്രൂപ്പിൽ നിന്നും ഐ ഗ്രൂപ്പിൽ നിന്നും സജീവ് ജോസഫിന്റെ വിഭാഗത്തിൽ നിന്നും ലീഗിൽ നിന്നുമായി ഭരണസമിതിയിലെ 13 സീറ്റുകളിലേക്കും നാമനിർദേശ പത്രിക സമർപ്പിക്കാനാണ് സാധ്യത.
തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് തന്നെ നൽകാനാണ് ഡിസിസി തീരുമാനമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ ആലക്കോട് ബ്ലോക്ക് കോൺഗ്രസ് മുൻപ്രസിഡന്റായ ദേവസ്യ പാലപ്പുറമായിരിക്കും പ്രസിഡന്റാകുക.
എൽഡിഎഫും തെരഞ്ഞെടുപ്പിൽ സജീവമായി രംഗത്തെത്തിയിട്ടുണ്ട്. നടുവിൽ ബാങ്കുമായി ബന്ധപ്പെട്ട ഉണ്ടായ വിവാദങ്ങൾ തുണയാകുമെന്ന് പ്രതീക്ഷയിലാണ് എൽഡിഎഫ്. സഹകരണ മുന്നണിയായിട്ടാണ് എൽഡിഎഫ് മത്സരിക്കുന്നത്. സിപിഎം ഏഴ് സീറ്റിലും കേരള കോൺഗ്രസ്-എം അഞ്ചു സീറ്റിലും സിപിഐ ഒരു സീറ്റിലുമാണ് പത്രിക സമർപ്പിക്കുക.
15 നുള്ളിൽ യുഡിഎഫിൽ എന്തായാലും ധാരണ ഉണ്ടാകും എന്നാണ് കോൺഗ്രസ്-ലീഗ് നേതൃത്വം പറയുന്നത്. എഗ്രൂപ്പിന് അഞ്ചും ബേബി ഓടമ്പള്ളി നേതൃത്വം നൽകുന്ന ഐ ഗ്രൂപ്പിന് മൂന്നും സജീവ് ജോസഫ് വിഭാഗത്തിന് രണ്ടും സീറ്റുകൾ ലഭിക്കാനാണ് സാധ്യത.
Advertisement
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു